ADVERTISEMENT

അഭി നാ ജാവോ ഛോട് കർ,
കേ ദിൽ അഭി ഭരാ നഹീൻ...

ഒരിക്കല്‍ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഈ പ്രണയഗാനം എഴുതിയത് ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവും കവിയുമായി കണക്കാക്കപ്പെടുന്ന സാഹിർ ലുധിയാൻവിയാണ്. ഹിന്ദി ഗാനങ്ങൾ പൊതുവേ കേൾക്കാത്തവർ പോലും

കഭി കഭി മേരേ ദിൽ മേ,

ഖയാൽ ആതാ ഹേ...

എന്ന പാട്ട് കേട്ടിട്ടുണ്ടാകും. ലോകം മറക്കാത്ത ഈ പ്രണയാതുര ഗാനങ്ങള്‍ എഴുതിയ സാഹിർ ലുധിയാൻവി എന്ന മനുഷ്യന്റെ മനസ്സിൽ ഒരിക്കൽ നിറഞ്ഞു നിന്ന ഒരു സ്ത്രീയുണ്ടായിരുന്നു. പൂർത്തിയാകാതെ പോയ ഈ സ്നേഹത്തിന്റെ ഓർമ്മയ്ക്കാണോ അദ്ദേഹം ഈ വരികൾ എഴുതി ചേർത്തത് എന്ന് അവരുടെ കഥ കേട്ടാൽ ആരും സംശയിച്ചു പോകും.  

സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപീഠ അവാർഡ്, പത്മവിഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയ പഞ്ചാബി കവിയും എഴുത്തുകാരിയുമായ അമൃത പ്രീതമായിരുന്നു ആ പ്രണയിനി. പ്രണയത്തിന്റെ ആത്മീയതലം പോലും അനുഭവിക്കാൻ ഭാഗ്യം ലഭിച്ച സ്ത്രീയായിരുന്നു അമൃത. ഒരിക്കലെങ്കിലും ആത്മാർഥമായി സ്നേഹിക്കപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്കിടയിൽ അവർ വ്യത്യസ്തയാകുന്നത്, ജീവിതത്തിൽ കടന്നു വന്ന്, പ്രണയത്തിന്റെ ആഴം കാട്ടി തന്ന മൂന്നു പേർ കാരണമാണ്. അതിൽ മൂന്നാമൻ പ്രണയത്തിന്റെ എല്ലാ അർഥതലങ്ങളും മാറ്റി മറിച്ചു. 

അമൃത പ്രീതം, Image Credit: x.com/_amrita_pritam_
അമൃത പ്രീതം, Image Credit: x.com/_amrita_pritam_

1919-ൽ ബ്രിട്ടിഷ് ഇന്ത്യയിലെ മന്ദി ബഹാവുദ്ദീനിലെ ഒരു ഖത്രി സിഖ് കുടുംബത്തിലാണ് അമൃത ജനിച്ചത്. അമൃത് കൗർ എന്നായിരുന്നു യഥാർഥ പേര്. കവിയും ബ്രജ് ഭാഷാ പണ്ഡിതനും സാഹിത്യ മാസികാ എഡിറ്ററുമായിരുന്ന കർത്താർ സിങ് ഹിത്കാരിയുടെയും സ്കൂൾ അധ്യാപികയായിരുന്ന ഭാര്യ രാജ് ബീബിയുടെയും ഏക സന്താനമായിരുന്നു അമൃത.

പതിനൊന്നാം വയസ്സിൽ അമ്മയുടെ മരണത്തോടെ ഏകാന്തതയാൽ വലയം ചെയ്യപ്പെട്ട അവൾ ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതാൻ തുടങ്ങി. ആദ്യ കവിതാ സമാഹാരമായ 'അമൃത് ലെഹ്‌റാൻ' (അനശ്വര തരംഗങ്ങൾ) പ്രസിദ്ധീകരിച്ച 1936ല്‍, പതിനാറാം വയസ്സിൽ അവൾ വിവാഹിതയായി.

