‘ഗാർഹിക പീഡനം, ദാമ്പത്യ അവിശ്വസ്തത’; വിവാഹമോചനത്തിനു പിന്നാലെ ‘ചതിയനായ ഭർത്താവി’ന്റെ മ്യൂസിക് വിഡിയോയുമായി ധനശ്രീ

Mail This Article
മുംബൈ ∙ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലുമായി ഔദ്യോഗികമായി വേർപിരിഞ്ഞ അതേ ദിവസം, ഭർത്താവ് വഞ്ചിച്ച ഭാര്യയായി അഭിനയിക്കുന്ന മ്യൂസിക് വിഡിയോ പുറത്തുവിട്ട് കോറിയോഗ്രഫറും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. ‘ദേഖാ ജി ദേഖാ മേനേ’ എന്ന പേരിലാണ്, ഗാർഹിക പീഡനവും ദാമ്പത്യ അവിശ്വസ്തതയും അടിസ്ഥാനമാക്കിയുള്ള വിഡിയോ ധനശ്രീ വർമ പുറത്തിറക്കിയത്.
ജാനി എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോതി നൂറനാണ്. രാജസ്ഥാൻ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ, ഇഷ്‌വാക് സിങ്ങാണ് ധനശ്രീ വർമയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ തല്ലുന്നത് ഉൾപ്പെടെയുള്ള പീഡനങ്ങളാണ് വിഡിയോയിലുള്ളത്. ഭാര്യ ചതിക്കപ്പെടുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങളും ഇതിലുണ്ട്.
വിവാഹമോചനത്തിനു തൊട്ടുപിന്നാലെ, ഭർത്താവിനെ കുറ്റക്കാരനാക്കി വിവാഹജീവിതത്തിലെ താളപ്പിഴകൾ അവതരിപ്പിക്കുന്ന വിഡിയോ ധനശ്രീ പുറത്തിറക്കിയത്, വ്യാപക ചർച്ചകൾക്കും വഴിതെളിച്ചു.
നേരത്തെ, ബാന്ദ്ര കുടുംബകോടതിയാണ് ചെഹലിനും ധനശ്രീക്കും വിവാഹമോചനം അനുവദിച്ചത്. നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു. ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ ഭാഗമാണ് ചെഹൽ. ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപയാണ് ചെഹൽ നൽകുന്നത്.
വിവാഹമോചനക്കേസുകളിലെ 6 മാസ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും കുടുംബ കോടതി തള്ളി. തുടർന്നു ബോംബെ ഹൈക്കോടതിയെ സമീപിച്ച് കേസ് വേഗം പരിഗണിക്കാൻ വിധി നേടുകയായിരുന്നു. 2020 ൽ വിവാഹിതരായ ഇവർ 2 വർഷമായി വേറിട്ടാണു താമസം.