മനുഷ്യർ 2031ൽ ചൊവ്വയിലെത്തും;സ്റ്റാർഷിപ് എന്ന 'ഫൈവ്സ്റ്റാർ റോക്കറ്റ്' തയാറാകും: മസ്ക് പറയുന്നു

Mail This Article
മനുഷ്യരെ ചൊവ്വയിലെത്തിക്കാനുള്ള ദൗത്യങ്ങൾക്ക് 2029ൽ തുടക്കമാകുമെന്ന് ഇലോൺ മസ്ക്. ആ ഘട്ടത്തിൽ ഇതു നടന്നില്ലെങ്കിൽ 2031ൽ ചൊവ്വയിലേക്കുള്ള യാത്ര സാധിക്കുമെന്നും മസ്ക് പറഞ്ഞു. ഭാവിയിൽ ഗ്രഹാന്തര യാത്രകളിലെ പ്രധാനവാഹനമാകുമെന്നു കരുതപ്പെടുന്ന സ്പേസ്എക്സ് സ്റ്റാർഷിപ്പിന്റെ ചൊവ്വയിലേക്കുള്ള ആദ്യ യാത്ര നടക്കുമെന്നും മസ്ക് അറിയിച്ചു.
ലോകത്തെ ഏറ്റവും കരുത്തുറ്റതും വലുപ്പമുള്ളതുമായ റോക്കറ്റാണ് സ്പേസ് എക്സ് സ്റ്റാർഷിപ് . ഏകദേശം 400 അടി (40 നിലക്കെട്ടിടത്തിന്റെ പൊക്കം) ഉയരമുള്ളതാണ് ഈ റോക്കറ്റ് . മണിക്കൂറിൽ 26000 കിലോമീറ്റർ എന്ന ശബ്ദാതിവേഗം കൈവരിക്കാൻ ഇതിനാകും.പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും ചേർന്നതാണു സ്റ്റാർഷിപ്. 2023 മുതൽ പല സമയങ്ങളിലായി ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

മനുഷ്യരെ ചൊവ്വയിൽ എത്തിക്കാനും തുടർന്ന് ചൊവ്വാക്കോളനി രൂപീകരിക്കാനുമൊക്കെ സ്പേസ് എക്സിനു സ്വപ്നങ്ങളുണ്ട്. ഇതിനായി അവർ വിശ്വാസമുറപ്പിക്കുന്ന ബഹിരാകാശവാഹനമാണു സ്റ്റാർഷിപ്. പുതിയ ലോകം കണ്ടെത്താൻ ക്രിസ്റ്റഫർ കൊളംബസിനു തുണയായ സാന്താ മരിയ പോലെയും മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളെ വഹിച്ച സാറ്റേൺ ഫൈവ് റോക്കറ്റ് പോലെയും ചരിത്രപരമായ ലക്ഷ്യങ്ങളുള്ള ഒരു റോക്കറ്റ്. ബിഗ് ഫാൽക്കൺ റോക്കറ്റ് എന്നായിരുന്നു ആദ്യ കാലത്ത് ഇതിനു നൽകിയിരുന്ന പേര്. പിന്നീട് സ്റ്റാർഷിപ് എന്നു പുനർനാമകരണം ചെയ്തു.
മീഥെയ്നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം.റാപ്റ്ററുകൾ എന്നു പേരുള്ള കരുത്തുറ്റ എൻജിനുകളാണ് സ്റ്റാർഷിപ്പിന് ഊർജം നൽകുന്നത്. ഇത്തരം 33 എൻജിനുകൾ റോക്കറ്റിലുണ്ട്.250 ടൺ വഹിക്കാനുള്ള ശേഷി സ്റ്റാർഷിപ്പിനെ ഇതുവരെയുള്ള റോക്കറ്റുകളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നു. ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി എംകെ ത്രീയുടെ ഭാരവാഹകശേഷി 10 ടൺ മാത്രമാണ്. മറ്റുള്ള റോക്കറ്റുകളെക്കാൾ പല മടങ്ങ് ഇരട്ടി ഭാരം ഇതിനു വഹിക്കാൻ കഴിയുമെന്ന് സാരം. സ്പേസ് എക്സിന്റെ തന്നെ ഹെവി ഡ്യൂട്ടി റോക്കറ്റായ ഫാൽക്കൺ ഹെവിക്കുപോലും 70 ടൺ വഹിക്കാനുള്ള ശേഷി മാത്രമാണുള്ളത്.

106 മീറ്ററാണ് സ്റ്റാർഷിപ്പിന്റെ ഉയരം (ബൂസ്റ്ററുൾപ്പെടെ), ഏകദേശം ഒരു 34 നില കെട്ടിടത്തിന്റെ പൊക്കം കണക്കുകൂട്ടാം. 85 ടൺ ഭാര വരും .റോക്കറ്റിന്റെ മുകളിലുള്ള പേയ്ലോഡ് ബേയിലാണു ബഹിരാകാശത്തേക്കുള്ള യാത്രികർ, ഉപഗ്രഹങ്ങൾ, യാത്രികരുടെ ലഗേജ് ഒക്കെ വഹിക്കുന്നത് . എട്ടുനില കെട്ടിടത്തിന്റെ പൊക്കമുണ്ട് ഈ സ്ഥലത്തിന്. 40 കാബിനുകൾ അടങ്ങുന്ന ബേ പരമാവധി 120 യാത്രികരെ വഹിക്കും. ഇതോടൊപ്പം പൊതു ഇടങ്ങൾ, വലിയ അടുക്കള, സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, സൗരവാതത്തിൽനിന്നു രക്ഷനേടാനുള്ള 'ഷെൽറ്റർ' തുടങ്ങിയവയൊക്കെയുണ്ട്.മൊത്തത്തിൽ ഒരു ഫൈവ്സ്റ്റാർ റോക്കറ്റ്.
240 ടൺ മീഥെയ്നും 860 ടൺ ദ്രവീകൃത ഓക്സിജനുമാണ് സ്റ്റാർഷിപ് സ്പെയ്സ് ക്രാഫ്റ്റിന്റെ വമ്പൻ ഇന്ധനടാങ്കുകളിൽ സൂക്ഷിക്കാനാകുന്നത്. ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ പോയാൽപ്പോലും ലാൻഡിങ് ഘട്ടത്തിൽ സ്റ്റാർഷിപ് പതറാനുള്ള സാധ്യത പൂജ്യമാണെന്നാണു മസ്ക് പറയുന്നത്.ചന്ദ്രനിലേക്ക് യാത്ര പോകുന്ന സ്റ്റാർഷിപ്പിന് അവിടെ നിന്നു റിട്ടേൺ യാത്ര നടത്താനുള്ള കഴിവുമുണ്ടാകും