ADVERTISEMENT

മഞ്ചേരി (മലപ്പുറം) ∙ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ 5 പേരുടെ ആത്മഹത്യാഭീഷണി, അതു നയിച്ചത് ഒന്നരവർഷം ആരുമറിയാതെപോയൊരു കൊലപാതകത്തെക്കുറിച്ചുള്ള സൂചനകളിലേക്ക്. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിൽ 3 പ്രതികൾ കുറ്റക്കാരാണെന്ന വിധി വരുമ്പോൾ അതിനു വഴിവച്ച വെളിപ്പെടുത്തലിനെക്കുറിച്ചാണ് ആദ്യം പറയേണ്ടത്. 2022 ഏപ്രിൽ 28ന് ആണ്, കേസിൽ പിന്നീടു മാപ്പുസാക്ഷിയായ നൗഷാദ് അടക്കമുള്ളവർ ആത്മഹത്യാഭീഷണി മുഴക്കിയത്. പല കുറ്റകൃത്യങ്ങളിലും തങ്ങളെ പങ്കാളികളാക്കിയ ഷൈബിൻ തങ്ങളെ വകവരുത്താൻ ശ്രമിക്കുന്നെന്നു പറഞ്ഞായിരുന്നു ആത്മഹത്യാഭീഷണി.

ഇതോടൊപ്പമാണ് ഷൈബിൻ മുൻപു നടത്തിയ  തങ്ങളടക്കം പങ്കാളികളായ കുറ്റകൃത്യങ്ങളെക്കുറിച്ചും പറഞ്ഞത്. ഈ വെളിപ്പെടുത്തലുകൾ മനോരമ ന്യൂസ് ടിവി ചാനലാണു പുറത്തുവിട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ പ്രതികൾ പിടിയിലാവുകയും ചെയ്തു. ഒന്നാം പ്രതി ഷൈബിൻ അഷ്റഫിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞു. ഷിഹാബുദ്ദീൻ, നിഷാദ് എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തി.

കേരള പൊലീസിന്റെ വിജയം. വലിയ സന്തോഷം. തെളിവുകളുടെ വലിയ കുറവുണ്ടായിരുന്നു. എങ്കിലും ടീമിന്റെ കഠിനാധ്വാനമാണ് വിജയത്തിലേക്ക് നയിച്ചത്. ഷാബാ ഷരീഫിന്റെ കുടുംബവും വലിയ രീതിയിൽ സഹകരിച്ചു. 

15 പ്രതികളുണ്ടായിരുന്ന കേസിൽ ഏഴാം പ്രതി തങ്ങളകത്ത് നൗഷാദിനെ പിന്നീടു മാപ്പുസാക്ഷിയാക്കി. 15–ാം പ്രതി ഷമീം ഒളിവിലാണ്. 14–ാം പ്രതി ഒളിവിലിരിക്കേ ഗോവയിൽവച്ച് വൃക്കരോഗത്തെത്തുടർന്ന് മരിച്ചു. ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), റിട്ട. എസ്ഐ ബത്തേരി കൊളേരി ശിവഗംഗ വീട്ടിൽ എസ്.സുന്ദരൻ (63) എന്നിവരും വിട്ടയച്ച പ്രതികളിൽ ഉൾപ്പെടുന്നു. ഉയർന്ന സാമ്പത്തിക സ്ഥിതിയിലായിരുന്ന ഷൈബിൻ കഞ്ചാവ് കേസിലുൾപ്പെട്ട് വിദേശത്തുനിന്ന് പുറത്താക്കപ്പെട്ടതോടെ നാട്ടിൽ ഒരു ആശുപത്രി സ്ഥാപിക്കാനും അതിൽ മൂലക്കുരു പാരമ്പര്യ ചികിത്സ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ചികിത്സയുടെ ഔഷധക്കൂട്ട് സ്വന്തമാക്കാൻ ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുവന്നു തടവിലിട്ടത്.

വളരെ സന്തോഷം. തുടക്കത്തിൽ വലിയ വെല്ലുവിളികളുണ്ടായിരുന്നു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്. 

