ADVERTISEMENT

ഹൈറേഞ്ചിലെ കൃഷിയിടങ്ങൾ കണ്ടിട്ടുണ്ടോ? അവിടുത്തെ വിളവൈവിധ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ചക്ക മുതൽ കുരുമുളകുവരെ നാടൻ കാർഷികോൽപന്നങ്ങൾ തനിമയിൽ കിട്ടാൻ മറ്റൊരിടത്തും പോകേണ്ടതില്ല. എന്നാൽ ശരിയായ വിപണനശൃംഖലകളുടെ അഭാവം മൂലം യഥാർഥ ഉപഭോക്താക്കളിലെത്താനും അർഹമായ വില നേടാനും അവയ്ക്കു കഴിഞ്ഞിരുന്നില്ലെന്നു മാത്രം. ഇതിനു പരിഹാരവുമായി വരുന്നു ഇടുക്കി പാറത്തോട്ടിലെ സ്പേസിയ കർഷകോൽപാദനക കമ്പനി.

‘സ്വാശ്രയസംഘങ്ങൾ വനിതകൾക്ക്, കർഷകോല്‍പാദക കമ്പനികൾ പുരുഷന്മാർക്ക് അഥവാ സ്ത്രീകൾ ഉൽപാദക കമ്പനി രൂപീകരിച്ചാൽ പോലും ഭരിക്കാൻ പുരുഷകേസരികൾ’– കാർഷിക കേരളത്തിന്റെ ഈ പൊതുബോധം തിരുത്തിയാണ് സ്പേസിയയുടെ മുന്നേറ്റം. ഓഹരിയുടമകളായി അഞ്ഞൂറിലേറെ വനിതകൾ. ഓഹരിയുടമകളായി പുരുഷന്മാരുമുണ്ടെങ്കിലും ചെയർപഴ്സൺ, സിഇഒ തസ്തിക‌കളിലിരുന്ന് സ്പേസിയയെ നയിക്കുന്നത് സ്ത്രീകള്‍. ചെയർപഴ്സൺ‌ സിസ്റ്റർ ചൈതന്യ സിഎംസി, സിഇഒ മോനിഷ മോഹനന്‍. നേതൃത്വത്തിൽ വനിതകളാണെങ്കിലും സ്പേസിയ കമ്പനിയിൽ സ്ത്രീ–പുരുഷ ഭേദമില്ലാതെ എല്ലാ കർഷകർക്കും ഓഹരിയെടുക്കാം. ആകെ 692 കൃഷിക്കാർ അംഗങ്ങളായുള്ള ഈ പ്രസ്ഥാനത്തിൽ 104 ഓഹരിയുടമകൾ മാത്രമേ പുരുഷന്മാരുള്ളൂ. സ്ത്രീയാണെന്നത് കമ്പനി ഭരണത്തിൽ പരിമിതിയായി തോന്നിയിട്ടില്ലെന്നു സിസ്റ്റർ ചൈതന്യ. ‘‘സിഎംസി സന്യാസ സമൂഹത്തിന്റെ സാമൂഹിക സേവന വിഭാഗത്തിന്റെ നയങ്ങളാണ് കമ്പനിയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തിഗതമായ സമീപനങ്ങൾക്ക് പ്രാധാന്യമില്ല. എങ്കിലും ഇടുക്കിയിലെ ഒരു കർഷകന്റെ പുത്രിയെന്ന നിലയിൽ കൃഷിക്കാർക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടാതെ വിഷമിക്കുന്ന പിതാവിനെ കണ്ടു വളർന്നയാളാണു ഞാൻ ’’– സിസ്റ്റർ പറഞ്ഞു.

spazia-2

അതേസമയം മറ്റു കർഷക കമ്പനികൾ നേരിടുന്ന വെല്ലുവിളകൾ സ്പേസിയയ്ക്കുമുണ്ട്. വിപണനം തന്നെ പ്രധാന പ്രശ്നം. ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയുണ്ട്. എന്നാൽ, അവരിലേക്ക് എത്താൻ ഉൾനാടുകളിലെ എഫ്പിഒകൾക്ക് പരിമിതികളേറെയാണ്. എംബിഎ ബിരുദധാരികളുടെ പ്രഫഷനൽ മികവ് ലഭ്യമാക്കാൻ സർക്കാർ സഹായിക്കുമെങ്കിലും ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രസക്തി മനസ്സിലാക്കി സമർപ്പണത്തോടെ പ്രവർത്തിക്കാൻ സന്നദ്ധരാകുന്നവർ വിരളമാണെന്നു സിസ്റ്റർ ചൂണ്ടിക്കാട്ടി. കമ്പനിനിയമം, വിപണനം എന്നീ കാര്യങ്ങളിലാണ് കൃഷിക്കാർക്ക് പ്രഫഷനൽ മികവ് ആവശ്യം. എന്നാൽ ഇവ രണ്ടും ഒരേപോലെ കൈകാര്യം ചെയ്യാൻ പലർക്കും കഴിയാറില്ല. പുതിയ തലമുറയിലെ കുട്ടികൾ വിദേശത്തേക്കു പോകുന്നതിനാൽ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് പ്രഫഷനൽ യോഗ്യതയുള്ളവരെ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. അടിയന്തരമായി ഒരു മാർക്കറ്റിങ് മാനേജരെ നിയമിക്കണമെന്നും ഡിജിറ്റൽ മാർക്കറ്റിങ് വിപുലമാക്കണമെന്നുമൊക്കെയാണ് ആഗ്രഹം. യോജ്യരായ ആളുകളെ ഇതിനായി കിട്ടിയാൽ അതിവേഗം മുന്നേറാമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

