ADVERTISEMENT

ഭൂമിയിലെ പക്ഷികളിൽ പലതരം ഭക്ഷണരീതികൾ പിന്തുടരുന്നവയുണ്ട്. ധാന്യങ്ങൾ ഭക്ഷിക്കുന്നവ, സസ്യാഹാരവും പഴങ്ങളും മാത്രം ഭക്ഷിക്കുന്നവ, ഇരകളെ വേട്ടയാടിപ്പിടിക്കുന്നവ, കീടങ്ങളെ ഭക്ഷിക്കുന്നവ എന്നിങ്ങനെ പലതരം ഭക്ഷണരീതികൾ പിന്തുടരുന്നവ. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തമാണ് ലാമർഗീർ എന്ന പക്ഷികൾ. ലോകത്ത് അസ്ഥികൾ ഭക്ഷിക്കുന്ന ഒരേയൊരു വിഭാഗം പക്ഷികളാണ് കഴുകൻമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ട ലാമർഗിർ. ബേർഡഡ് വൾചർ എന്ന പേരിൽ അറിയപ്പെടുന്ന ഈ കഴുകന്‌റെ പേര് ജർമൻ ഭാഷയിൽ നിന്നാണു വന്നത്. ചെമ്മരിയാടുകളെ പിടികൂടുന്ന പക്ഷി എന്നാണു ലാമർഗിറിന്‌റെ അർഥം.

39 മുതൽ 45 ഇഞ്ചു വരെ പൊക്കമുള്ള പക്ഷികളാണു ലാമർഗിർ. വലുപ്പമേറിയ പക്ഷികളാണ് ഇവ. ഇവയുടെ ചിറകുവിരിവ് 8 മുതൽ 9 അടി വരെയുണ്ട്. വടക്കേ അമേരിക്കയിലെ റാപ്ടറുകളുമായൊക്കെ താരതമ്യപ്പെടുത്താവുന്ന പക്ഷികളാണ് ഇവ. വെളുത്ത തലയുള്ള ഈ കഴുകന് മൂർച്ചയേറിയ കണ്ണുകളുണ്ട്. കണ്ണിനു ചുറ്റുമുള്ള ഓറഞ്ച് നിറത്തിലെ വലയം ഇവയുടെ സവിശേഷതയാണ്. മുഖത്തുള്ള കറുത്ത തൂവലുകൾ ഇവയ്ക്കു ഗംഭീരമായ പരിവേഷം നൽകുന്നു.

(Photo:X/@BILGERVTI)
(Photo:X/@BILGERVTI)

ഇരുമ്പ് അംശം കൂടുതലുള്ള മണ്ണിലും ലവണാംശമുള്ള അരുവികളിലുമൊക്കെ ലാമർഗിർ കുളിക്കാറുണ്ട്. ഇതുമൂലം ഇവയുടെ തൂവലുകൾക്ക് ഒരു ഓറഞ്ച് ഛവി പടരും. ഇതും ലാമർഗിറുകൾക്കു പ്രത്യേകമായ ഒരു ലുക്ക് നൽകും. ബാക്ടീരിയ ബാധകളിൽ നിന്നു ലാമർഗിറുകളെ രക്ഷിക്കാനും ഈ കുളി സഹായകമാണ്. ആഫ്രിക്ക, യൂറോപ്, ഏഷ്യ എന്നിവിടങ്ങളിൽ ലാമർഗിറുകളെ മുൻപ് സാധാരണമായി കാണാമായിരുന്നു. എന്നാൽ ഇന്നു പലയിടത്തും ഇവ വംശനാശം മൂലം അപ്രത്യക്ഷമായി.

എല്ലുകൾ ഭക്ഷിക്കാനാണ് ലാമർഗിറിന് ഏറ്റവും പ്രിയം. ഇവയുടെ ഭക്ഷണത്തിന്റെ 85 മുതൽ 90 ശതമാനം വരെ അസ്ഥികളാണ്. ഇവയുടെ കാലുകൾ എല്ലുകൾ പൊട്ടിച്ച് മജ്ജ ഭക്ഷിക്കാൻ ഇവയെ അനുവദിക്കുന്നു. ഇത്രയും കട്ടി ഭക്ഷണം ദഹിപ്പിക്കാനായി അതീവ വീര്യമുള്ള ആസിഡും ഇവയുടെ വയറ്റിലുണ്ട്. തങ്ങൾക്ക് ഒറ്റയ്ക്കു തകർക്കാനൊക്കാത്ത വലിയ എല്ലുകൾ കിട്ടിയാൽ അതു തകർക്കാനും ലാമർഗിറുകളുടെ കൈവശം വിദ്യയുണ്ട്. ഉയരത്തിൽ ചെന്നശേഷം പാറക്കല്ലിലേക്ക് എല്ലുകൾ ഇടുകയാണു ചെയ്യുക. അങ്ങനെ തകരുന്ന എല്ലുകളിലേക്കു ലാമർഗിറുകൾ പറന്നെത്തി ഭക്ഷിക്കും.

English Summary:

The Bone-Eating Bird: Meet the Terrifying Lammergeyer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com