ചെറിയ വീട്ടിലും പരമാവധി സ്റ്റോറേജ് ഒരുക്കാം: ഈ വിദ്യകൾ പരീക്ഷിക്കൂ

Mail This Article
വീട് എത്ര ചെറുതാണെങ്കിലും സ്റ്റോറേജ് ഒരുക്കുന്ന കാര്യത്തിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ ആകർഷകവും സൗകര്യപ്രദവുമായ ഇടമാക്കി അതിനെ മാറ്റാനാകും. അത് എങ്ങനെയെന്ന് നോക്കാം.
മുക്കും മൂലയും ഒഴിവാക്കണ്ട
വീട് അൽപം പഴക്കമുള്ളതോ അല്ലെങ്കിൽ നവീകരണം നടത്തി രൂപമാറ്റം വരുത്തിയതോ ആണെങ്കിൽ അവിടെ കൃത്യമായ ആകൃതിയിലോ അളവിലോ അല്ലാത്ത കോണുകൾ ഉണ്ടാവാം. ഇത്തരം കോണുകൾ വെറുതെ ഇടാതെ ഉപയോഗപ്രദമാക്കാൻ ശ്രമിക്കാം. ഉദാഹരണത്തിന് വാഷ്ബേസിനോ അവിടെ ഉൾക്കൊള്ളിക്കാവുന്ന വിധത്തിലുള്ള കണ്ണാടിയോ ഒക്കെ സ്ഥപിക്കാവുന്നതാണ്. ഇത്തരം ഇടങ്ങളുടെ ആകൃതിക്ക് ചേരുന്ന വിധത്തിലുള്ള സ്റ്റോറേജ് യൂണിറ്റുകൾ ഓൺലൈൻ വിപണികളിലും ലഭിക്കും. ആവശ്യാനുസരണം അവയിൽ നിന്നും തിരഞ്ഞെടുക്കാം.
ബിൽറ്റ് ഇൻ ക്യാബിനറ്റുകൾ
ഇടുങ്ങിയ മുറികൾക്കുള്ളിൽ വലിയ അരമാരകളോ കബോർഡുകളോ വയ്ക്കുന്നത് സ്ഥലവിസ്തൃതി കുറയുന്നതിന് കാരണമാകും. ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങി നിൽക്കുന്ന തരത്തിലുള്ള ബിൽറ്റ് ഇൻ ക്യാബിനറ്റുകളാണ് ഇത്തരം മുറികൾക്ക് അനുയോജ്യം. സീലിങ് വരെ എത്തിനിൽക്കുന്ന വലിപ്പത്തിലുള്ള ഇത്തരം ക്യാബിനറ്റുകൾ കൂടുതൽ സാധനങ്ങൾ സ്റ്റോർ ചെയ്തു വയ്ക്കാനുള്ള സൗകര്യം ഒരുക്കുകയും അതേസമയം മുറിക്കുള്ളിൽ ആവശ്യത്തിനുള്ള സ്ഥല വിസ്തൃതി ഉറപ്പാക്കുകയും ചെയ്യും.
