ADVERTISEMENT

എന്റെ കുട്ടിക്കാലം മുതൽ അമ്മയായിരുന്നു എന്റെ എല്ലാം. അച്ഛൻ കൂടെയുണ്ടെങ്കിലും സദാ ഗൗരവം നിറഞ്ഞ മുഖവുമായി കാണുന്ന അച്ഛനോട് സംസാരം പോലും തീരെ കുറവാണ്. പക്ഷേ സ്വന്തം സഹോദരങ്ങൾ എല്ലാം നല്ല നിലയിൽ ആയിരുന്നിട്ടും സാമ്പത്തികമായി ആകെ തകർന്നു പോയ അച്ഛൻ ഒരു സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് പുഞ്ചിരിയോടെ അമ്മ എന്നെ താരാട്ടുമ്പോൾ എനിക്ക് ലോകം പിടിച്ചടക്കിയ സന്തോഷം തന്നെയാണ്.

അമ്മയുടെ ആ നിറഞ്ഞ പുഞ്ചിരി എന്നും എന്റെ മനസ്സിൽ ഒരു ഉത്സവം തീർക്കും. പണ്ടൊരിക്കൽ ക്ലാസ്സിൽ ഹോം വർക്ക് ചെയ്യാത്തതിന് ടീച്ചർ വലതു കൈയിൽ നല്ല ചുട്ട അടി വച്ചു തന്നു. എനിക്ക് സങ്കടം വന്നു കണ്ണു നിറഞ്ഞു തൂവി. വീട്ടിൽ എത്തിയ ഉടനെ ചുമന്നു തടിച്ച എന്റെ കൈകൾ അമ്മയെ കാണിച്ചു. ആ കൈകളിൽ ഒത്തിരി മുത്തമിട്ടു കൊണ്ട് അമ്മ എന്നെ ഒരുപാട് ആശ്വസിപ്പിച്ചു. പിന്നീട് എന്നെ ചേർത്തു പിടിച്ചു തലയിൽ തടവിക്കൊണ്ട് എന്റെ മുഖം ഉയർത്തി പിടിച്ചിട്ട് എന്നെ നോക്കി വാത്സല്യം നിറഞ്ഞ ആ പതിവ് പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. "എന്റെ കുട്ടി നന്നായി പഠിച്ചു നോക്കൂ. ടീച്ചർ നിന്റെ കൈകളിൽ മുത്തം തരും." അത് കേട്ടപ്പോൾ എന്റെ എല്ലാ വേദനയും അകന്നു പോയി.

പിന്നീടൊരിക്കൽ എന്തിനോ വേണ്ടി അച്ഛൻ അമ്മയെ ഒരുപാട് വഴക്ക് പറയുന്നത് കേട്ടു. ഞാൻ കാര്യമറിയാതെ അവിടേക്ക് ഓടിച്ചെന്നു അമ്മയെ വട്ടം കെട്ടിപിടിച്ചു. അച്ഛൻ അത് കണ്ട് പിറുപിറുത്തു കൊണ്ട് വേഗം മുറി വിട്ടു പോയി. അച്ഛൻ പോയ ഉടനെ അമ്മ എന്നെ ചേർത്ത് പിടിച്ചു കവിളിൽ പതിയെ ഒന്ന് നുള്ളിയ ശേഷം പാൽ നിലാവ് പോലെ പുഞ്ചിരി തൂകി. ആ കണ്ണുനീർ മണമുള്ള പുഞ്ചിരിയിൽ എന്റെ മനസ് തണുത്തു. ഇത്ര മനോവേദനയിലും അമ്മ എങ്ങനെ ഇങ്ങനെ ചിരിക്കുന്നു എന്ന് ഞാൻ അന്ന് അതിശയിച്ചു പോയി. അത് കൊണ്ട് അമ്മയെ അച്ഛൻ എന്തിനു വേണ്ടി വഴക്ക് പറഞ്ഞെന്ന ചോദ്യം തന്നെ ഞാൻ വിഴുങ്ങി.

