ഓസീസിനെ തോൽപ്പിച്ച ക്ഷീണത്തിൽ കിടന്ന യുവിയെ വിളിച്ചുണർത്തി കളറിൽ മുക്കി ഹോളി ആഘോഷം; ‘ഓപ്പൺ ചെയ്ത്’ സച്ചിൻ – വിഡിയോ

Mail This Article
റായ്പുർ∙ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ നേതൃത്വത്തിലുള്ള ഹോളി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിനായി റായ്പുരിലുള്ള സച്ചിനും സംഘവും, ഇന്ത്യൻ മാസ്റ്റേഴ്സ് ടീം താമസിക്കുന്ന ഹോട്ടലിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യയുടെ മുൻ താരം യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവരെ മുറിയിൽനിന്ന് വിളിച്ചിറക്കി ഛായങ്ങൾ വാരിപ്പൂശി ആഘോഷമാക്കുന്ന ദൃശ്യങ്ങൾ സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഒട്ടേറെ ആരാധകരാണ് ഷെയർ ചെയ്തത്.
ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാൻ, രാഹുൽ ശർമ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളിൽ കാണാം.
ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ സെമിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ തകർപ്പൻ അർധസെഞ്ചറിയുമായി ഇന്ത്യയ്‍ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു. ടീമിനു വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ്, വാട്ടർ ഗൺ ഉൾപ്പെടെയുള്ള ‘ആയുധ’ങ്ങളുമായി ടീമംഗങ്ങൾ യുവരാജിന്റെ മുറിയിലേക്ക് പോകുന്നത്.
തുടർന്ന് യുവരാജിന്റെ വാതിലിൽ മുട്ടി വിളിക്കുന്ന സംഘം, താരം വാതിൽ തുറന്ന ഉടനെ ‘ആക്രമണം’ തുടങ്ങുന്നു. ഛായം വാരിയെറിഞ്ഞ് യുവരാജിനെ വ്യത്യസ്ത നിറങ്ങൾകൊണ്ട് കുളിപ്പിച്ചതിനു ശേഷമാണ് സംഘം അടുത്ത പരിപാടിയിലേക്ക് കടന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയിൽ ചെന്നും സംഘം ആഘോഷം തുടരുന്നു.
ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവച്ച് സച്ചിൻ തെൻഡുൽക്കർ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിനു താഴെ, ‘വിളിച്ചുണർത്തിയതിനു നന്ദി’ എന്ന കമന്റുമായെത്തി യുവരാജും കയ്യടി നേടി. ഹർഭജൻ സിങ്, ഇർഫാൻ പഠാൻ തുടങ്ങി ഒട്ടേറെ മുൻ താരങ്ങളാണ് സച്ചിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്.