+92ൽ തുടങ്ങുന്ന നമ്പരിൽ നിന്നുള്ള വാട്‍സാപ് കോൾ അപകടമോ? സത്യമറിയാം | Fact Check

Mail This Article
+92ൽ തുടങ്ങുന്ന വാട്‍സാപ് കോൾ വഴി തട്ടിപ്പുകൾ നടക്കുന്നതായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പരായ 8129100164–ലേക്ക് നിരവധി പേർ സന്ദേശമയച്ചിരുന്നു. ഇതിന്റെ യാഥാർഥ്യം ഞങ്ങൾ അന്വേഷിച്ചു. വാസ്തവമറിയാം.
∙ അന്വേഷണം

വാട്‍സാപ് കോൾ തട്ടിപ്പുമായി ബന്ധപ്പെട്ട കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ 2012 മുതൽ തന്നെ ഇത്തരത്തിലുള്ള തട്ടിപ്പുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ കണ്ടെത്തി. കൂടുതൽ തിരയലിൽ ബിഎസ്എൻഎൽ ഇതേ നമ്പറുകളിൽ വരുന്ന കോളുകളിൽ ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് 2012 ൽ നൽകിയ മുന്നറിയിപ്പും ഞങ്ങൾക്ക് ലഭിച്ചു.

കൂടാതെ ചില റിപ്പോർട്ടുകൾ പ്രകാരം മറ്റ് ടെലികോം സേവന ദാതാക്കളായ എയർട്ടെൽ, വിഐ എന്നിവരും ഇതേ നമ്പറുകളിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുള്ളതായി വ്യക്തമായി.
കൂടുതല്‍ സ്ഥിരീകരണത്തിനായി ഞങ്ങൾ പൊലീസിന്റെ സൈബർ സെല്ലുമായി ബന്ധപ്പെട്ടു. +92 അടക്കമുള്ള നമ്പറുകളിൽ ആരംഭിക്കുന്ന അപരിചിതമായ വാട്‍സാപ് കോളുകൾ എടുക്കരുതെന്നും ഇത്തരം കോളുകൾ വന്നാൽ ആ നമ്പർ അടിയന്തരമായി ബ്ലോക്ക് ചെയ്യണമെന്നും സൈബർ സെൽ വിഭാഗം പറഞ്ഞു. ഈ കോളുകൾ അറ്റൻഡ് ചെയ്യുമ്പോൾ അവരുടെ ഹാക്കിങ് ആപ്ലിക്കേഷൻ പ്രവർത്തിച്ച് ഗാലറിയിലുള്ളതടക്കമുള്ള ഫോണിലെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു.
വിവിധ ആവശ്യങ്ങൾക്കായി നമ്മൾ ഗാലറി ആക്സസ് നൽകുന്നത് സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുന്നതിൽ തട്ടിപ്പ്കാരുടെ ജോലി എളുപ്പമാക്കുന്നു. സ്ത്രീകളുടേതടക്കമുള്ള ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് എഐ സാങ്കേതിക വിദ്യ, ഡീപ്ഫേക്ക് എന്നിവ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളും വിഡിയോയും നിർമ്മിച്ച് ഇതേ വ്യക്തിക്ക് തന്നെ അയച്ച് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ലക്ഷ്യമിടുന്നത്. +92ൽ ആരംഭിക്കുന്ന നമ്പർ ടെലികോം സേവനദാതാക്കൾ മുൻപ് തന്നെ ബ്ലോക്ക് ചെയ്തിരുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള വിവിധ നമ്പറുകളുമായി തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സൈബർ വിദഗ്ദർ വ്യക്തമാക്കി.
വാസ്തവം
+92ൽ തുടങ്ങുന്ന നമ്പരിലെ വാട്‍സാപ് കോളുകൾ തട്ടിപ്പാണ്. ഇത്തരം കോളുകൾ വരുന്ന നമ്പരുകൾ ബ്ലോക്ക് ചെയ്യണമെന്നും ജാഗ്രത പാലിക്കണമെന്നും സൈബർ സെൽ വിഭാഗം അറിയിച്ചു.