മുളകരച്ച കുറുകിയ തത്തക്കറി; ഇത് എല്ലാവർക്കും ഇഷ്ടമാകുമോ?

Mail This Article
മീൻകറി മുളകരച്ചും വറ്റിച്ചും തേങ്ങയരച്ചുമൊക്കെ വയ്ക്കാറുണ്ട്. ചൂരയും കേരയും അയലയും മാത്രമല്ല, തത്ത മീനും ഇങ്ങനെ തയാറാക്കാവുന്നതാണ്. തത്തയോ എന്നു കേട്ട് ഞെട്ടേണ്ട, പച്ചനിറമുള്ള ഒരു തരം ദശക്കട്ടിയുടെ മീനാണിത്. ഇന്ന് മാർക്കറ്റുകളിൽ ഈ മീൻ വാങ്ങാൻ കിട്ടാനുമുണ്ട്. കളർഫുള്‍ മീനാണിത്. ചോറിനൊപ്പം നല്ല എരിവും പുളിയും ഒരുമിക്കുന്ന കറിയുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. തലേന്ന് വച്ച് പിറ്റേദിവസം എടുക്കുകയാണെങ്കിൽ രുചിയേറും. മുളകരച്ച് എങ്ങനെ തത്തക്കറി വയ്ക്കാമെന്ന് നോക്കാം.
തത്ത മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എടുക്കണം. അതിലേക്ക് ഇത്തിരി കുരുമുളക് ചതച്ചതും ഉപ്പും ചേർത്ത് പുരട്ടി വയ്ക്കാം. മൺച്ചട്ടി വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർക്കാം. അതിലേക്ക് കാൽ ടേബിൾ സ്പൂൺ കടുകും കാൽ സ്പൂൺ ഉലുവയും ചേർക്കണം. ശേഷം ചതച്ചെടുത്ത ഒരുപിടി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള കശ്മീരി മുളക്പൊടിയും മല്ലിപൊടിയും മഞ്ഞപൊടിയും ചേർത്ത് നന്നായി വഴറ്റാം. കുതിർത്തു വച്ച കുടുംപുളിയും വെള്ളവും ചേർത്ത് വഴറ്റാം. എണ്ണ തെളിയുന്നിടം വരെ നന്നായി വഴറ്റണം. കരിഞ്ഞുപോകാതെ നോക്കണം.

അതിലേക്ക് ചെറുചൂടുവെള്ളവും ഒഴിക്കാം. മീൻകറിയുടെ പരുവത്തിന് വെള്ളം ചേർക്കണം. ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. ഇനി അടച്ച് വയ്ക്കാം. നന്നായി തിളച്ചു വരുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ടുകൊടുത്ത് അടപ്പ് മൂടി വയ്ക്കാം. നല്ലോണം തിളച്ചു കഴിയുമ്പോൾ ഇത്തിരി കായപ്പൊടിയും വെളിച്ചെണ്ണയും ആവശ്യത്തിനുള്ള കറിവേപ്പിലയും ചേർക്കാം. 10 മിനിറ്റോളം വയ്ക്കാം. മുളകിട്ട തത്തക്കറി റെഡി. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ചേർക്കുന്നതിനാൽ മീൻകറി നല്ലതായി കുറുകിവരും. വളരെ എളുപ്പത്തിൽ ഈ രുചിയൂറും മീൻകറി തയാറാക്കാം.