മൊത്തവിലക്കയറ്റത്തിൽ വർധന; കയറ്റുമതിയിൽ വീണ്ടും ഇടിവ്, കുത്തനെ കുറഞ്ഞ് വ്യാപാരക്കമ്മി

Mail This Article
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) ഫെബ്രുവരിയിൽ 2.38%. ജനുവരിയിൽ ഇത് 2.31 ശതമാനമായിരുന്നു. 2024 ഫെബ്രുവരിയിൽ ഇത് 0.2 ശതമാനവും. ഭക്ഷ്യഎണ്ണ, പാനീയങ്ങൾ തുടങ്ങിയവയുടെ വിലവർധനയാണ് പ്രതിഫലിച്ചത്. തുടർച്ചയായി 3 മാസം നിരക്ക് കുറയുന്നതിനിടെയാണ് ഇക്കുറി നേരിയ വർധന. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഡബ്ല്യുപിഐ 4 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ടു കണക്കാക്കുന്ന വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ.
കയറ്റുമതി ഇടിഞ്ഞു; വ്യാപാരക്കമ്മി 3 വർഷത്തെ താഴ്ചയിൽ
ന്യൂഡൽഹി∙ തുടർച്ചയായ നാലാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ കുറവ്. 2024 ഫെബ്രുവരിയിൽ 4,141 കോടി ഡോളറായിരുന്ന കയറ്റുമതി കഴിഞ്ഞ ഫെബ്രുവരിയിൽ 3,691 കോടി ഡോളറായി കുറഞ്ഞു. അതേസമയം, ഇറക്കുമതി കഴിഞ്ഞവർഷം ഇതേ കാലയളവിൽ 6,092 കോടി ഡോളറായിരുന്നത് ഇത്തവണ 5,096 കോടി രൂപയായി കുറഞ്ഞു. ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടായതോടെ വ്യാപരക്കമ്മി 1,405 കോടി ഡോളറായി കുറഞ്ഞു. 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.