കുട്ടിക്കാലത്ത് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തിയിരുന്നു, അതും അമൃതയ്ക്ക് വെറും നാലു വയസുള്ളപ്പോൾ...! വ്യാപാരിയായിരുന്ന പ്രീതം സിങ്ങിനെ വിവാഹം കഴിച്ചതോടെയാണ് പേര് അമൃത് കൗർ എന്നതിൽ നിന്ന് അമൃത പ്രീതം എന്നാക്കി മാറ്റിയത്. 1936നും 1943നും ഇടയിൽ ആറ് കവിതാ സമാഹാരങ്ങൾ അമൃത പുറത്തിറക്കി. സ്വാതന്ത്ര്യ സമരത്തിന്റെ ആ കാലഘട്ടത്തിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും അവൾ ഏർപ്പെട്ടു. വിഭജനത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന അജ് അഖാൻ വാരിസ് ഷാ നു എന്ന കവിതയിലൂടെ അവൾ ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ ജനപ്രിയയായി മാറി.

ഈ സമയം കൊണ്ട് അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. എന്നാൽ സാഹിത്യത്തിൽ ഒട്ടും അഭിരുചിയില്ലാത്ത താൻ, അമൃതയെപ്പോലെ ബുദ്ധിജീവിയായ ഒരു സ്ത്രീക്കു പറ്റിയ പങ്കാളിയല്ലെന്ന് അവളുടെ ഭർത്താവ് പ്രീതത്തിന് മനസ്സിലായിരുന്നു. വ്യത്യസ്ത ചിന്താതലത്തിൽ നിന്ന് കൊണ്ട് പരസ്പരം ബുദ്ധിമുട്ടിച്ച് ജീവിക്കേണ്ടതില്ല എന്ന് അയാൾ തീരുമാനിച്ചു. അങ്ങനെ 1944ൽ വിവാഹമോചനം നൽകി പ്രീതം അവളെ ആ ബന്ധത്തിൽ നിന്ന് മോചിപ്പിച്ചു. 

∙ നിശബ്ദതയെ കൂട്ടുപിടിച്ചു പ്രണയതീവ്രത

വിവാഹമോചനത്തിനുശേഷം തന്റെ വീട്ടിൽ സ്ഥിരതാമസമാക്കിയ അമൃത എന്നാൽ ജീവിതത്തിലുടനീളം പ്രീതം എന്ന പേര് തന്നോട് ചേർത്തു വെച്ചു. പരസ്പരവിരുദ്ധമായ ജീവിതശൈലികൾ ഉണ്ടായിരുന്നുവെങ്കിലും പൂർണ്ണ ബഹുമാനത്തോടെ തന്നെയാണ് അവർ പിരിഞ്ഞത്. തന്റെ കവിതകൾ ചൊല്ലാനായി ഒരു റേഡിയോ സ്റ്റേഷനിൽ അമൃത പോയിരുന്നു. അവിടെ വെച്ചാണ് പ്രമുഖ ഉറുദു കവിയും ഗാനരചയിതാവുമായ സാഹിർ ലുധിയാൻവിയെ കാണുന്നത്. പഞ്ചാബി, ഉറുദു കവികൾ പങ്കെടുത്ത ഒരു കവിതാ സിമ്പോസിയത്തിൽ (മുഷൈറ) പങ്കെടുക്കാൻ പ്രീത് നഗറിൽ എത്തിയതായിരുന്നു അയാൾ. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ പരസ്പരം ആകർഷിതരായിരുന്നു.

സാഹിർ ലുധിയാൻവി, Image Credit: x.com/SLudhianvi
സാഹിർ ലുധിയാൻവി, Image Credit: x.com/SLudhianvi

‘അദ്ദേഹത്തിന്റെ വാക്കുകളുടെ മാന്ത്രികതയാണോ അതോ നിശബ്ദമായ നോട്ടമാണോ എന്ന് എനിക്കറിയില്ല, പക്ഷേ അവന്‍ എന്നെ ആകർഷിച്ചു,’ ആ നിമിഷത്തെക്കുറിച്ച് ആത്മകഥയായ ‘റസീദി ടിക്കറ്റി’ൽ അമൃത എഴുതുന്നു. അന്ന് രാത്രി മുഷൈറ കഴിഞ്ഞ് സാഹിറിൽ നിന്ന് കുറച്ച് ദൂരം മാറി നടക്കുമ്പോൾ തന്റെ ജീവിതത്തിന്റെ വരാൻ പോകുന്ന നിരവധി വർഷങ്ങൾ അയാളുടെ ഓർമകളിലാണ് കഴിയാൻ പോകുന്നതെന്ന് അവൾ അറിഞ്ഞിരുന്നില്ല. 'ഈ കവിതകൾ സാഹിറിന്റെ പ്രണയത്തിൽ എഴുതിയതാണ്, പക്ഷേ അവയുടെ പിന്നിലെ പ്രചോദനം ഞാൻ ഒരിക്കലും പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.'