മൂന്നു വർഷം മുൻപ് സിഎംസി സന്യാസസഭയുടെ സമൂഹിക സേവനവിഭാഗത്തിനു കീഴിലുള്ള 52 ഫാർമർ ഇ‍ൻട്രസ്റ്റ് ഗ്രൂപ്പുകളിലെ (എഫ്ഐജി)  അംഗങ്ങൾ ഓഹരിയെടുത്താണ് സ്പേസിയയ്ക്കു രൂപം കൊടുത്തത്. ഓരോ ഗ്രൂപ്പിലും ശരാശരി 12 അംഗങ്ങൾ വീതമുണ്ട്. 2000 രൂപയായിരുന്നു ഓഹരിവില. ആദ്യഘട്ടത്തിൽ വനിതകളാണ് ഓഹരിയെടുത്തതെങ്കിലും നാട്ടിലെ എല്ലാ കർഷകർക്കും പ്രയോജനപ്പെടുന്നതിനായി പുരുഷന്മാർക്കും ഓഹരി അനുവദിക്കുകയായിരുന്നു.

spazia-3

ഇടുക്കിയിലെ മലയോരഗ്രാമങ്ങളിലെ ചെറുകിട കർഷകരുടെ ഉൽപന്നങ്ങൾക്ക് വിലയും വിപണിയും കണ്ടെത്തുകയാണ് സ്പേസിയയുടെ ലക്ഷ്യമെന്നു സിസ്റ്റർ ചൈതന്യ പറഞ്ഞു. സുഗന്ധവിളകൾ, ചക്ക, കാപ്പിക്കുരു തുടങ്ങിയവയുടെ സംസ്കരണവും മൂല്യവർധനയുമാണ് പ്രധാന പ്രവർത്തനം. സംസ്ഥാന സർക്കാർ സ്ഥാപനമായ എസ്എഫ്എസി(സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം)യുടെ കീഴിൽ ആരംഭിച്ച അൻപതിലേറെ എഫ്പിഒകളിൽ ഒന്ന്. ബാലാരിഷ്ടതകളുണ്ടെങ്കിലും മറ്റു പല കമ്പനികളെക്കാളും ഒരു ചുവട് മുന്നിലോടാൻ സ്പേസിയയ്ക്കു കഴിയുന്നു. കാലതാമസമില്ലാത്തെ കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും കമ്പനി നിയമപ്രകാരമുള്ള കടലാസ് ജോലികൾ പൂർത്തിയാക്കി പ്രവർത്തനനിരതരാകാനും സിസ്റ്റർക്കും സഹപ്രവർത്തകർക്കും സാധിച്ചു. സംസ്കരണജോലികള്‍ക്കുള്ള ഡ്രയർ, പൾവറൈസർ, റോസ്റ്റർ എന്നിവയും പാക്കിങ് മെഷീനുകളും ഇവർക്കു സ്വന്തമായുണ്ട്.

ഉൽപാദനം നല്ല നിലയിലെത്തിയതു കഴിഞ്ഞ വർഷം മാത്രമാണെന്നു സിസ്റ്റർ ചൈതന്യ ചുണ്ടിക്കാട്ടി. ഈ വർഷം ഇതുവരെ ആകെ 18 ലക്ഷം രൂപയുടെ വിറ്റുവരവ് നേടാനായി. മുൻകൂട്ടി ഓർഡർ നൽകിയാൽ ഏത് ഉൽപന്നവും മികച്ച നിലവാരത്തിൽ നൽകാമെന്ന് ആത്മവിശ്വാസമുണ്ടെന്നു സിഇഒ മോനിഷ പറഞ്ഞു. നഴ്സുമാർ ഉൾപ്പെടെയുള്ള വിദേശ ഇന്ത്യക്കാരാണ് നിലവിൽ കമ്പനിയുടെ പ്രധാന കസ്റ്റമർമാർ. കർഷക കുടുംബങ്ങളിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കും മഹാനഗരങ്ങളിലേക്കും ചേക്കേറിയ അവർ സ്പേസിയിയയുടെ ബ്രാൻഡ് അംബാസഡർമാരാകുമെന്ന പ്രതീക്ഷയും സിസ്റ്റർക്കുണ്ട്. കലർപ്പില്ലാതെയും മികച്ച നിലവാരത്തിലും മസാലക്കൂട്ടുകളും മറ്റ് ഉൽപന്നങ്ങളും കിട്ടുമെന്നു കേട്ടറിഞ്ഞ് എത്തുന്നവരാണേറെ. ‘സ്പീസിയ’ ബ്രാൻഡിലാണ് വിൽപന. ഇറ്റാലിയൻ ഭാഷയിൽ സ്പീസിയ എന്നാൽ സുഗന്ധവിളകൾ എന്നർഥം. സ്വന്തമായി കയറ്റുമതി ലൈസൻസ് വരെ സ്വന്തമാക്കിയ സ്പേസിയ മറ്റു ബ്രാൻ‌ഡുകൾക്കു വേണ്ടി ചില്ലറപായ്ക്കറ്റുകൾ തയാറാക്കാനും സന്നദ്ധമാണ്.

