മുതിര്‍ന്നവർക്കും വേണം വിനോദയാത്രകൾ; യാത്രയ്ക്ക് മുൻപ് മെഡിക്കൽ ചെക്കപ്പ് അത്യാവശ്യമോ?

Mail This Article
മുതിര്‍ന്ന പ്രായക്കാരുടെ യാത്രകള്‍ പുണ്യസ്ഥലങ്ങളിലേക്ക് മാത്രമെന്നൊരു ധാരണയുണ്ട് ചിലര്‍ക്ക്. വിശ്വാസികള്‍ക്ക് അത് ഊര്‍ജം നല്കുമെന്നതില് തര്‍ക്കമില്ല. എന്നാല്‍, ഉല്ലാസവും വിനോദവുമൊക്കെ തേടിയുള്ള യാത്രകള്‍ക്കും ഈ പ്രായത്തില്‍ സ്ഥാനമുണ്ട്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം പോക്കറ്റിനൊതുങ്ങുന്ന ടൂറുകള്‍ പോകാം. അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഏകദിന യാത്രകളായാലും മതി.
പ്രായത്തിന് ചേരുന്ന യാത്ര
ആരോഗ്യവും ശാരീരിക പരാധീനതകളും കണക്കിലെടുത്തു വേണം മുതിര്‍ന്നവര്‍ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍. പുലര്‍കാലേ എഴുന്നേല്‍പ്പിച്ച് സ്ഥലങ്ങളില്‍ നിന്നു സ്ഥലങ്ങളിലേക്ക് നെട്ടോട്ടമോടിക്കുന്ന ടൂര്‍ ടൈംടേബിള്‍ എല്ലാവര്ക്കും യോജിച്ചതാകണമെന്നില്ല. മനസ്സിനെ ശാന്തമാക്കുന്ന ഏത് ഇടവും നല്ലതുതന്നെ. മുതിര്‍ന്നവരോട് സൗഹാര്‍ദം പുലര്‍ത്തുന്ന സൗകര്യങ്ങള്‍ വേണം. ശുചിമുറികള്‍ ഉണ്ടാകണം. വയറിന് ദോഷം ചെയ്യാത്ത നല്ല ഭക്ഷണവും വേണം. മലകയറ്റവും സാഹസിക പ്രവൃത്തികളുമൊക്കെ പലര്‍ക്കും പറ്റിയെന്നുവരില്ല.
ഇഷ്ടങ്ങള്‍ ചേര്‍ക്കാം
ചെറുനടത്തങ്ങളും കളിചിരികളും പ്രകൃതിഭംഗി ആസ്വദിക്കലും അറിവു കണ്ടെത്തലുമൊക്കെ ചേര്‍ത്ത് യാത്രകളെ ഉഷാറാക്കാം. പുതിയ ആളുകളെ പരിചയപ്പെടാം. പോകുന്നിടത്ത് സുഹൃത്തോ ബന്ധുവോ ഉണ്ടെങ്കില്‍ ഒരു ചെറിയ സന്ദര്‍ശനവുമാകാം. ചിലര്‍ക്ക് താല്പര്യം ചരിത്രപരമായ സ്ഥലങ്ങളാകും. സ്ത്രീകള്‍ക്ക് ഷോപ്പിങ് ലക്ഷ്യങ്ങള്‍ ഉണ്ടാകും. ഇഷ്ടങ്ങള്‍ സാധിക്കുംവിധത്തിലാകണം യാത്രകള്‍. ജീവിത പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് വലിയ പരിഗണന നല്‍കണം.

സുരക്ഷയ്ക്ക് മുന്‍ഗണന
ദീര്‍ഘയാത്രകള്‍ക്ക് പോകുംമുന്‍പ് ഒരു മെഡിക്കല്‍ ചെക്അപ് ആകാം. കഴിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ അടങ്ങിയ ഒരു മെഡിക്കല്‍ കിറ്റ് എവിടെ പോയാലും കരുതാം. കാലാവസ്ഥയ്ക്ക് ചേര്‍ന്ന വസ്ത്രങ്ങളും ആയാസരഹിതമായി നടക്കാനുള്ള പാദരക്ഷകളുമൊക്കെ കരുതണം. കൂടുതല്‍ നടന്നാല്‍ കിതപ്പുള്ളവര് മറ്റുള്ളവര്‍ക്കൊപ്പം ഓടാന്‍ ശ്രമിക്കരുത്. അവനവന്റെ വേഗവും ആരോഗ്യവും ഓര്‍മിക്കണം.
യോജിച്ച യാത്രയൊരുക്കാം
വീട്ടിലെ മറ്റുള്ളവര്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഇടങ്ങളും അവരുടെ ഉല്ലാസ രീതികളും ചിലപ്പോള്‍ മുതിര്‍ന്നവര്‍ക്ക് യോജിച്ചതാകണമെന്നില്ല. പരിഭവങ്ങളില്ലാതെ അവരെ സ്വതന്ത്രമായി വിടാം. ഒരുമിച്ചുള്ള യാത്രകളില്‍ എല്ലാവരും ഒന്നുചേര്ന്ന്് ഉല്ലസിക്കാന്‍ ശ്രദ്ധിക്കാം. ഇടയ്ക്കൊക്കെ മുതിര്‍ന്നവര്‍ക്കുകൂടി ഒരു ടൂര്‍ പാക്കേജ് ഒരുക്കാന്‍ വീട്ടിലെ ഇളമുറക്കാര്‍ ശ്രദ്ധിക്കണം.