കളിക്കു മുൻപേ ഈഡനിൽ ത്രസിപ്പിച്ച് കിങ് കോലിയും കിങ് ഖാനും; ഉദ്ഘാടനച്ചടങ്ങിൽ നൃത്തച്ചുവടുകളുമായി താരങ്ങൾ– വിഡിയോ

Mail This Article
കൊൽക്കത്ത∙ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി സൃഷ്ടിച്ച മഴപോലും മാറിനിന്ന ആവേശസന്ധ്യയിൽ ഈഡൻ ഗാർഡൻസിനെ വർണശബളമാക്കിയ താരപ്പകിട്ടിന്റെ അകമ്പടിയോടെ ഐപിഎൽ 18–ാം സീസണിനു തുടക്കം. ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് താരനിരയ‌്ക്കൊപ്പം, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളും ചേർന്നതോടെ ഐപിഎൽ ഉദ്ഘാടനച്ചടങ്ങ് ആരാധകർക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. ബോളിവുഡ് താരം ദിഷ പഠാനിയുടെ നൃത്തവും ശ്രേയ ഘോഷാൽ, കരൺ ഓജ്‍ല എന്നിവരുടെ സംഗീതവും താരരാവിന് പൊലിമയേകി.
ഒടുവിൽ ബോളിവുഡിന്റെ കിങ് ഖാനും ഇന്ത്യൻ ക്രിക്കറ്റിന്റെ കിങ് കോലിയും ഒരുമിച്ച് വേദിയിൽ നൃത്തച്ചുവടുകൾ വച്ചതും ചടങ്ങിലെ പ്രധാന ആകർഷണമായി. ഉദ്ഘാടന മത്സരം കാണാൻ ഈഡൻ ഗാർഡൻസിലെത്തിയ ആരാധകർ വൻ കരഘോഷത്തോടെയാണ് ബോളിവുഡിലെയും ഇന്ത്യൻ ക്രിക്കറ്റിലെയും ‘കിങ്സി’ന്റെ നൃത്തം ഏറ്റെടുത്തത്. ഐപിഎലിൽ തുടർച്ചയായി 18–ാം സീസൺ കളിക്കുന്ന വിരാട് കോലിക്ക് പ്രത്യേക മെമന്റോയും സമ്മാനിച്ചു. കോലിക്കും ഷാറൂഖിനുമൊപ്പം ഇടയ്ക്ക് വേദിയിലെത്തിയ കൊൽക്കത്ത താരം റിങ്കു സിങ്ങിനെ ആരാധകർ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ഉദ്ഘാടനച്ചടങ്ങിനു ശേഷം ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിൽ ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയച്ചു. ഐപിഎൽ ഉദ്ഘാടന മത്സരം മഴ കൊണ്ടുപോകുമോ എന്ന ആശങ്കകൾക്കിടെയാണ്, മത്സരവേദിയായ കൊൽക്കത്തയിൽ ഇന്ന് ഉച്ചയ്ക്കു ശേഷം മാനം തെളിഞ്ഞത്. കൊൽക്കത്തയിൽ ഇന്നലെ കനത്ത മഴയായിരുന്നു. ഇരുടീമുകളുടെയും പരിശീലന സെഷൻ മഴമൂലം പാതിവഴിക്കു നിർത്തേണ്ടിവന്നു. മഴ ഇന്നും തുടരുമെന്നും വൈകിട്ടോടെ ആകാശം തെളിയുമെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.