ഒറ്റ ഫർണിച്ചർ; പല ഉപയോഗങ്ങൾ
ആവശ്യാനുസരണം വ്യത്യസ്ത കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്ന മൾട്ടിപർപസ് ഫർണിച്ചറുകൾ ഇന്ന് വിപണിയിൽ ഏറെയുണ്ട്. ഉദാഹരണത്തിന് അടുക്കളയിൽ ഡെസ്ക്കായും ഡൈനിങ് ടേബിളായും ഉപയോഗിക്കാവുന്ന തരത്തിലുള്ള ടേബിൾ വാങ്ങാം. കിടപ്പുമുറികളിലേക്ക് മേശകൾ വാങ്ങുമ്പോൾ സ്റ്റോറേജ് സ്പേസ് ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
സ്ഥലപരിമിതിക്ക് അനുയോജ്യമായ ഫർണിച്ചറുകൾ
വലിയ സോഫയും കസേരകളും തിരഞ്ഞെടുക്കാതെ സീറ്റിങ് സംവിധാനങ്ങൾ ക്രമീകരിക്കാം. ലിവിങ് ഏരിയയിൽ സ്ഥല വിസ്തൃതി കുറവാണെങ്കിൽ ഭിത്തിയോട് ചേർന്ന് കിടക്കുന്ന, താരതമ്യേന വീതി കുറഞ്ഞ ബെഞ്ചുകൾ ഉപയോഗിക്കാം. ഇവയ്ക്കടിയിൽ സ്റ്റോറേജ് സ്പേസ് കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ സൗകര്യപ്രദമാകും. അടുക്കളയിലും ഇത്തരം ബെഞ്ചുകളും സ്റ്റോറേജ് സൗകര്യമുള്ള സ്റ്റൂളുകളും സ്ഥാപിക്കാവുന്നതാണ്.
കിടപ്പുമുറി സൗകര്യപ്രദമാക്കാം
വലുപ്പം കുറഞ്ഞ കിടപ്പുമുറിക്കുള്ളിൽ സാധനങ്ങൾ സൂക്ഷിക്കാൻ അലമാരകളോ ഷെൽഫുകളോ സ്ഥാപിച്ചാൽ മുറി കൂടുതൽ ഇടുങ്ങിയതായി തോന്നിപ്പിക്കും. പ്ലാറ്റ്‌ഫോം ബെഡുകളാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം. തറയിൽ നിന്നും അൽപം ഉയരത്തിൽ പ്ലാറ്റ്‌ഫോം ഒരുക്കി അവിടെ കിടക്ക സ്ഥാപിക്കാം. കിടക്കയ്ക്ക് താഴെയുള്ള ഭാഗത്ത് ഡ്രോയറുകളോ കബോർഡുകളോ നൽകിയാൽ സ്റ്റോറേജും റെഡി.
ഇൻസൈഡ് ഓർഗനൈസറുകൾ
വീടിനുള്ളിൽ സ്റ്റോറേജ് യൂണിറ്റുകൾ കുറവാണെങ്കിലും എല്ലാ സാധനങ്ങളും ഉൾക്കൊള്ളിക്കാൻ ഇൻസൈഡ് ഓർഗനൈസറുകൾ ഉപയോഗിക്കാം. ഒരേ തരത്തിലുള്ള വസ്തുക്കൾക്കോ വസ്ത്രങ്ങൾക്കോ ആയി പ്രത്യേകം ബോക്സുകൾ തയ്യാറാക്കി അവ സ്റ്റോറേജിനുള്ളിൽ അടുക്കി വയ്ക്കുകയാണെങ്കിൽ കൂടുതൽ സാധനങ്ങൾ ഉൾക്കൊള്ളിക്കാനാകും.
വെർട്ടിക്കൽ സ്റ്റോറേജുകൾ
ഇടുങ്ങിയ അടുക്കളകൾക്കുള്ളിലാണ് വെർട്ടിക്കൽ സ്റ്റോറേജുകൾ കൂടുതൽ ഉപയോഗപ്രദമാകുന്നത്. പാത്രങ്ങളും പാചക ഉപകരണങ്ങളും സൂക്ഷിക്കാൻ ഷെൽഫുകളോ ബോക്സുകളോ ഉപയോഗിക്കുന്നത് ഫ്ലോർ സ്പേസ് കുറയുന്നതിന് കാരണമാകും. ഭിത്തിയിലോ കതകുകളുടെ പിൻഭാഗത്തോ ഘടിപ്പിക്കാവുന്ന തരത്തിലുള്ള വെർട്ടിക്കൽ സ്റ്റോറേജുകൾ വീടിനുള്ളിലെ സ്ഥലം പാഴാക്കാതെ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം ഒരുക്കും.