എന്താണ് കീമോ മൗത്ത്? ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം

Mail This Article
കാൻസർ ചികിത്സയിൽ രോഗികൾ രോഗത്തിനുപുറമെ പല വെല്ലുവിളികളെയും നേരിടേണ്ടിവരാറുണ്ട്. കാൻസർ ചികിത്സയിലെ വേദന നിറഞ്ഞ, എന്നാൽ അധികം അറിയപ്പെടാത്ത ഒരു വേദന നിറഞ്ഞ പാർശ്വഫലമാണ് കീമോ മൗത്ത് (chemo mouth). വീക്കം, അസ്വസ്ഥത, വായില്‍ വ്രണം തുടങ്ങിയവ ഉണ്ടാകുകയും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സംസാരിക്കാനോ പോലും പ്രയാസം അനുഭവപ്പെടുകയും ചെയ്യും.
എന്താണ് കീമോ മൗത്ത്?
കാൻസറിനോട് പൊരുതുന്നവരിൽ വായിലെ വ്രണങ്ങൾ സാധാരണയാണ്. വായിലും മോണയിലും വ്രണങ്ങളും വീക്കവും ഉണ്ടാകുന്ന അവസ്ഥയ്ക്ക് മ്യൂക്കോസൈറ്റിസ് എന്നാണ് പേര്. ഓറൽ മ്യൂക്കോസൈറ്റിസിനെ ആണ് കീമോമൗത്ത് എന്നു വിളിക്കുന്നത്. കീമോതെറപ്പിയുടെയും റേഡിയോ തെറപ്പിയുടെയും പാർശ്വഫലമാണ് വേദന നിറഞ്ഞ മ്യൂക്കോസൈറ്റിസ്. മിക്ക ആളുകളിലും കാൻസർ ചികിത്സ അവസാനിച്ച് ഏതാനും ആഴ്ചകൾക്കുശേഷം ഈ അവസ്ഥ മെച്ചപ്പെടാറുണ്ട്.
ഓറൽ മ്യൂക്കോസൈറ്റിസ്
ഓറൽ മ്യൂക്കോസൈറ്റിസ് വായയെ ആണ് ബാധിക്കുന്നത്. കീമോതെറപ്പി തുടങ്ങി ഒരാഴ്ചയ്ക്കകം ലക്ഷണങ്ങൾ പ്രകടമാകും. അതുപോലെ റേഡിയോ തെറപ്പി തുടങ്ങി ഏതാണ്ട് രണ്ടാഴ്ചയ്ക്കുശേഷവും ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

ലക്ഷണങ്ങൾ
∙ വായ വരളുക (dry mouth)
∙ വായിൽ വ്രണങ്ങൾ (ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും വേദന)
∙ വാപ്പുണ്ണ്
∙ വായ്നാറ്റം
∙ വായിൽ ഫംഗൽ അണുബാധ എടുക്കുന്ന ചികിത്സയെ ആശ്രയിച്ച് ലക്ഷണങ്ങളുടെ കാഠിന്യവും കൂടും മ്യൂക്കോസൈറ്റിസ് ഉദരത്തെയും ബാധിക്കും. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമാണ്.
റേഡിയോതെറപ്പിയും കീമോ തെറപ്പിയും ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഉദരത്തിലെ മ്യൂക്കോസൈറ്റിസിന്റെ ലക്ഷണങ്ങൾ പ്രകടമാകും.
ലക്ഷണങ്ങൾ
∙ വയറിളക്കം
∙ കീഴ്ഭാഗത്ത് വ്രണങ്ങൾ
∙ ഉദരത്തിൽ നിന്ന് രക്തസ്രാവം (മലത്തിൽ രക്തം കാണപ്പെടാം)
∙ ഭക്ഷണം ഇറക്കുമ്പോൾ വേദന
∙ മലബന്ധം
∙ വയറുവേദനയും വയറ് കമ്പിക്കലും (bloating)

നിങ്ങൾ കാൻസർ ചികിത്സയിലാണെങ്കിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറോട് സംസാരിക്കണം. ഈ ലക്ഷണങ്ങൾ കുറയ്ക്കാൻ ആവശ്യമായ ചികിത്സ അവർ നിർദേശിക്കും. മ്യൂക്കോസൈറ്റിസ് കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്.
∙ മൃദുവായ ടൂത്ത് ബ്രഷ് ഉപയോഗിക്കുക. ദിവസം രണ്ടു തവണ പല്ല് തേയ്ക്കുക. ദിവസത്തിൽ ഒരു തവണ ഫ്ലോസ് ഉപയോഗിക്കുക.
∙ ചൂടുവെള്ളം, ഉപ്പുവെള്ളം അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത മൗത്ത് വാഷ് ഇവ ഉപയോഗിച്ച് വായ കഴുകുക.
∙ വായ വരളുകയാണെങ്കിൽ ഷുഗർഫ്രീ ഗമ്മോ, പൊട്ടിച്ച ഐസ്കഷ്ണങ്ങളോ വായിലിട്ട് ചവയ്ക്കുക.
∙ സൂപ്പ്, ജെല്ലി, സോഫ്റ്റ് ആയ പഴങ്ങൾ തുടങ്ങി ഈർപ്പമുള്ളതും മൃദുവായതുമായ ഭക്ഷണങ്ങൾ കഴിക്കുക.
∙ ലിപ് ബാം ഉപയോഗിക്കുക വഴി ചുണ്ടുകൾ വരളുന്നത് തടയാം.
∙ കൃത്രിമപ്പല്ല് ധരിക്കുന്നവരാണെങ്കിൽ അതൊഴിവാക്കാം. കൃത്രിമപ്പല്ല് ധരിക്കാത്ത സമയങ്ങളിലും അവ വൃത്തിയായി സൂക്ഷിക്കാം.
∙ ധാരാളം വെള്ളം കുടിക്കാം. നാരുകൾ കുറച്ചുമാത്രം കഴിക്കാം. ഡോക്ടറുടെ നിർേദശപ്രകാരം വയറിളക്കത്തിന്റെ മരുന്നു കഴിക്കാം.