പിന്നീട് പലപ്പോഴും അവർ കണ്ടുമുട്ടി. അത് അസാധാരണമായ ഒരു ബന്ധമായിരുന്നു. ഇരുവരും പരസ്പരം അധികം സംസാരിച്ചിരുന്നില്ല. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവളുടെ വീട് സന്ദർശിക്കുകയും നിശബ്ദമായി ഇരുന്നു ചായ കുടിക്കുകയും ചെയ്തിരുന്ന സാഹിർ, അമൃതയുടെ തൊട്ടടുത്തുള്ള കസേരയിലിരുന്ന് സിഗരറ്റ് വലിക്കും. പകുതി മാത്രം വലിച്ചശേഷം അത് കെടുത്തി, അവിടെ വെക്കും. എന്നിട്ട് ഒരു പുതിയ സിഗരറ്റ് കത്തിക്കും. അയാൾ പോയിക്കഴിഞ്ഞാൽ മുറി നിറയെ അയാളുടെ പൂർത്തിയാകാത്ത സിഗരറ്റുകളായിരിക്കും. 

അത് അയാൾ മനപ്പൂർവം ചെയ്യുന്നതാണ്. കാരണം, അയാൾ പോയതിനു ശേഷം അയാൾ ബാക്കിയാക്കിയ പാതി കത്തിച്ച സിഗരറ്റുകൾ ആഷ് ട്രേയ്ക്കരികിൽ നിന്ന് അമൃത അലമാരയിൽ സൂക്ഷിച്ച് വെയ്ക്കുമായിരുന്നു. 'ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മാത്രമേ ഞാൻ അവ കത്തിക്കുകയുള്ളു. ഈ സിഗരറ്റുകളിൽ ഒന്ന് എന്റെ വിരലുകൾക്കിടയിൽ പിടിക്കുമ്പോൾ, ഞാൻ അവന്റെ കൈകളിൽ തൊടുന്നത് പോലെ എനിക്ക് അനുഭവപ്പെടും...' സാഹിറിന്റെ സ്പർശനം അനുഭവിക്കാൻ സഹായിച്ചിരുന്ന ആ പാതി കത്തിയ സിഗരറ്റുകളാണ് അമൃതയെ ഒരു പുകവലിക്കാരിയാക്കി മാറ്റിയത്. 

സാഹിർ ലുധിയാൻവിവും അമൃത പ്രീതവും, Image Credit: x.com/_amrita_pritam_
സാഹിർ ലുധിയാൻവിവും അമൃത പ്രീതവും, Image Credit: x.com/_amrita_pritam_

നിശബ്ദതയെ കൂട്ടുപിടിച്ചു നടത്തിയിരുന്ന ഈ പ്രണയതീവ്രതയെ തടസപ്പെടുത്തിയത് സാഹിറിന്റെ അമ്മയായിരുന്നു. മതം കാരണം വിവാഹത്തിന് അവർ അനുവാദം നൽകിയില്ല. ഒടുവിൽ തന്റെ പ്രണയിനി നീറുന്നത് കണ്ടു നിൽക്കാനാതെ സാഹിർ മുംബൈയിലേക്ക് പോയി, ഗാനരചയിതാവായി ജോലി ചെയ്തു. ഹിന്ദിയിലെ മികച്ച ഗാനങ്ങൾക്ക് വരികൾ എഴുതി ചേർത്ത സാഹിറിനെ ആ സമയം കൊണ്ടു തന്നെ നിരാശ കാർക്കശ്യമുള്ള ഒരാളാക്കി  മാറ്റിരുന്നു. 

തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന് പ്രണയം നിറച്ച് കടന്നു കളഞ്ഞ സാഹിർ, അമൃതയെ ആകെ തകർത്തി. പക്ഷേ ആ തകർച്ച അമൃതയ്ക്ക് നൽകിയത് ഒരിക്കലും ഒരാളും സ്വപ്നം പോലും കാണാത്ത ഒന്നായിരുന്നു. ജീവിതം മുഴുവൻ ഒന്നും ആവശ്യപ്പെടാതെ, നിസ്വാർഥമായി സ്നേഹിച്ച്, ഒടുവിൽ മരണം പോലും ഒരു സ്ന‌േഹസമ്മാനമായി കണ്ട ഇംറോസ് എന്ന മനുഷ്യനായിരുന്നു അത്.

