ഐപിഎൽ ‘വിളിച്ചപ്പോൾ’ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഉപേക്ഷിച്ചു; ദക്ഷിണാഫ്രിക്കൻ താരത്തിന് പാക്ക് ബോർഡിന്റെ വക്കീൽ നോട്ടിസ്

Mail This Article
മുംബൈ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ (പിഎസ്എൽ) തഴഞ്ഞ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കളിക്കാൻ കരാറിലെത്തിയ ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ നിയമനടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇക്കഴിഞ്ഞ ജനുവരിയിൽ പിഎസ്എൽ ടീമായ പെഷവാർ സാൽമി ടീമിലെടുത്ത ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മുപ്പതുകാരനായ കോർബിൻ ബോഷ്, കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിൽ കളിക്കാൻ കരാർ ഒപ്പിട്ടിരുന്നു. ഇതോടെയാണ് കോർബിനെതിരെ പാക്ക് ബോർഡ് നിയമനടപടിക്കു തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി താരത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ സൂപ്പർ ലീഗിൽനിന്ന് പിൻമാറിയാണ് താരം ഐപിഎലിൽ കളിക്കാൻ മുംബൈ ഇന്ത്യൻസുമായി കരാറിലെത്തിയത്. ഇത്തവണ പിഎസ്എലും ഐപിഎലും ഏതാണ്ട് ഒരേ സമയത്തായതോടെയാണ് ദക്ഷിണാഫ്രിക്കൻ താരം ഐപിഎലിൽ കളിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ 11 മുതൽ മേയ് 18 വരെയാണ് ഇത്തവണ പിഎസ്എൽ നടക്കുന്നത്. ഐപിഎൽ ആകട്ടെ, മാർച്ച് 21ന് ആരംഭിച്ച് മേയ് 25 വരെ നീളും.
ജനുവരിയിൽ നടന്ന പിഎസ്എൽ ഡ്രാഫ്റ്റിൽ ഡയമണ്ട് വിഭാഗത്തിലാണ് കോർബിൻ ബോഷിനെ പെഷാവർ സാൽമി ടീമിലെത്തിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ മാർച്ച് എട്ടിന്, പരുക്കേറ്റ ലിസാഡ് വില്യംസിനു പകരം കോർബിൻ ബോഷിനെ ടീമിലെടുത്തതായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. ഇതോടെയാണ് പിസിബി നിയമനടപടിയുമായി രംഗത്തെത്തിയത്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള കരാർ കോർബിൻ ലംഘിച്ചുവെന്നാണ് വക്കീൽ നോട്ടിസിലെ പ്രധാന ആരോപണം. മുൻകൂർ അനുമതി കൂടാതെയാണ് കോർബിൻ പിഎസ്എലിൽനിന്ന് പിൻമാറിയതെന്നും പാക്ക് ബോർഡ് ആരോപിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ നോട്ടിസിനു മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോർബിൻ ബോഷിന്റെ പാത പിന്തുടർന്ന്, കൂടുതൽ താരങ്ങൾ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഉപേക്ഷിച്ച് ഐപിഎലിലേക്ക് മാറിയേക്കുമെന്ന ഭയവും പാക്ക് ബോർഡിന്റെ നീക്കത്തിനു പിന്നിലുണ്ട്. ഇത്തരത്തിൽ കാലുമാറുന്ന താരങ്ങളെ ലീഗിൽനിന്ന് വിലക്കുന്ന കാര്യവും പിസിബി ചർച്ച ചെയ്യുന്നതായാണ് വിവരം.
വിദേശതാരങ്ങളുടെ ലഭ്യതയും സൗകര്യവും പരിഗണിച്ചാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഇത്തവണ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് മാറ്റിയത്. മുൻപ് ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് പിഎസ്എൽ സംഘടിപ്പിച്ചിരുന്നത്. ഈ ഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെയും ബംഗ്ലദേശിലെയും ലീഗുകളുമായി താരങ്ങൾക്കായി മത്സരിക്കേണ്ട അവസ്ഥയിലായിരുന്നു പാക്ക് ബോർഡ്.