ഏറ്റവും കൂടുതൽ മൈലേജുള്ള മാരുതി കാർ! പരീക്ഷണയോട്ടം നടത്തി ഫ്രോങ്സ് ഹൈബ്രിഡ്

Mail This Article
ഹൈബ്രിഡ് എൻജിനുമായി എത്തുന്ന മാരുതിയുടെ ആദ്യ ചെറു കാർ ഫ്രോങ്സ്. തുടക്കത്തിൽ ഫ്രോങ്സിനും പിന്നീട് മറ്റു ചെറു വാഹനങ്ങളിലേയ്ക്കും ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിക്കാനാണ് മാരുതി ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ഗുരുഗ്രാമിൽ പരീക്ഷണയോട്ടം നടത്തുന്ന ഫ്രോങ്സിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിലവിലെ ഫ്രോങ്സിൽ നിന്ന് ഏറെ മാറ്റങ്ങൾ ഇല്ലാതെയാണ് പുതിയ മോഡൽ എത്തുക. പുതിയ സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിക്കുന്ന ഇസഡ് സീരിസ് എൻജിനായിരിക്കും പുതിയ കാറിൽ. ടൊയോട്ടയുടെ പാരലൽ ഹൈബ്രിഡിൽ നിന്ന് വ്യത്യസ്തമായി സീരിസ് ഹൈബ്രിഡ് സാങ്കേതിക വിദ്യയായിരിക്കും ഫ്രോങ്സിൽ. ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എൻജിൻ പുറത്തിറക്കി ഡീസൽ വിപണിയിൽ നിന്നുള്ള പിൻമാറ്റത്തിന്റെ ക്ഷീണം തീർക്കാനാകും എന്നാണ് മാരുതി കരുതുന്നത്. ലീറ്ററിന് 35 മുതൽ 40 വരെ കിലോമീറ്റർ ഇന്ധനക്ഷമത ഈ എൻജിൻ നൽകുമെന്നാണ് കരുതുന്നത്.
അടുത്ത വർഷം ഹൈബ്രിഡ് ഫ്രോങ്സിനെ മാരുതി വിപണിയിലെത്തിക്കും. ഫ്രോങ്സിന് പിന്നാലെ ബലേനോ, സ്വിഫ്റ്റ് എന്നീ ജനപ്രിയ വാഹനങ്ങളുടേയും ഹൈബ്രിഡ് മോഡൽ പുറത്തിറക്കും. സാങ്കേതികവിദ്യക്കൊപ്പം മൈലേജിലും ഞെട്ടിക്കും വിപ്ലവം നടത്താനാണ് മാരുതി ശ്രമം. ഇലക്ട്രിക്കിൽ മാത്രം ഭാവി പദ്ധതികൾ ഒതുക്കാതെ സിഎൻജിയിലും ബയോ ഫ്യൂവലിലും ഹൈബ്രിഡിലുമെല്ലാം മാരുതി നിക്ഷേപങ്ങളിറക്കുന്നത് ഭാവിയിലെ വിപണി സാധ്യതകൾ മുന്നിൽ കണ്ടാണ്. ഗ്രാൻഡ് വിറ്റാരയെപ്പോലെയും ഇൻവിക്റ്റോയെപ്പോലെയും ടൊയോട്ടയിൽ നിന്ന് ഹൈബ്രിഡ് ടെക്നോളജി കടം കൊള്ളാതെ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് സുസുക്കി പദ്ധതി.
സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ഇസഡ് 12ഇ, മൂന്നു സിലിണ്ടർ എൻജിനിൽ 1.5–2 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടറും ചേർത്ത് ഇന്ധനക്ഷമത വർധിപ്പിക്കാനാണ് മാരുതിയുടെ ശ്രമം. ഫോങ്സ്, ബലേനോ, സ്പാസിയയെ അടിസ്ഥാനമാക്കിയ എംപിവി, സ്വിഫ്റ്റ് എന്നീ വാഹനങ്ങൾ ഈ എൻജിനുമായി വിപണിയിലെത്തും. ഡീസലിന് ബദലായി എത്തുന്ന ഈ ഉയർന്ന ഇന്ധനക്ഷമതയുള്ള കാറുകൾ ഇന്ത്യൻ വിപണിയിൽ ഒരു ഹൈബ്രിഡ് തരംഗം സൃഷ്ടിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.