അങ്ങനെയിരിക്കെ ഒരു നാൾ ഞങ്ങളുടെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചു. കൊച്ചു പിണക്കവും, ഇണക്കവും പകർന്നു തണലായി നിന്ന അച്ഛന്റെ മരണം. അച്ഛൻ കൂടെ ഉള്ളപ്പോൾ ഇല്ലായ്മ ഒന്നും അമ്മ അറിഞ്ഞിരുന്നില്ല. ആ വലിയ തണൽ മാഞ്ഞപ്പോൾ തിളച്ച ചൂട് പോലെ ഒരു ശൂന്യത വീട്ടിൽ നിറഞ്ഞു. ആ ദിവസം മാത്രം അമ്മയുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നത് ഞാൻ വിതുമ്പലോടെ കണ്ടു നിന്നു. പിന്നെ അമ്മ കുറെ നാൾ തീരെ മൗനം ആയിരുന്നു. എന്നോട് അമ്മ ഒന്ന് മനസ് തുറന്നു സംസാരിക്കാൻ വേണ്ടി ഞാൻ അന്നൊക്കെ ഒത്തിരി ആഗ്രഹിക്കുമായിരുന്നു. എന്നിട്ടും ചെറിയ പുഞ്ചിരിയോടെ അമ്മ നിറയുന്ന മിഴികൾ തുടച്ചു കൊണ്ട് എന്നെ ചേർത്ത് നിർത്തുമായിരുന്നു.

അച്ഛന്റെ മരണ ശേഷം അമ്മ എന്നെ വളർത്താൻ ഉള്ള നെട്ടോട്ടം ആയിരുന്നു. എനിക്ക് മെച്ചപ്പെട്ട ഒരു ഭാവി ജീവിതം നൽകാൻ അമ്മ എന്നെ കഴിയുന്നത് പോലെ പഠിപ്പിച്ചു. തൊട്ടടുത്തുള്ള അമ്പലത്തിൽ വെളുപ്പിന് പോയി മുറ്റമടിക്കുന്നതും, ഞാൻ പഠിക്കുന്ന സ്കൂളിൽ വൈകിട്ട് ഉപ്പുമാവ് ഉണ്ടാക്കുന്നതും, സ്കൂൾ മുറ്റം അടിച്ചു വാരുന്നതും അന്ന് അമ്മയാണ്. വൈകിട്ട് ക്ഷീണിച്ചു വിയർത്തു വന്നു ഇറയത്തു മടക്കി വച്ചിട്ടുള്ള തഴപ്പായ വിടർത്തിയിട്ട് അമ്മ അതിൽ അൽപ നേരം ഇരിക്കും. അപ്പോഴെല്ലാം എന്റെ കൈ കൊണ്ട് എടുത്തു കൊടുക്കുന്ന ഒരു ഗ്ലാസ്‌ വെള്ളം എന്റെ അമ്മ ആഗ്രഹിച്ചു കാണും. അന്നൊക്കെ ജീവിതത്തിന്റെ ഗൗരവം മനസിലാക്കാത്തത് കൊണ്ടോ അതോ എന്റെ അലസത കൊണ്ടോ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ പുറത്തേക്ക് ഓടും.

അയൽപക്കത്തെ എന്റെ കൂട്ടുകാരുമായി കളിയും, ചിരിയുമെല്ലാം കഴിഞ്ഞു ഞാൻ രാത്രിയിൽ വീടെത്തുമ്പോൾ അമ്മ അടുക്കളയിൽ ജോലിയിൽ ആയിരിക്കും. സ്വന്തം ക്ഷീണം മറന്ന് എഴുന്നേറ്റ് കഞ്ഞി ഉണ്ടാക്കി കൊണ്ട് വന്ന് മേശപ്പുറത്ത് വച്ചിട്ടുണ്ടാകും. അൽപം മുതിർന്നതോടെ ഞാൻ അമ്മയോട് അധികാരത്തോടെ സംസാരിച്ചു തുടങ്ങി. "അമ്മേ ഇത് എന്താ ഇന്നും ചമ്മന്തി ആണോ, വേറെ കറി ഒന്നും ഇല്ലേ" അമ്മയെ കുറ്റപ്പെടുത്തി ദേഷ്യത്തോടെ ചോദിക്കുമ്പോഴും അമ്മ എന്നെ നോക്കി സ്നേഹത്തോടെ തന്നെ പുഞ്ചിരിക്കും. പതിവ് പോലെ തന്നെ എന്റെ ചോദ്യത്തിന് ഒരു മറുപടി ഇല്ലാത്തതിനാൽ അവിടെ ആ സംസാരം നിലയ്ക്കും. അമ്മയോട് പരിഭവം തോന്നുമ്പോഴും സഹതാപം എന്ന വികാരം എന്നിൽ മുള പൊട്ടാൻ അൽപം വൈകും. എന്റെ ചോദ്യങ്ങൾക്കെല്ലാം കൂടെ ഒരുപാട് ഉത്തരങ്ങൾ ഒരുമിച്ചു ചേർത്ത് അമ്മ ഒരു പുഞ്ചിരിയാക്കി അമ്മയുടെ അധരങ്ങളിൽ നിക്ഷേപിച്ചു വച്ചതാണ് എന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

