ഫൈൻ കിട്ടിയോ? എളുപ്പത്തിൽ ഓൺലൈനായി അടയ്ക്കാം; ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ

Mail This Article
ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന കാലത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ചുമത്തുന്നതും അടക്കുന്നതുമൊക്കെ ഡിജിറ്റലായതില്‍ അദ്ഭുതമില്ല. പിഴവുകള്‍ കയ്യോടെ പിടികൂടുമെങ്കിലും കയ്യോടെ പിഴയടച്ച് തടിയൂരാന്‍ ഇ ചലാന്‍ സംവിധാനത്തിലൂടെ സാധിക്കും. കൈക്കൂലി അടക്കമുള്ള തലവേദനകളില്‍ നിന്നും ഒഴിവാകാനും പറ്റും. കേരളത്തിന്റെ ഇ ചലാന്‍ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? എത്ര പിഴ ഓരോ കുറ്റത്തിനും നല്‍കണം? എങ്ങനെയൊക്കെ പിഴയടക്കാം? വിശദമായി നോക്കാം.
ഇ ചലാന്‍
ഇലക്ട്രോണിക് ചലാന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ ചലാന്‍. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതിന് മുമ്പ് നിയമപാലകര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ച് പിഴ തുക രസീതിലാക്കി എഴുതി നല്‍കുന്നതായിരുന്നു രീതി. ഇ ചലാന്‍ വന്നതോടെ തടയലുമില്ല രസീതുമില്ല. എന്നാല്‍ നിയമലംഘനം നടത്തിയാല്‍ തെളിവോടെ മെസേജ് വരികയും ചെയ്യും. സിസിടിവി, ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ ടെക്നോളജി, ട്രാഫിക്ക് മോണിറ്ററിങ് ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തിലാണ് ഇ ചലാനുകള്‍ പുറപ്പെടുവിക്കുന്നത്.
ഒരിക്കല്‍ ഇ ചലാന്‍ അയച്ചു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വഴി തന്നെ പിഴ അടക്കാനാവും. പിഴ അടക്കാനായി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തേണ്ടതില്ല. മനുഷ്യ സഹജമായ പിഴവുകളും അഴിമതിയും പരമാവധി കുറക്കാനും ഈ സംവിധാനത്തിന് സാധിക്കും. ഇ ചലാന്‍ പുറപ്പെടുവിച്ച ഉടന്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് എസ്എംഎസ് വഴിയോ ഇ മെയില്‍ വഴിയോ ഇത് അയച്ചുകൊടുക്കും. മോട്ടോര്‍ വാഹന വകുപ്പ്, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്നിങ്ങനെ വിവിധ സര്‍ക്കാരിന്റെ വിവിധ വെബ് സൈറ്റുകള്‍ വഴിയും ഇ ചലാനുകള്‍ ബന്ധിപ്പിച്ചിരിക്കും.
പിഴ
കേരളത്തിലെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ തുക 500 രൂപയാണ്. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെയോ കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയോ യാത്ര ചെയ്താല്‍ ഈ പിഴ അടക്കേണ്ടി വരും. അതേസമയം ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനവും സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറും ഓടിച്ചാല്‍ പിഴ തുക 1000 ആയി ഉയരും. ഇരുചക്രവാഹനത്തില്‍ മൂന്നു പേര് സഞ്ചരിച്ചാലും റോഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനും 1000 രൂപയാണ് പിഴ.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചാല്‍ 2000 രൂപ പിഴ നല്‍കേണ്ടി വരും. ഇനി ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയോ കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചോ വാഹനം ഓടിച്ചാല്‍ പിഴ 5,000 രൂപയായി ഉയരും. ഏറ്റവും ഉയര്‍ന്ന പിഴ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും(10,000 രൂപ) പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനം ഓടിച്ചാലുമാണ്(25,000 രൂപ).
എങ്ങനെ പിഴയടക്കും
കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഇ ചലാനുകള്‍ അടക്കാനാവും. കേരള പൊലീസ് വെബ് സൈറ്റിലെ ഇ ചലാന്‍ വിഭാഗം തിരഞ്ഞെടുക്കുക. വാഹനത്തിന്റെ നമ്പര്‍ നല്‍കുക. ചലാന്‍ വിശദാംശങ്ങള്‍ നല്കിയാല് കയ്യോടെ പിഴയടക്കാനാവും. പരിവാഹന്‍ സേവ വെബ് സൈറ്റ് വഴി അടച്ച ചലാന്റെ വിശദാംശങ്ങളെക്കുറിച്ചും അറിയാനാവും. ഇതിനായി പരിവാഹന്‍ ഇചലാന്‍ പോര്‍ട്ടലിലെ ചെക്ക് ഓണ്‍ലൈന്‍ സര്‍വീസുകള്‍ തെരഞ്ഞെടുത്ത് ചെക്ക് ചലാന്‍ സ്റ്റാറ്റസ് ക്ലിക്കു ചെയ്യുക. ചലാന്‍ നമ്പറും വാഹന നമ്പറും ഡ്രൈവിങ് ലൈസന്‍സ് നമ്പറും നല്കിയാല് വിശദാംശങ്ങള്‍ അറിയാനാവും.
ഓണ്‍ലൈനായി മാത്രമല്ല ഓഫ് ലൈനായും പിഴ തുക അടക്കാനാവും. ഇതിനായി അടുത്തുള്ള ട്രാഫിക് പൊലീസ് സ്റ്റേഷനെയാണ് സമീപിക്കേണ്ടത്. പൊലീസ് സ്റ്റേഷനിലേക്ക് പിഴ തുകയുമായി മാത്രം പോവരുത്. കയ്യില്‍ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സും, ഐഡന്റിറ്റി പ്രൂഫും, ട്രാഫിക് നിയമലംഘന ചലാനും കരുതണം. ചില ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ ഇ ചലാന്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതു വഴിയും ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ച് പരിചയമില്ലാത്തവര്‍ക്ക് ഓഫീസര്‍മാരുടെ സഹായത്തില്‍ പിഴയടക്കാനാവും.