∙ ഇങ്ങനെയും പ്രണയമോ?

തന്റെ പുസ്തകങ്ങള്‍ക്ക് കവർചിത്രങ്ങൾ വരയ്ക്കാൻ ഒരാളെ തേടിയ അമൃത ഡൽഹിയിൽ വെച്ചാണ് ചിത്രകാരനായിരുന്ന ഇംറോസിനെ കണ്ടുമുട്ടുന്നത്. 1927 ജനുവരി 26നാണ് ഇംറോസ് എന്ന ഇന്ദർജിത് സിങ് ജനിച്ചത്. മാനസികമായി തകർന്ന അമൃതയ്ക്ക് യാദൃശ്ചികമായി ലഭിച്ച ആ സൗഹൃദം തണലായി. തന്നേക്കാൾ 7 വയസ്സ് കൂടുതലായിരുന്ന അമൃതയോട് തനിക്ക് പ്രണയമാണെന്ന് തിരിച്ചറിഞ്ഞ ഇംറോസ്, അത് അവളോട് തുറന്ന് പറഞ്ഞു. എന്നാൽ തന്റെയുള്ളിൽ പ്രണയിതാവിന്റെ രൂപത്തിൽ എന്നുമുള്ളത് സാഹിറാണെന്ന് അമൃത അയാളോട് വെളിപ്പെടുത്തി. എങ്കിലും അവർ സുഹൃത്തുക്കളായി തുടർന്നു. 

അത്യപൂർവമായ ഒരു പ്രണയകഥയായി മാറുകയായിരുന്നു അമൃത പ്രീതത്തിന്റെ ജീവിതം. ആത്മീയ പ്രണയത്തിന്റെ ആഴങ്ങളിലേക്കാണ് അവർ നടന്നിറങ്ങിയത്. അമൃതയുടെ സ്നേഹശുദ്ധിയെ അംഗീകരിച്ചു കൊണ്ടുതന്നെ താൻ എന്നും അവളെ സ്നേഹിക്കുമെന്ന് ഇംറോസ് തീരുമാനിക്കുന്നു. പിന്നീടുള്ള 40 വർഷം അയാൾ ആ സ്ത്രീയ്ക്ക് വേണ്ടിയാണ് ജീവിച്ചത്. ഡൽഹിയിലെ ഹൗസ് ഖാസിൽ ഒരു വീട് വാങ്ങി അമൃതയുടെ മക്കളോടൊപ്പം ഒരുമിച്ച് താമസിക്കാൻ അവർ തീരുമാനിച്ചു. രണ്ടു മുറികളിൽ ജീവിച്ച അവരുടെ സ്നേഹം ശരീരത്തിലല്ല ആത്മാവിലാണ് വേരൂന്നിയിരിക്കുന്നത്. 

ഒന്നും ആവശ്യപ്പെടാതെ, പരാതിപ്പെടാതെ അവർ പരസ്പരം ജീവിതം സമർപ്പിച്ചു. ഇംറോസ് അവളുടെ ദീർഘകാല സുഹൃത്തും ആത്മമിത്രവുമായി. അമൃതയുടെ മരണം വരെ അവർ നാൽപ്പത് വർഷത്തിലേറെ അവർ അങ്ങനെയാണ് ജീവിച്ചത്. അമൃതയും സാഹിറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നന്നായി അറിയാമായിരുന്ന ഇംറോസിന്റെ സ്നേഹം സത്യവും നിസ്വാർഥവുമായിരുന്നു. ഇംറോസ് ഒരിക്കലും അമൃതയെ വിവാഹത്തിന് നിർബന്ധിച്ചില്ല, പക്ഷേ അവളോട് അർപ്പണബോധത്തോടെ തുടർന്നു. അയാൾ അവളുടെ രണ്ട് കുട്ടികളെ "നമ്മുടെ കുട്ടികൾ" ആയി കണക്കാക്കി, ഒരു പിതാവിനെപ്പോലെ അവരെ സ്നേഹിച്ചു.