കാലങ്ങൾ ഒരുപാട് മാറി, ഇതിനിടയിൽ ആവശ്യത്തിന് വിദ്യാഭ്യാസം നേടി കഴിഞ്ഞ ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ തരക്കേടില്ലാത്ത ഒരു ജോലിയിൽ പ്രവേശിച്ചു. പിന്നീട് അമ്മയുടെ ആഗ്രഹം പോലെ വിവാഹിതനുമായി. പക്ഷേ അത് വരെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് ചെറിയ വിരാമം അവിടെ മുതൽ ആരംഭിച്ചു തുടങ്ങി. അപ്രതീക്ഷിതമായി ചില വഴിത്തിരിവുകൾ എന്റെ ജീവിതത്തിൽ പിന്നെ കടന്നു വന്നു. അമ്മയും ഞാനും തമ്മിലുള്ള സ്നേഹം ഉലഞ്ഞു തുടങ്ങുന്ന വിധം ശക്തമായ വഴിത്തിരിവുകൾ. ആരുടേയും ശല്യമില്ലാതെ പ്രത്യേകിച്ച്, എന്റെ അമ്മയുടെ ശല്യം പോലും ഇല്ലാതെ തനിച്ചൊരു വീടും, ജീവിതവും ആഗ്രഹിക്കുന്ന എന്റെ ഭാര്യയുടെ മനസറിഞ്ഞപ്പോൾ ഞാൻ ഏറെ ദുഃഖിതനായി. ഒരു പോം വഴി ആലോചിച്ചു ഒന്നും തീരുമാനം ആകാതെ അന്തം വിട്ടു ഞാൻ നിൽക്കുമ്പോഴും അമ്മ എന്നെ വാത്സല്യം കലർന്ന പുഞ്ചിരിയോടെ ആശ്വസിപ്പിച്ചു.

"നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ജീവിതം വേണ്ടേ. അമ്മയെ മോൻ ഓർക്കണ്ട. ഇനിയുള്ള കാലം നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കു മക്കളെ. ഈ ചെറിയ പൊട്ടി പൊളിഞ്ഞ വീട് അവൾക്ക് ഇഷ്ടമാകൂല. നീ അവളുടെ ഇഷ്ടം പോലെ ഇവിടെ നിന്ന് മാറിക്കോ." എന്നെ നോക്കി ഇങ്ങനെയൊക്കെ പറയാൻ എന്റെ അമ്മക്ക്‌ എങ്ങനെ കഴിയുന്നുവെന്ന് അതിശയത്തോടെ ഞാൻ ആലോചിച്ചു.. കഷ്ടം, എനിക്ക്‌ ആകെയുള്ളത് എന്റെ അമ്മ മാത്രം ആണെന്ന് അറിഞ്ഞിട്ടും എന്റെ ഭാര്യക്ക് അമ്മ എങ്ങനെ ഒരു അധികപ്പറ്റായി തോന്നുന്നു എന്ന് ഞാൻ ചിന്തിച്ചു പോയി. ഒടുവിൽ അമ്മയുടെ സമ്മതത്തോടെ തന്നെ ഞങ്ങൾ വീട് മാറി. ആഴ്ചയിൽ ഒന്നിടവിട്ട് ഞാൻ അമ്മയെ കാണാൻ പോകും. പിന്നീട് അത് ആഴ്ചയിൽ ഒരിക്കൽ ആയി. ആകെ ഒരു ഞായറാഴ്ച കിട്ടുമ്പോൾ ഒരുപാട് പ്രശ്നങ്ങളുടെ പിറകെയോടാൻ ഉണ്ടാകും. എങ്കിലും വൈകുന്നേരം നോക്കി അമ്മയെ കാണാൻ പോകും. അമ്മയുടെ മുഖം ഇപ്പോൾ പഴയ പോലെ പ്രസന്നമാകുന്നില്ല. വെറുതെയെങ്കിലും അമ്മയുടെ മുഖത്തു ഒരു പുഞ്ചിരിയുടെ കണിക ഞാൻ അപ്പോഴെല്ലാം തിരഞ്ഞു.

