കാർഷിക കലണ്ടർ തെറ്റിക്കാതെ കൃഷി ലാഭമാക്കി പയ്യന്നൂരിലെ കർഷകൻ

Mail This Article
കാലാവസ്ഥ ചതിച്ചാൽ കർഷകർക്കു കണ്ണീരാണു വിധി. എന്നാൽ, കാലത്തിനനുസരിച്ചാണു കൃഷിയെങ്കിൽ, വിളവു കണ്ണീർപ്പാടത്ത് ആകിലെന്നു പയ്യന്നൂർ പുറച്ചേരി ‘വിഭ’യിൽ കെ.ഹരിദാസന്റെ അനുഭവസാക്ഷ്യം.
വർഷം മുഴുവൻ വിളയുന്ന പച്ചക്കറികളും എന്നും ഫലം തരുന്ന പഴവർഗങ്ങളും ഇപ്പോൾ സാധാരണയാണ്. ഹൈബ്രിഡ് വിത്തുകൾ നാട്ടുനടപ്പും. എന്നാൽ, ഇവയ്ക്കു നാടൻ ഇനങ്ങളുടെ രുചിയും മണവും ഗുണവുമില്ല. ചക്കയും മാങ്ങയും വിളയേണ്ടതു വേനൽക്കാലത്താണ്. കാബേജും കോളിഫ്ലവറും നന്നായി വളരുന്നതു തണുപ്പുള്ളിടങ്ങളിലാണ്. ചൂടുകാലത്തു കഴിക്കേണ്ട അരിയല്ല തണുപ്പുകാലത്തു കഴിക്കേണ്ടത്. ഗുണമേന്മ വേണോ, അളവിൽ കൂടുതൽ വേണോയെന്നു ചോദിച്ചാൽ ഗുണം മതിയെന്നാണു ഹരിദാസന്റെ പക്ഷം. സ്ഥലവും സമയവും നോക്കിയേ ഹരിദാസൻ കൃഷിയിറക്കൂ. വിളവു വർധിപ്പിക്കാൻ ഹൈബ്രിഡ് വിത്തിനങ്ങളുടെ പിന്നാലെ പോകാൻ കൊമേഴ്സ്യൽ ടാക്സ് വകുപ്പിലെ ഈ മുൻ ഉദ്യോഗസ്ഥനു താൽപര്യമില്ല.
പരമ്പരാഗത കർഷക കുടുംബത്തിലാണ് ഹരിദാസൻ ജനിച്ചത്. സർവീസിലിരിക്കുമ്പോഴും സ്വന്തം വീട്ടിലെ ആവശ്യത്തിനുള്ള അരി, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം കൃഷി ചെയ്യുമായിരുന്നു. 2017ൽ വിരമിച്ചശേഷം പൂർണമായും കൃഷിയിലേക്കു മാറി. ഒരേക്കർ പാടത്ത് രണ്ടു വിള നെല്ല്, 80 സെന്റിൽ വാഴ, പച്ചക്കറികൾ, ഇലക്കറികൾ... വിളയുന്നതു വിൽക്കാൻ മാത്രമല്ല; വീട്ടിലെ ആവശ്യത്തിനു കൂടിയാണ്.
മാലക്കാരൻ, കയമ...
വർഷത്തിൽ കൂടുതൽ സമയം വെള്ളംകെട്ടിനിൽക്കുന്നതാണ് ഹരിദാസന്റെ വയൽ. വെള്ളക്കെട്ടിനെ അതിജീവിക്കുന്ന വിത്താണു വിരിപ്പുകൃഷിക്കു വേണ്ടത്. അതുകഴിഞ്ഞാൽ പുഞ്ചയും. വിരിപ്പുകൃഷിക്കു പറ്റിയ വിത്തു പുഞ്ചയ്ക്കു പറ്റില്ല, പുഞ്ച വിത്തു വിരിപ്പുകൃഷിക്കും പറ്റില്ല. ആറുമാസം വെള്ളത്തിൽനിന്നാലും നല്ല വിളവു തരുന്ന മാലക്കാരൻ എന്ന വിത്താണു വിരിപ്പുസമയത് ചെയ്യുക. വിരിപ്പുകാലത്തെ നെല്ലാണു ചൂടുകാലത്ത് അരിയായി ഉപയോഗിക്കേണ്ടത്. ജൂണിൽ തുടങ്ങുന്ന കൃഷി ഒക്ടോബറിൽ കൊയ്യാം. തുടർന്നു പുഞ്ചയായി കയമ കൃഷി ചെയ്യും. കയമ മഴക്കാലത്തു ഭക്ഷണത്തിനു പറ്റിയതാണ്.