അമൃത പ്രീതവും ഇംറോസും Image Credit: x.com/_amrita_pritam_
അമൃത പ്രീതവും ഇംറോസും Image Credit: x.com/_amrita_pritam_

അവർ പരസ്പരം ഒരു നിയന്ത്രണവും വെച്ചില്ല. രണ്ടുപേർക്കും അവരവരുടെ പതിവുകൾ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. പരസ്‌പരം നിരുപാധികമായ സ്‌നേഹം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. ‌ഒന്നും മിണ്ടാതെ പരസ്പരം നോക്കി മണിക്കൂറുകളോളം ഇരുന്നു. സ്നേഹത്തിന്റെ, പരസ്പര സ്വീകാര്യതയുടെ ഈ മുഖം ചരിത്രത്തിൽ അവരുടെ പേര് എഴുതി ചേർത്തു. ബസിൽ ഒരുമിച്ച് ഒരുപാടു യാത്ര ചെയ്തിരുന്നു അവർ. പിന്നീട് ഇംറോസ് അമൃതയ്ക്ക് വേണ്ടി ഒരു സ്കൂട്ടർ വാങ്ങി. ഡൽഹിയുടെ തെരുവുകളിലൂടെ 40 വര്‍ഷങ്ങൾ അവർ ഒന്നിച്ച് സഞ്ചരിച്ചു. 

ഇംറോസിനൊപ്പം അമൃത പ്രീതം 37 വർഷം പഞ്ചാബി മാസികയായ ‘നാഗമണി’ എഡിറ്റ് ചെയ്തു. ചിത്രകാരനും ഡിസൈനറുമായ ഇംറോസ് അമൃതയുടെ മിക്ക പുസ്തകങ്ങളുടെ പുറംചട്ടകളും രൂപകൽപ്പന ചെയ്യുകയും തന്റെ നിരവധി ചിത്രങ്ങൾക്ക് അവരെ മോഡലാക്കുകയും ചെയ്തു. അവരുടെ ഒരുമിച്ചുള്ള ജീവിതം വിവരിക്കുന്ന പുസ്തകമാണ് 'അമൃത ഇംറോസ്: എ ലവ് സ്റ്റോറി'. ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് 2005 ഒക്ടോബർ 31-ന് 86-ാം വയസ്സിൽ ന്യൂഡൽഹിയിൽ വെച്ച് ഉറക്കത്തിലാണ് അമൃത മരിക്കുന്നത്.

അവരുടെ അവസാന നാളുകൾ വേദന നിറഞ്ഞതായിരുന്നു. 2004ൽ 'മെയിൻ ടൈനു ഫെർ മിലാങ്കി' (ഞാൻ നിങ്ങളെ വീണ്ടും കാണും) എന്ന പേരിൽ പുറത്തിറങ്ങിയ തന്റെ അവസാന സാഹിത്യകൃതി അമൃത സമര്‍പ്പിച്ചിരിക്കുന്നത് ഇംറോസിന് വേണ്ടിയായിരുന്നു. താൻ ഇംറോസിനെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് അതിൽ അവർ എഴുതിച്ചേർത്തിരുന്നു. വാർദ്ധക്യത്തിൽ അമൃത തളർന്ന് രോഗിയായപ്പോൾ, ഇംറോസ് ഒരു കാമുകനെപ്പോലെ രാവും പകലും അവരെ പരിപാലിച്ചു. 

ഇംറോസ് Image Credit: x.com/kanagat
ഇംറോസ് Image Credit: x.com/kanagat

അമൃതയുടെ മരണത്തിനു ശേഷവും അവൾ എപ്പോഴും തനിക്കു ചുറ്റും ഉണ്ടെന്ന് ഇംറോസ് വിശ്വസിച്ചു. "അവൾ എനിക്ക് ചുറ്റും ജീവിക്കുന്നു, എനിക്ക് അവളുടെ സാന്നിധ്യം അനുഭവിക്കാൻ കഴിയും". അമൃതയുടെ മരണശേഷം അവളുടെ ഓർമ്മയ്ക്കായി ഇംറോസ് കവിതയെഴുതാൻ തുടങ്ങി. അതെ, പ്രണയം അയാളെ ഒരു കവിയാക്കി മാറ്റി. അദ്ദേഹത്തിന്റെ കവിതാപുസ്‌തകമായ 'ജഷ്ൻ ജാരി ഹേ' (ആഘോഷം തുടരുന്നു) അമൃതയുടെ മരണശേഷം ഇംറോസിന്റെ മാനസികാവസ്ഥയെ ചിത്രീകരിക്കുന്നതാണ്. അവരുടെ അടുത്ത എഴുത്തുകാരനായ സുരീന്ദർ ശർമ അനുസ്മരിക്കുന്നു, “അവളുടെ ശാരീരിക വേദനയും കഷ്ടപ്പാടുകളും പങ്കിടാൻ കഴിയാത്തതിൽ മാത്രമായിരുന്നു ഇംറോസിന് ഖേദം. അവൻ അവളുടെ മക്കൾക്കും കൊച്ചുമക്കൾക്കും പ്രിയപ്പെട്ട അച്ഛനും മുത്തച്ഛനുമായി തുടർന്നു, അവർ അവനെ സ്നേഹപൂർവ്വം പരിപാലിച്ചു." 

