ആലിംഗനം പോലെ പ്രിയപ്പെട്ട കവിതകൾ; നയ്യിറ വാഹീദ് എന്ന നിശബ്ദ കവി

Mail This Article
രാത്രിയിൽ പ്രതീക്ഷിച്ചിരുന്നപ്പോൾ പെയ്ത മഴ പോലെയാണ് നയ്യിറ വാഹീദിന്റെ കവിതകൾ. കാത്തിരിക്കുന്ന മനസ്സിലേക്കു അക്ഷരങ്ങൾ പിടഞ്ഞിറങ്ങുന്നു.
water clings to my wrists.
it has been my fragrance since birth.
നിശബ്ദ കവി എന്നു സ്വയം വിശേഷിപ്പിക്കുന്ന നയ്യിറ എഴുതിയവയൊക്കെ ഉച്ചത്തിൽ സംസാരിച്ചു. പിശുക്കൻ നൽകുന്ന നാണയത്തുട്ടുകള്‍ പോലെ ചുരുങ്ങിയ എണ്ണത്തിൽ, വരികളിൽ തുന്നിച്ചേർത്തിരിക്കുന്നത് നോവിന്റെ, തിരിച്ചറിവിന്റെ, കാത്തിരിപ്പിന്റെ, ആശ്വാസത്തിന്റെ നൂലിഴകളാണ്. കേൾക്കേണ്ടവർക്ക് അതുതന്നെ ധാരാളം.
sometimes there is more water in a poem than in the sea.
പതിനൊന്നാം വയസ്സിൽ ഒരു കമ്മ്യൂണിറ്റി പത്രത്തിനായി ഒരു കവിത എഴുതാൻ തന്റെ ഇംഗ്ലീഷ് അധ്യാപികയിൽ നിന്ന് നിർദേശം ലഭിച്ചതിനെത്തുടർന്നാണ് ആദ്യമായി നയ്യിറ കവിത എഴുതുന്നത്.

കിനിഞ്ഞിറങ്ങിയ കവിത പിന്നെ നിലച്ചില്ല. ആ വരികളിലെ നിഴലാഴം കണ്ടെത്തിയത് യഥാർഥത്തിൽ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമാണ്. നയ്യിറയുടെ വാക്കുകൾക്കായി ലക്ഷങ്ങൾ അവിടെ എത്തിച്ചേർന്നു. പക്ഷേ അപ്പോഴും നയ്യിറ തന്റെ ജീവിതത്തിനു മേൽ മറയിട്ടു തന്നെ നിന്നു.
I am a child of three countries.
the water.
the heat.
the words.
അമേരിക്കയിൽ ജനിച്ച ആഫ്രിക്കൻ–അമേരിക്കൻ കവിയാണ് എന്നതിനപ്പുറം നയ്യിറയെക്കുറിച്ച് അധികമാർക്കും ഒന്നുമറിയില്ല. ഓർക്കപ്പെടുവാൻ ഒരു പിടി കവിതകൾ നൽകി മറഞ്ഞിരിക്കുമ്പോഴും ആ കവിതകൾ രണ്ടു പുസ്തകങ്ങളിലായി പുറത്തു വന്നു. 2013ൽ പ്രസിദ്ധീകരിച്ച 'സോൾട്ട്', 2014ൽ പ്രസിദ്ധീകരിച്ച 'നെജ്മ'.

പ്രണയം, വെല്ലുവിളികൾ, സ്നേഹം, വ്യക്തിത്വം, സ്വാതന്ത്ര്യം, അധീനത, വർഗ്ഗീയത എന്നിവ പ്രമേയമാകുന്ന കവിതകൾ വേഗത്തിൽ ശ്രദ്ധയാകർഷിച്ചു. വായനക്കാരുടെയും ഹൃദയത്തിന്റെ താളങ്ങൾ തേടി, ആനന്ദവും നൊമ്പരവും അനുഭവപ്പെടുന്ന ഒരു യാത്രയായി അവ മാറി.
you broke the ocean in half to be here. only to meet nothing that wants you.
നയ്യിറയുടെ എഴുത്തുശൈലി ലളിതമാണ്. ഓരോ വാക്കും സൂക്ഷ്മതയോടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആ വാക്കുകൾ ആത്മാവിനുള്ള മരുന്നാണ്. നമ്മിൽ ഓരോരുത്തരിലും നിലനിൽക്കുന്ന സൗന്ദര്യത്തിന്റെ ആഘോഷമാണ്. ആ വാക്കുകൾ ഒരു ആലിംഗനം പോലെ വായനക്കാരുടെ മനസ്സിനോട് ഒട്ടിച്ചേർന്നു കിടക്കുന്നു.
i knew you.
before i met you.
i've known you my whole life.
ചിലപ്പോൾ ഒരു ചിറകുപോലെ, ചിലപ്പോൾ ഒരു മുറിവുപോലെ നമ്മുടെ ദുർബലതകളെ, ഭീതികളെ, സ്വപ്നങ്ങളെ അവ തുറന്നുകാട്ടി. വിപ്ലവത്തിന്റെ നിശബ്ദ പ്രതിധ്വനിയായി പല വരികളും മാറി.
സ്വയം സ്നേഹിക്കാൻ, ശക്തി കണ്ടെത്താൻ, സ്വന്തം യാത്ര ആഘോഷിക്കാൻ നയ്യിറ നമ്മോട് പറഞ്ഞുക്കൊണ്ടേയിരുന്നു. പാർശ്വവൽക്കരണത്തിന്റെ വേദനയും പ്രതിരോധശേഷിയുടെ സൗന്ദര്യവും കവിതകളുടെ നിരന്തരം വിഷയങ്ങളായി.
i am mine. before i am ever anyone else’s.
തന്റെ ഒരു ചിത്രം പോലും പുറത്തു വിടാതെ, ഒരു അഭിമുഖം പോലും നൽകാതെ കവിതകൾ മാത്രം ലോകത്തിനു നൽകി നയ്യിറ ഇന്നും കാണാമറയത്താണ്. 2021ൽ 'പ്രിഫിക്ഷൻ' എന്ന പേരിൽ കുറിപ്പുകളുടെ ഒരു സമാഹാരം കിൻഡിലിൽ പ്രസിദ്ധീകരിക്കുന്നതായി പറഞ്ഞശേഷം വലിയ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കുറച്ചു നാളുകളായി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നയ്യിറയുടെ പേരിലുണ്ടായിരുന്ന വെബ്സൈറ്റും പ്രവർത്തനരഹിതമാണ്. പുതിയ കവിതകളുമായി വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് കാത്തിരിക്കുകയാണ് വായനക്കാർ.