കൊച്ചേട്ട് വീട്ടിലെ കൂറ്റൻ ഇലഞ്ഞിക്ക് ഓയിസ്ക പുരസ്കാരം; 300ലേറെ വർഷം പഴക്കം

Mail This Article
കോട്ടയം ∙ താഴത്തങ്ങാടി കൊച്ചേട്ട് വീട്ടിലെ കൂറ്റൻ ഇലഞ്ഞിമരത്തിനും വീട്ടുകാർക്കും ആദരം. വൃക്ഷമുത്തശ്ശിയെ പരിപാലിച്ച കെ.ജെ ജേക്കബ് കൊച്ചേട്ട്, ഭാര്യ എൽസി ജേക്കബ് എന്നിവർക്ക് ഓയിസ്ക ഇന്റർനാഷനൽ കോട്ടയം ചാപ്റ്റർ വനദിനമായ ഇന്ന് വൃക്ഷ മുത്തശ്ശി സംരക്ഷക അവാർഡ് നൽകും.
ഈ ഇലഞ്ഞിക്ക് മൂന്നൂറിനും നാനൂറിനും ഇടയിൽ പ്രായമുണ്ടെന്ന് വനംവകുപ്പ് പീച്ചി ഗവേഷണ കേന്ദ്രം കഴിഞ്ഞ വർഷം സാക്ഷ്യപ്പെടുത്തിയിരുന്നു. ദശാബ്ദങ്ങൾക്ക് മുൻപ് തന്റെ പിതാവ് ഈ ഭൂമി വാങ്ങുമ്പോൾത്തന്നെ ഇലഞ്ഞി ഉണ്ടായിരുന്നെന്നും അതു വെട്ടരുതെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ജേക്കബ് പറയുന്നു. 2 വർഷം മുൻപും ഈ ഇലഞ്ഞിമരം ഏറെ ശ്രദ്ധനേടിയിരുന്നു. ബംഗാൾ ഗവർണർ സി.വി ആനന്ദബോസാണ് അന്ന് ഈ ഇലഞ്ഞിത്തണലിൽ ഇരുന്ന് തന്റെ കവിത ആലപിച്ചുകേട്ടത്. തന്റെ കഥാസമാഹാരത്തിന് പേരിടാൻ കാരണമായത് ഈ ഇലഞ്ഞിമരമാണെന്നും അതിനെ സ്മരിച്ച് എഴുതിയതാണ് കവിതയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മുത്തശ്ശി ഗൗരിയമ്മയ്ക്ക് ഇലഞ്ഞിമാല കൊരുക്കുന്നത് ഇഷ്ടമായിരുന്നെന്നും സി.വി ആനന്ദബോസ് പറഞ്ഞു. വീട്ടിലെ ഇലഞ്ഞിമരം പട്ടുപോയി. എന്നാൽ പിന്നീട് ജേക്കബിന്റെ വീട്ടിലെ ഇലഞ്ഞിമരം കണ്ടപ്പോൾ ആ ഓർമകൾക്കൊപ്പം ‘ഇലഞ്ഞിപ്പൂക്കൾ ചിരിക്കും കാലം’ എന്ന പേരും ഓടിയെത്തി. തന്റെ കഥാസമാഹാരത്തിന് ആനന്ദബോസ് ആ പേരു നൽകി. അതേക്കുറിച്ച് എഴുതിയ കവിത ആലപിച്ച ബെൽവ മറിയം ബിജുവിനെയും ജേക്കബിന്റെ കുടുംബത്തേയും കൊൽക്കത്തയിലെ വസതിയിലേക്ക് അദ്ദേഹം ക്ഷണിച്ചു. ഇലഞ്ഞിയുടെ തൈ കൊൽക്കത്തയിൽ ഗവർണറുടെ വസതിയിൽ നട്ട സന്തോഷം ജേക്കബും ഭാര്യയും പങ്കുവച്ചു.