എന്നാൽ അതു വെളിപ്പെടുത്താൻ ഷാബാ ഷരീഫ് തയാറാകാതെ വന്നതോടെയാണ് മർദനവും തുടർന്ന് കൊലപാതവുമുണ്ടായതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. മൃതദേഹം ലഭിക്കാതെ വിചാരണ നടത്തി പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തുന്നത് അപൂർവമാണെന്നു പ്രോസിക്യൂഷൻ പറഞ്ഞു. ഷൈബിന്റെ കാറിൽനിന്നു കിട്ടിയ ഷാബാ ഷരീഫിന്റെ മുടിയുടെ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ പരിശോധനയാണ് കേസിന്റെ പ്രധാന തെളിവായത്.

2023 ഫെബ്രുവരിയിലാണു  വിചാരണ തുടങ്ങിയത്. ഒരു വർഷംകൊണ്ടു പൂർത്തിയാക്കി. 80 സാക്ഷികൾ, 56 തൊണ്ടിമുതലുകൾ, 275 രേഖകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം.കൃഷ്ണൻ നമ്പൂതിരി, എൻ.ഡി.രജീഷ്, ഇ.എം.നിവേദ് എന്നിവർ ഹാജരായി. അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, ഇൻസ്പെക്ടർ പി.വിഷ്ണു എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.

കേരള പൊലീസിനും മലപ്പുറം പൊലീസിനും അഭിമാന നിമിഷം. ഇതൊരു ലാൻഡ്മാർക്ക് കേസ് ആണ്. ഏറ്റവും പ്രധാന കാര്യം ‘കോർപസ് ഡലിക്ടി’ അഥവാ ‘നടന്ന സംഭവം ഇല്ല’ എന്നതായിരുന്നു. നരഹത്യ കുറ്റമാണ് ചുമത്തിയതെങ്കിലും മനപൂർവമല്ലാത്ത നരഹത്യയാണ് കുറ്റമായി തെളിഞ്ഞത്. എങ്കിലും ഷാബാ ഷരീഫ് കൊല്ലപ്പെട്ടു എന്ന സംഭവം ഉണ്ടായി എന്ന് കോടതി മനസ്സിലാക്കി. അപൂർവങ്ങളിൽ അപൂർവമാണിത്. 88–ാം ദിവസം കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികൾ കസ്റ്റഡിയിലിരിക്കേ തന്നെയാണ് വിചാരണ നടന്നത്. മൈറ്റോകോൺഡ്രിയൽ ഡിഎൻഎ ലഭിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. അക്കാര്യത്തിലടക്കം ഒരുപാട് പേരോട് നന്ദിയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിന്റേതടക്കമുള്ള ഇടപെടൽ ഇതിലുണ്ട്.

ഷാബാ ഷെരീഫ് വധക്കേസിൽ കോടതി  വിട്ടയച്ചവർ: 
നിലമ്പൂർ പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (33), വണ്ടൂർ വാണിയമ്പലം ചീര ഷെഫീഖ്(31), ചന്തക്കുന്ന് കൂത്രാടൻ മുഹമ്മദ് അജ്മൽ(33), കൈപ്പഞ്ചേരി സുനിൽ(43), റിട്ട.എസ്ഐ സുൽത്താൻ ബത്തേരി കൊളേരി ശിവഗംഗ വീട്ടിൽ എസ്.സുന്ദരൻ(63), വണ്ടൂർ മുത്തശ്ശിക്കുന്ന് കാപ്പിൽ കെ.മിഥുൻ(30), വണ്ടൂർ പുളിക്കാട്ടുപടി പാലപ്പറമ്പിൽ കൃഷ്ണപ്രസാദ്(29), ഒന്നാം പ്രതി ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുൽ വാഹിദ് (29) എന്നിവരാണ് കേസിലെ പ്രതികൾ. 

