ADVERTISEMENT

ഡുനേഡിൻ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ദയനീയ തോൽവിയുടെ നിരാശ മറക്കാൻ ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ദയനീയ തോൽവി. മഴമൂലം 15 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ, അഞ്ച് വിക്കറ്റിനാണ് ന്യൂസീലൻഡ് പാക്കിസ്ഥാനെ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 15 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 135 റൺസ്. മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച ന്യൂസീലൻഡ്, 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. 22 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 45 റൺസെടുത്ത ടിം സീഫർട്ടാണ് കളിയിലെ കേമൻ.

ആദ്യം ബാറ്റു ചെയ്ത് 15 ഓവറിൽ 135 റൺസടിച്ചുകൂട്ടിയ പാക്കിസ്ഥാനായി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിനെതിരെ ഷഹീൻ അഫ്രീദി മിന്നുന്ന തുടക്കമാണ് കുറിച്ചത്. ആദ്യ ഓവർ നേരിട്ട ടിം സീഫർട്ടിനെ വെറും കാഴ്ചക്കാരനാക്കി ആദ്യ ഓവർ അഫ്രീദി മെയ്ഡനാക്കി. ഇതോടെ ന്യൂസീലൻഡിന്റെ വിജയലക്ഷ്യം 84 പന്തിൽ 136 റൺസായി. ഈ ഓവറിൽ എൽബിക്കായി പാക്കിസ്ഥാൻ ആവശ്യപ്പെട്ട ഡിആർഎസും സീഫർട്ട് അതിജീവിച്ചു.

തൊട്ടടുത്ത ഓവറിൽ മുഹമ്മദ് അലിക്കെതിരെ മൂന്നു സിക്സറുമായി സഹ ഓപ്പണർ ഫിൻ അലൻ മിന്നിയതോടെ, ആദ്യ ഓവറിലെ കുറവ് ന്യൂസീലൻഡ് തീർത്തു. ഇതിനു പിന്നാലെ, മൂന്നാം ഓവർ എറിയാനെത്തിയ ഷഹീൻ അഫ്രീദിക്കെതിരെ സീഫർട്ട് നാലു സിക്സർ സഹിതം അടിച്ചുകൂട്ടിയത് 26 റൺസ്. മൂന്ന് ഓവറിൽ 44 റൺസ് എന്ന നിലയിലേക്കു കുതിച്ച കിവീസ് മത്സരം അനായാസം സ്വന്തമാക്കുകയും ചെയ്തു.

ടിം സീഫർട്ട് 22 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 45 റൺസുമായി കിവീസിന്റെ ടോപ് സ്കോററായി. ഫിൻ അലൻ 16 പന്തിൽ ഒരു ഫോറും അഞ്ച് സിക്സും സഹിതം 38 റൺസെടുത്തു. 16 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസെടുത്ത മിച്ചൽ ഹേയാണ് കിവീസിനെ വിജയത്തിലെത്തിച്ചത്. ഡാരിൽ മിച്ചൽ 14 പന്തിൽ 14 റൺസെടുത്ത് പുറത്തായി. പാക്കിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.

നേരത്തെ, സ്കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ ആദ്യവിക്കറ്റ് നഷ്ടമാക്കി തകർച്ചയോടെ തുടക്കമിട്ട പാക്കിസ്ഥാന്, ക്യാപ്റ്റൻ സൽമാൻ ആഗയുടെ പ്രകടനമാണ് കരുത്തായത്. ആഗ 28 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 46 റൺസെടുത്തു. ഷതബ് ഖാൻ (14 പന്തിൽ 26), ഷഹീൻ അഫ്രീദി (14 പന്തിൽ പുറത്താകാതെ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ന്യൂസീലൻ‌ഡിനായി ജേക്കബ് ഡുഫി, ബെൻ സിയേഴ്സ്, ജിമ്മി നീഷം, ഇഷ് സോധി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

Shaheen Afridi Taken For 4 Sixes In One Over As New Zealand Steamroll Pakistan By 5 Wickets In 2nd T20I

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com