ഇംറോസിന്റെ അവസാന വർഷങ്ങൾ മുംബൈയിലായിരുന്നു. 2023 ഡിസംബർ 23 ന് 97–ാം വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ അമൃതയുടെ ചെറുമകൾ ശിൽപിയാണ് ചെയ്തത്. ഒരു മനുഷ്യന് സാധിക്കുന്നതിനുമപ്പുറം തന്റെ പ്രിയപ്പെട്ടവളെ സ്നേഹിച്ച ഇംറോസിനോട് ഒരിക്കൽ ഒരു എഴുത്തുകാരൻ ചോദിച്ചു. സാഹിറിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന്. "ഒരിക്കലും ഇല്ല" അയാൾ പറഞ്ഞു. “അമൃതയെ സ്നേഹിച്ച ഒരാൾ എനിക്കും പ്രിയപ്പെട്ടവനാണ്. അതുകൊണ്ടാണ് എന്റെ മുറിയിൽ സാഹിറിന്റെ ചിത്രം തൂങ്ങിക്കിടക്കുന്നത് നിങ്ങൾ കാണാനാകുന്നത്.” അവർ സംസാരിച്ചിരിക്കുമ്പോൾ അമൃത ഇംറോസിന്റെ പുറത്ത് സാഹിറിന്റെ പേര് എഴുതുമായിരുന്നു. അതേക്കുറിച്ചും അദ്ദേഹം പറഞ്ഞു, "സാഹിറും അവളുടേതാണ്, എന്റെ പുറവും."

പാതി വഴിയാക്കി പോയ പ്രണയം വീണ്ടെടുക്കുവാൻ, വീണ്ടും പ്രണയിക്കുവാൻ അമൃതയ്ക്കരികിലേക്ക് പോകുന്ന നിമിഷം അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു. മരണത്തിനു പോലും അവസാനിപ്പിക്കാനാവാത്ത ഈ പ്രണയത്തിന്റെ ഗഹനം മനസ്സിലാക്കിയ അമൃത, അവരുടെ അവസാന കവിതയിൽ അതിന് മറുപടി എഴുതി വെച്ചിട്ടാണ് പോയത്. തന്നെ ലോകത്തിൽ മറ്റാരെക്കാളും സ്നേഹിച്ച, കാത്തിരുന്ന, തന്റെ സ്നേഹത്തെ ബഹുമാനത്തോടെ കണ്ട് മാറി നിന്ന, ആ മനുഷ്യനോട് അമൃത പറയുന്നു. 

'ഞാൻ നിങ്ങളെ ഇനിയും കാണും,
എങ്ങനെ, എവിടെ, എനിക്കറിയില്ല,
പക്ഷേ ഞാൻ നിങ്ങളെ തീർച്ചയായും കാണും.'

ഭാഗ്യം സിദ്ധിച്ച ഒരു ജീവനുമാത്രമേ ഇത്ര തീവ്രമായി സ്നേഹിക്കപ്പെടുവാൻ സാധിക്കുകയുള്ളൂ. സമൂഹത്തിൽ പുരോഗമന ചിന്താഗതികൾ കുറവായിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന അമൃതയുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഈ അവിശ്വസനീയ നിമിഷങ്ങളെക്കുറിച്ച് അറിയുന്നവർ അത്ഭുതപ്പെടും, അറിയാതെ ചോദിച്ചു പോകും.  ഇത്രയധികം സ്നേഹിക്കപ്പെട്ട മറ്റൊരു സ്ത്രീയുണ്ടാകുമോ?

English Summary:

ഓസീഗൂോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com