ഈ പ്രദേശത്തുമാത്രം കൃഷി ചെയ്യുന്ന അരികിരായ എന്നൊരിനമുണ്ട്. കറി ഇല്ലാതെതന്നെ ഇതിന്റെ ചോറു കഴിക്കാമെന്നതാണു പ്രത്യേകത. അത്രയ്ക്കു രുചിയാണ്.

പുഞ്ചകൃഷിക്കാണു വയലൊരുക്കി വളമെല്ലാം നൽകി കൃഷി ചെയ്യുക. വിരിപ്പുകാലത്തു പാടത്തു വെള്ളമായതിനാൽ വളം ചെയ്യാൻ പറ്റില്ല. നാടൻപശുക്കളുടെ ചാണകം, മൂത്രം എന്നിവ കൊണ്ടുണ്ടാക്കുന്ന ജീവാമൃതമാണു പ്രധാന വളം. പുഞ്ചകൃഷി സമയത്തു വയൽ ഒരുക്കി വിത്തുപാകി മുള വരുമ്പോഴാണു ജീവാമൃതം ഒഴിക്കുക. അത് ഇടയ്ക്ക് ഒഴിക്കും. ഈ വളം തന്നെ മതി വിരിപ്പുകൃഷിക്കും. സ്ഥിരമായി ജൈവകൃഷി തന്നെയായതിനാൽ കീടശല്യം കുറവാണ്.
നെല്ലു കുത്തിയെടുക്കാൻ വീട്ടിൽ മില്ല് ഉണ്ട്. തവിടുകളയാത്ത അരി കിട്ടാൻ വേണ്ടിയാണ് മില്ല് സ്ഥാപിച്ചത്. ആവശ്യത്തിനു കുത്തിയെടുക്കാം.
മഴക്കാലത്ത് ഇലച്ചെടി
എല്ലാ സീസണിലും ഹരിദാസനു കൃഷിയുണ്ട്. സീസണ് അനുയോജ്യമായതാണെന്നു മാത്രം. മഴക്കാലത്ത് ഇലക്കറികളാണു പ്രധാനം. ചീര, തകര എന്നിവ. ചേമ്പ്, ചേന എന്നിവയുടെ ഇലയൊക്കെ മഴക്കാലത്ത് ഭക്ഷണത്തിൽ ഉപയോഗിക്കും. വേനലിൽ പച്ചക്കറിയാണു പ്രധാനം. പാവൽ, പടവലം, ചീര, വെണ്ട എന്നിവയൊക്കെയുണ്ടാകും. അതുപോലെ മരച്ചീനി, മധുരക്കിഴങ്ങ്, വാഴ എന്നിവയൊക്കെ എല്ലാ സമയത്തുമുണ്ടാകും. പത്തിലധികം വ്യത്യസ്ത വാഴകളുണ്ട് കൃഷിയിടത്തിൽ.
ജീവനായി ജീവാമൃതം
വേനലിൽ പറമ്പിൽ പച്ചക്കറി ചെയ്യുമ്പോൾ തടമെടുത്തുവേണം കൃഷി. തടത്തിൽ വൈക്കോൽ, ഉണക്കയില എന്നിവയിട്ടുമൂടണം. അതിൽ ചാണകപ്പൊടി ചേർക്കുക. ജീവാമൃതം ഒഴിച്ച് 10 ദിവസം കഴിഞ്ഞു വേണം വിത്തു പാകാൻ. തൈകൾ മുളപ്പിച്ചു നടാറില്ല. 10 ദിവസം കൂടുമ്പോൾ ജീവാമൃതം നേർപ്പിച്ച് ഒഴിച്ചു കൊടുക്കും.
കീടശല്യം ഒഴിവാക്കാൻ ചാണകം കത്തിച്ച പൊടിയാണ് ഉപയോഗിക്കുക. ചാണകം മുഴുവൻ കത്തിത്തീരും മുൻപേ വെള്ളമൊഴിച്ച് കെടുത്തും. ആ ചാരം ചെടികളുടെ ഇലയിൽ പാകി കൊടുത്താൽ കീടശല്യം ഉണ്ടാകില്ലെന്നു ഹരിദാസൻ പറയുന്നു.
പച്ചക്കറിയുടെ വിളവു കീടങ്ങൾ നശിപ്പിക്കാതിരിക്കാൻ കടലാസുപൊതിയുകയാണു ചെയ്യുന്നത്.
പൂക്കളിൽ പരാഗണം നടന്നുകഴിഞ്ഞു രണ്ടു ദിവസത്തിനുശേഷമാണു കടലാസുകൊണ്ടു പൊതിയുന്നത്. പ്ലാസ്റ്റിക് കവർ കൊണ്ടു പൊതിയരുത്.
ഫോൺ: 9446319896