ഹൈറേ‍ഞ്ചിൽ സുലഭമായ ചക്കയാണ് സ്പേസിയയുടെ ഒരു പ്രധാന അസംസ്കൃതവസ്തു. ഉണക്കച്ചക്ക, ചക്കക്കുരുപ്പൊടി, പായസം മിക്സ്, അപ്പപ്പൊടി, ദോശപ്പൊടി, ജാക്ക്, കുക്കീസ്, ജാം, ഹെൽത്ത് മിക്സ്, അവലോസു പൊടി എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങൾ ചക്കയിൽനിന്നു തയാറാക്കുന്നു. കർഷകരിൽനിന്നു കിലോയ്ക്ക് 50 രൂപ നിരക്കിൽ പച്ചച്ചക്ക വാങ്ങി സംസ്കരിക്കുകയാണ് പതിവ്. വെട്ടിയൊരുക്കിയ ചക്കച്ചുളയ്ക്കാണ് ഈ വില നൽകുന്നത്. അംഗങ്ങളായ വനിതകൾക്ക്  വീട്ടിലിരുന്നുതന്നെ ഈ ജോലി ചെയ്യാം. ഹൈറേഞ്ചിലെ ചെറുകിട കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക്, കറുവ പ്പട്ട, സർവസുഗന്ധി തുടങ്ങിയവ സംസ്കരിച്ചു പൊടിച്ച് വിവിധ മസാലക്കൂട്ടുകളായി പായ്ക്ക് ചെയ്യുന്നുമുണ്ട്. ഗരംമസാല, കറിപൗഡർ, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചിപ്പൊടി, വെളുത്തുള്ളിപ്പൊടി എന്നിവയൊക്കെ ഇവരുടെ ഉൽപന്നപ്പട്ടികയിലുണ്ട്. ജാതിക്കാ സ്ക്വാഷ്, ജാം, കാൻഡി, അച്ചാർ, പ്രിസർവ് എന്നിവയും സ്പേസിയയുടെ ശ്രദ്ധേയമായ ഉൽപന്നങ്ങള്‍.

ഇടുക്കിയിലെ മറ്റൊരു പ്രധാന കാർഷികോൽപന്നമായ കാപ്പിക്കുരു സംസ്കരിച്ച് സ്പെഷൽ കാപ്പിപ്പരിപ്പും കാപ്പിപ്പൊടിയും മസാലക്കാപ്പിയും വിപണിയിലെത്തിക്കുന്നു. ചെറുകിട കൃഷിയിടങ്ങളിൽനിന്ന് നേരിട്ടു വാങ്ങുന്ന സുഗന്ധവിളകൾ മാത്രം ഉപയോഗിക്കുന്നതിനാൽ ഉൽപന്നങ്ങൾക്ക് മികച്ച നിലവാരം ഉറപ്പാക്കാൻ കഴിയുന്നതായി സിഇഒ മോനിഷ പറഞ്ഞു. നിലവാരമുള്ള നടീൽവസ്തുക്കൾ ലഭ്യമാക്കുന്നതിന് അഗ്രോ നഴ്സറിയും ഇവർക്കുണ്ട്.

ഇടുക്കി മച്ചിപ്ലാവിൽ സ്പേസിയ കമ്പനിയുടെ നേതൃത്തിൽ ഒരു കേരള അഗ്രോ ഷോപ്പും പ്രവർത്തിക്കുന്നു. സഞ്ചാരികൾക്ക് ഇവിടെനിന്ന് വിവിധ തരം മസാലകൾ, ചക്കയുൽപന്നങ്ങൾ, കാപ്പിപ്പൊടി, ഇടിയിറച്ചി എന്നിവയൊക്കെ വാങ്ങാം. www.speziaidukkifpcl.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും  സ്പേസിയ ഉൽപന്നങ്ങൾ വാങ്ങാനാകും.

ഫോൺ: 9947688506

E-mail: speziaidukkifpcl@gmail.com

Web: www.speziaidukkifpcl.com

English Summary:

Spaceia, an Idukki-based FPO, empowers women farmers by connecting them to fair markets for their produce. This successful Kerala company processes and sells high-quality spices, jackfruit products, and coffee, both online and through its retail shop.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com