തിരക്കുകൾ കൂടി വന്നു. എനിക്ക് സ്ഥലം മാറ്റം ഉണ്ടായത് മൂലം താമസിക്കുന്ന സ്ഥലം വീണ്ടും മാറേണ്ടതായി വന്നു. അമ്മയെ കൂടെ വിളിച്ചെങ്കിലും അമ്മ വരാൻ തയാറായില്ല. പിന്നീട് ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ എല്ലാം കുറഞ്ഞു, കുറഞ്ഞു വന്നു. അത് മാസത്തിൽ ഒരിക്കൽ ആയി മാറി. പതിവ് തിരക്കുകൾ തന്നെ ഞങ്ങളെ ഒരുപാട് വേർപെടുത്തി. വേണമെങ്കിൽ എനിക്ക് സമയം കണ്ടെത്താമായിരുന്നു എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. "ഇനി ഈ വില കുറഞ്ഞ കുറ്റബോധം എന്തിനാ, അതിന്റെ ആവശ്യം ഇല്ല," മനസ് പലവട്ടം എന്നെ കുറ്റപ്പെടുത്തി. എങ്ങനെ കുറ്റപ്പെടുത്താതെ ഇരിക്കും. എന്റെ അമ്മയും അധികം വൈകാതെ അച്ഛനെ പോലെ തന്നെ ഈ ലോകത്ത് എന്നെ വിട്ടിട്ട് മരണത്തിനു കീഴടങ്ങി.

അമ്മയെ ഓർത്ത് ഇങ്ങനെ ദുഃഖിക്കാൻ മാത്രം ഞാൻ അത്ര വലിയ യോഗ്യൻ അല്ല എന്നറിയാം. കാരണം ഞാൻ അല്ലേ ആരുമില്ലാത്ത അമ്മയെ തനിച്ചാക്കിയത്. അത്‌ കൊണ്ട് അമ്മ ഒറ്റക്ക് ജീവിച്ചു മടുത്തപ്പോൾ അച്ഛന്റെ അടുത്തേക്ക് പോയതായിരിക്കും. അതേ, അതാണ് വാസ്തവം. അമ്മയ്ക്ക് മുടങ്ങാതെ കൊടുക്കുന്ന ചെലവ് കാശ് പോലും അമ്മ ഉപയോഗിക്കാൻ കൂട്ടാക്കിയിരുന്നില്ല. അമ്മയുടെ പഴയ ഇരുമ്പു പെട്ടിയിൽ അത് കൂട്ടി വച്ചിരിക്കുന്നത് വീട് പൂട്ടി പോകാൻ വേണ്ടി സാധനങ്ങൾ അടുക്കി വയ്ക്കുമ്പോൾ ആണ് കണ്ടത്. എന്നെങ്കിലും ആ പണം ഒരു വലിയ സംഖ്യ ആക്കി ഈ മകന് തന്നെ തിരിച്ചു തരാൻ വേണ്ടി അമ്മ കാത്തു വച്ചതാണോ, അതോ ഇനി വേറെ വല്ല ലക്ഷ്യവും ആ നിക്ഷേപത്തിന്റെ പിന്നിൽ ഉണ്ടാകുമോ? എനിക്ക് അറിയില്ലല്ലോ ദൈവമേ.?

ചന്ദനത്തിരിയുടെ പുക ഉയരുമ്പോൾ ആ മരവിച്ച മുഖം ഞാൻ വീണ്ടും ശ്രദ്ധിച്ചു. അമ്മയുടെ ആ പുഞ്ചിരി അങ്ങനെ തന്നെ ആ മുഖത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ഞാൻ വ്യാമോഹിച്ചു. അങ്ങനെ ഒന്ന് എനിക്ക് ആ മുഖത്ത് ഇനി ദർശിക്കാൻ കഴിയില്ല. പക്ഷേ എന്റെ മനസ് നിറയെ അമ്മയുടെ നിറഞ്ഞ പുഞ്ചിരിയുണ്ട്. അത് മതി ബാക്കിയുള്ള ജീവിതത്തിന് വെളിച്ചം നിറയ്ക്കാൻ എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ എന്റെ സ്ഥായിയായ സന്തോഷം ആയിരിക്കാം അമ്മയുടെ മനസ് നിറഞ്ഞ പുഞ്ചിരിയുടെ ലക്ഷ്യം എന്ന് വിഡ്ഢിയായ ഞാൻ ഒന്ന് സങ്കൽപിക്കാൻ പോലും ഒരുപാട് വൈകി പോയിരുന്നു.. അത് സങ്കൽപം അല്ലല്ലോ സത്യം തന്നെയല്ലേ. നാളെ ഞാൻ ഇത് പോലെ ഒരു അച്ഛൻ ആകുമ്പോൾ എന്റെയും അവസ്ഥ ഇത് തന്നെയല്ലേ...

English Summary:

Malayalam Short Story ' Maanju Poya Amma Nilav ' Written by Smitha Stanley

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com