ആസൂത്രിത കൊലപാതകങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത് ഷാബാ ഷരീഫ് വധക്കേസ് കേസിലെ വിധി സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്. മൃതദേഹമില്ലെങ്കിലും ശിക്ഷിക്കാമെന്ന് നീതിപീഠം പറയുന്നെങ്കിലും മരണം തെളിയിക്കുക സാധാരണ ദുഷ്കരമാണ്. എന്നാൽ ഇവിടെ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്നു, തടവിലിട്ടു, കൊലപ്പെടുത്തി, മൃതദേഹം നശിപ്പിച്ചു എന്നെല്ലാം തെളിഞ്ഞു. പ്രോസിക്യൂട്ടർമാർ പ്രതീക്ഷിക്കുന്നതിലും വലിയ പിന്തുണയാണ് പൊലീസിൽ നിന്നുണ്ടായത്. കൊലപാതകത്തിൽ ആയുധങ്ങളൊന്നും ഉപയോഗിക്കാതിരുന്നതാണ് മനഃപൂർവമല്ലാത്ത നരഹത്യ എന്നത് പരിഗണിക്കാനിടയായത്.ഒറ്റനോട്ടത്തിൽ നിസാരമെന്ന് തോന്നുന്ന തെളിവുകൾ ശേഖരിക്കാനും അവ കോടതിയിൽ അവതരിപ്പിക്കാനും സാധിച്ചത് നിർണായകമായി. വലിയ ഗവേഷണം ഇതിന്റെ ഭാഗമായുണ്ടായി. അന്വേഷണ സംഘത്തിന്റെ ആത്മാർഥയുടെയും കഠിനാധ്വാനത്തിന്റെയും വിജയമാണ് ഈ വിധി.

 

പഴുതടച്ച അന്വേഷണം: പൊലീസ് ഡയറിയിൽ അപൂർവ സംഭവം
മഞ്ചേരി ∙ ഷാബാ ഷെരീഫ് വധക്കേസിൽ പ്രതികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയും സാഹചര്യ തെളിവുകൾ കോർത്തിണിക്കിയും പൊലീസ് നടത്തിയത് പഴുതടച്ച അന്വേഷണം. മൃതദേഹം കണ്ടെത്താനാകാതെ ഒരു കൊലപാതക കേസിന്റെ കുറ്റപത്രം സമർപ്പിക്കാനായത് പൊലീസ് ഡയറിയിൽ അപൂർവം. ഷൈബിനെ അറസ്റ്റ് ചെയ്തെന്ന് അറിഞ്ഞതോടെ വൈദ്യനെ തട്ടിക്കൊണ്ടുവന്നവർ‍ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ബെംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ പ്രതികൾക്കായി അന്വേഷണം നടത്തി.

ഒരു സ്ഥലത്ത് സ്ഥിരമായി തങ്ങുന്ന സ്വഭാവക്കാർ ആയിരുന്നില്ല പ്രതികൾ. മാപ്പുസാക്ഷിയായ സുൽത്താൻ ബത്തേരി നൗഷാദ് മോനുവിന്റെ സാക്ഷിമൊഴി നിർണായകമായി. പ്രതികൾ സഞ്ചരിച്ച കാറിൽനിന്ന് ലഭിച്ച മുടിയുടെ ഡിഎൻഎ പരിശോധനാ ഫലം, സാഹചര്യ തെളിവുകൾ, പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴികൾ തുടങ്ങിയവ സഹിതം പൊലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കനായി.

ഡിവൈഎസ്പിമാരായിരുന്ന സാജു കെ.ഏബ്രഹാം, കെ.എം.ബിജു, ഇൻസ്പെക്ടർ പി.വിഷ്ണു, എസ്ഐമാരായിരുന്ന നവീൻ രാജ്, എം.അസൈനാർ, എഎസ്ഐമാരായ റെനി ഫിലിപ്, അനിൽകുമാർ, സതീഷ് കുമാർ, അൻവർ സാദത്ത്, വി.കെ.പ്രദീപ്, എ.ജാഫർ, എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ടി.നിബിൻ ദാസ്, ജിയോ ജേക്കബ്, സജേഷ് തുടങ്ങിയവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

English Summary:

Kerala police solved the Shaba Sharif murder case despite the absence of a body. A suicide threat led to crucial clues, and mitochondrial DNA evidence secured convictions for three accused.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com