അക്തറിനെതിരായ അപ്പർ കട്ട് സിക്സർ 22 വർഷങ്ങൾക്കിപ്പുറം വീണ്ടും ഇതാ അതേപടി; കണ്ടു കൊതി തീർന്നില്ലല്ലോ ‘ദൈവമേ’...– വിഡിയോ

Mail This Article
റായ്പുർ ∙ 2003ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ വാശിയേറിയ മത്സരത്തിൽ സാക്ഷാൽ ശുഐബ് അക്തറിനെതിരെ കളിച്ച വിഖ്യാതമായ ആ അപ്പർ കട്ട് സിക്സർ ഉൾപ്പെടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ ഷോട്ടുകളുമായി സച്ചിൻ തെൻഡുൽക്കർ, വിരമിച്ചിട്ടില്ലേ എന്നു സംശയം തോന്നുംവിധം തുടരെ ബൗണ്ടറികളുമായി അമ്പാട്ടി റായുഡു, ഗാലറിയിൽ തിങ്ങിനിറഞ്ഞ അര ലക്ഷത്തോളം കാണികൾ, ഒടുവിൽ മറ്റൊരു ബൗണ്ടറിക്കുള്ള സച്ചിന്റെ ശ്രമം ബൗണ്ടറി ലൈനിന് അരികെ ചാഡ്‌വിക് വാൾട്ടന്റെ ക്യാച്ചിൽ അവസാനിക്കുമ്പോൾ പതിറ്റാണ്ടുകൾക്കു മുൻപ് ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങൾ സാക്ഷ്യം വഹിച്ച ആ ഭയപ്പെടുത്തുന്ന നിശബ്ദതയും അതേപടി...
കാലചക്രം വർഷങ്ങൾ പലതു പിന്നിലേക്ക് തിരിച്ചുവച്ചാണ്, റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ, ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന് വിരാമമാകുന്നത്. ക്രിക്കറ്റ് ആരാധകർ ഒരിക്കൽക്കൂടി കൺകുളിർക്കെ കാണാൻ ആഗ്രഹിച്ച ‘നൊസ്റ്റാൾജിയ’ ഉണർത്തുന്ന ഒട്ടേറെ ക്രിക്കറ്റ് മുഹൂർത്തങ്ങൾ സമ്മാനിച്ച ടൂർണമെന്റിൽ, സച്ചിൻ തെൻഡുൽക്കർ നയിച്ച ഇന്ത്യ മാസ്റ്റേഴ്സാണ് ചാംപ്യൻമാരായത്. ഇതിഹാസ താരം ബ്രയാൻ ലാറ നയിച്ച വെസ്റ്റിൻഡീസിനെ ആറു വിക്കറ്റിന് തകർത്താണ് സച്ചിന്റെയും സംഘത്തിന്റെയും കിരീടധാരണം. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ്. ഇന്ത്യ– 17.1 ഓവറിൽ 4ന് 149.
∙ ഇതിഹാസങ്ങൾ കളത്തിൽ
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിൻഡീസ് കഷ്ടപ്പെട്ടു നേടിയ 148 റൺസ് സച്ചിനും (18 പന്തിൽ 25) റായുഡുവും (50 പന്തിൽ 74) നൽകിയ മിന്നുന്ന തുടക്കം ഊർജമാക്കിയാണ് ഇന്ത്യ അനായാസം മറികടന്നത്. സുന്ദരമായ ഒരു അപ്പർ കട്ടിലൂടെ നേടിയ സിക്സറും 2 ഫോറും ഉൾപ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്സ്. സച്ചിൻ പുറത്തായ ശേഷം ഗുർകീറത് സിങ് (12 പന്തിൽ 14), യുവ്‌രാജ് സിങ് (13 നോട്ടൗട്ട്) എന്നിവരെ കൂട്ടുപിടിച്ച് തകർത്തടിച്ച റായുഡു ടീമിനെ വിജയത്തിന് അടുത്തെത്തിച്ച ശേഷമാണ് പുറത്തായത്.
യൂസുഫ് പഠാൻ പൂജ്യത്തിനു പുറത്തായെങ്കിലും യുവിക്കൊപ്പം ചേർന്ന് സ്റ്റുവർട്ട് ബിന്നി (16) ഇന്ത്യയെ വിജയത്തിലെത്തിച്ചു. റായുഡുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. 9 ഫോറും 3 സിക്സും ഉൾപ്പെടുന്നതാണ് റായുഡുവിന്റെ ഇന്നിങ്സ്.
നേരത്തേ ലെൻഡൽ സിമൺസ് (41 പന്തിൽ 57), ഡ്വെയ്ൻ സ്മിത്ത് (35 പന്തിൽ 45) എന്നിവരുടെ മികവിലാണ് വിൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 5ന് 85 എന്ന നിലയിൽ തകർന്ന വിൻഡീസിനെ 6–ാം വിക്കറ്റിൽ ദിനേഷ് രാംദിനെ (10) കൂട്ടുപിടിച്ച് സിമൺസ് നേടിയ 61 റൺസാണ് കരകയറ്റിയത്. 41 പന്തിൽ 5 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് സിമൺസിന്റെ ഇന്നിങ്സ്. വിൻഡീസ് ക്യാപ്റ്റൻ ബ്രയൻ ലാറ 6 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി വിനയ്കുമാർ മൂന്നും ഷഹബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി.
∙ ‘പ്രതാപം’ വിടാതെ സച്ചിൻ
മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമ്പോൾ, ജെറോം ടെയ്‌ലറിനെതിരെ പവർപ്ലേയിലെ അവസാന ഓവറിലാണ് സച്ചിൻ അപ്പർ കട്ട് സിക്സറുമായി കയ്യടി നേടിയത്. ഈ ഓവറിൽ ടെയ്‍ലറിനെതിരെ സച്ചിൻ തുടർച്ചയായ പന്തുകളിൽ സിക്സും ഫോറും നേടിയിരുന്നു.
ക്ലാസ് ടച്ചുള്ള ബൗണ്ടറിയിലൂടെ ആരാധകരെ ഒരിക്കൽക്കൂടി ത്രസിപ്പിച്ച സച്ചിൻ, തൊട്ടടുത്ത പന്തിൽ അപ്പർ കട്ടിലൂടെ സിക്സറും നേടി അവരെ ആനന്ദത്തിൽ ആറാടിച്ചു. 2003 ലോകകപ്പിൽ അക്തറിനെതിരെ സച്ചിൻ നേടിയ സിക്സറിന്റെ വിഡിയോയുമായി ചേർത്തുവച്ച്, ഈ സിക്സറിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.