പ്രവചനാതീത യാത്രയിലെ അഭൗമ സൗന്ദര്യങ്ങൾ

Mail This Article
എന്തും നേരിടാൻ തയാറെടുത്തവരാണ് ബഹിരാകാശ സഞ്ചാരികൾ. പ്രവചനാതീതമാണ് അവരുടെ യാത്ര. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 10 ദിവസം മാത്രം തങ്ങാനായിരുന്നു പ്ലാനെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും പറയുമ്പോഴും യഥാർഥത്തിൽ അവർ അതിലേറെ നീണ്ട വാസത്തിന് തയാറെടുത്തുതന്നെയാണിരുന്നത്. ഞങ്ങളുടെ പരിശീലനത്തിന്റെ വലിയൊരു പങ്കും പ്രവചനാതീത സാഹചര്യങ്ങളെ നേരിടുന്നതിലാണ്. പ്രത്യേകിച്ചും അപകടകരമായ അടിയന്തര സാഹചര്യങ്ങളെ. ഇത് അടിയന്തര സാഹചര്യമൊന്നുമായിരുന്നില്ല.
നീട്ടിക്കിട്ടിയ നിലയക്കാലം സുനിതയും ബുച്ചും നന്നായി വിനിയോഗിച്ചു. സുനിതയെ വളരെക്കാലമായി എനിക്ക് അടുത്തറിയാം. നിലയത്തിൽക്കഴിയുമ്പോഴും സുനിത എനിക്ക് ഇമെയിൽ അയയ്ക്കുമായിരുന്നു. ബഹിരാകാശത്തെ സന്തോഷ ഇടമെന്നാണ് സുനിത ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബഹിരാകാശത്ത് ആദ്യമായി എത്തുമ്പോൾ കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടാനുള്ള വിസ്മയമായിരുന്നു അവർക്ക്. ആ ഊർജം എക്കാലവും കാത്തു.
ബഹിരാകാശ സഞ്ചാരികൾക്കുള്ള മുന്നൊരുക്കങ്ങൾക്കായി കടലിനടിയിൽ തയാറാക്കിയിട്ടുള്ള അക്വേറിയസ് പരിശീലന ലാബ് അതികഠിനമായ സാഹചര്യങ്ങൾ നിറഞ്ഞതാണ്. ലാബിൽ ഓക്സിജനുണ്ട്. വെളിയിലിറങ്ങി തിരയ്ക്കു മുകളിലേക്ക് നീന്തി രക്ഷപ്പെടാമെന്നു വിചാരിച്ചാലും നടക്കില്ല. കാരണം, ഒരു മണിക്കൂർ ആ ലാബിൽ കഴിഞ്ഞാൽ ശരീരത്തിന്റെ അവസ്ഥ മാറും. നീന്താൻ ശ്രമിച്ചാലും വിജയിക്കില്ല. മുങ്ങി മരിക്കും.
എന്തെല്ലാം, എത്രമാത്രം മോശം അവസ്ഥയിലേക്കു പരിണമിക്കാമോ, അതെല്ലാം പ്രതീക്ഷിച്ചും മുൻകൂട്ടി കണ്ടുമാണ് ബഹിരാകാശ സഞ്ചാരി തയാറെടുക്കുന്നത്. സുനിതയും ബുച്ചും നാസ യാത്രികരാകും മുൻപ് ടെസ്റ്റ് പെലറ്റുമാരായിരുന്നു. വിചാരിച്ചതിലും നീണ്ട ബഹിരാകാശ വാസം കൈകാര്യം ചെയ്യാനുള്ള മികവിൽ അവർ മുൻപന്തിയിൽത്തന്നെ.
∙ നിക്കോൾ സ്കോട്ടിന്റെ കുറിപ്പിന്റെ പൂർണരൂപം ഇൗ ലക്കം ദ് വീക്ക് വാരികയിൽ.