'പിണറായി അപ്പൂപ്പൻ പറഞ്ഞിട്ടാണ് പൊലീസ് വന്നത്'; ആംബുലൻസ് യാത്രാ അനുഭവം പങ്കിട്ട് രണ്ടാം ക്ലാസുകാരി, വൈറൽ കുറിപ്പ് പങ്കുവെച്ച് മന്ത്രി

Mail This Article
നിങ്ങൾ വാഹനത്തിൽ കയറി യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ആ യാത്രയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക. ഇതായിരുന്നു പാഠപുസ്തകത്തിലെ നിർദ്ദേശം. പിന്നെ ഒന്നും നോക്കിയില്ല, കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ നടത്തിയ ആംബുലൻസ് യാത്രയെക്കുറിച്ച് ആ രണ്ടാം ക്ലാസുകാരി കുറിച്ചു. കോഴിക്കോട് പറമ്പിൽ ബസാർ എഎംയുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി നന്മയുടെ കുറിപ്പ് വൈറലാകാൻ അധികസമയം വേണ്ടിവന്നില്ല. വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി നന്മയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നിങ്ങൾ വാഹനത്തിൽ കയറി യാത്ര ചെയ്തിട്ടുണ്ടാകും. ഒരു യാത്രയുടെ അനുഭവം ചേർത്ത് വിവരണം തയ്യാറാക്കൂ എന്ന ചോദ്യത്തിനാണ് കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ ആംബുലൻസ് യാത്രയെക്കുറിച്ച് നന്മ കുറിച്ചത്. ‘ആംബുലൻസ്’ എന്നാണ് കുറിപ്പിന് തലക്കെട്ട് നൽകിയതും. 'ആംബുലൻസിലായിരുന്നു ആ യാത്ര. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക്. ഉമ്മ എന്നെ 5.00 മണിക്ക് വിളിച്ചു. എന്നെ എടുത്ത് ആംബുലൻസിലെ സ്ട്രച്ചറിൽ കിടത്തി. കൂടെ അബ്ബ ഉണ്ടായിരുന്നു. പൂമണിയും പോൻമണിയും എൻ്റെ അടുത്ത് കിടന്നു. മുന്നിൽ പൊലീസ് ജീപ്പ് ഉണ്ടായിരുന്നു. ആംബുലൻസും പൊലീസ് ജീപ്പും വേഗത്തിലാണ് പോയത്. ഞാൻ കുറേ നേരം ഉറങ്ങി. ആംബുലൻസിന് സൈറൺ ഉണ്ടായിരുന്നു. പിണറായി അപ്പൂപ്പൻ പറഞ്ഞിട്ടാണ് പൊലീസ് വന്നത് എന്ന് ഉമ്മ പറഞ്ഞു. ഞങ്ങൾ കുറേ നേരം യാത്ര ചെയ്തു' - ഇങ്ങനെ ആയിരുന്നു നന്മയുടെ കുറിപ്പ്.
നന്മയുടെ ഈ കുറിപ്പാണ് മന്ത്രി ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ' "പിണറായി അപ്പൂപ്പൻ" പറഞ്ഞിട്ട് പൊലീസ് അകമ്പടിയോടെ ആംബുലൻസിൽ യാത്ര പോയ പെൺകുട്ടി. കോഴിക്കോട് പറമ്പിൽ ബസാർ എ എം യു പി സ്കൂളിലെ രണ്ടാം ക്ലാസുകാരി നന്മയുടെ ഡയറിക്കുറിപ്പ്.. കഴിഞ്ഞ സെപ്തംബറിൽ ആണ് Atypical Hemolytic Uremic Syndrome -എന്ന അപൂർവ രോഗം ബാധിച്ച നന്മയെ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം പൊലീസ് അകമ്പടിയോടെ പ്രത്യേക മെഡിക്കൽ ആംബുലൻസിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. നന്മ മിടുക്കിയായി ഇരിക്കുന്നു.' - എന്ന കുറിപ്പോടെയാണ് പാഠപുസ്തകത്തിൽ യാത്രയെക്കുറിച്ച് നന്മ എഴുതിയ പേജ് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നന്മയ്ക്ക് സ്നേഹവും ആശംസകളും അറിയിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്.