പ്രിയ സ്വർണ മത്സ്യമേ, വിട! എന്റെ പിഴ, എന്റെ വലിയ പിഴ…

Mail This Article
ഓടമ്പള്ളിയിലെ ചൂട്ടൂ പടയണി ഉത്സവം കഴിഞ്ഞ് പിറ്റേന്ന് രാവിലെ എണീറ്റ പാടേ കുളങ്ങരയിലേക്കാണു നടന്നത്. ഞായറാഴ്ചയാണ്, അൽപം വൈകി എണീറ്റാലും പൂച്ചാക്കൽനിന്ന് ഒരു മണിക്കൂർ ചില്ലാനം കൊണ്ട് ബൈക്കിൽ കോട്ടയത്തെത്താം, എന്നിട്ടും ആശങ്കയായിരുന്നു. പുലർച്ചെ കണ്ട സ്വപ്നം ഫലിക്കണേ എന്നാശിച്ചു. രണ്ട് ജയന്റ് ഗൗരാമി മീനുകളും ചിറകുരുമി കഥകൾ പറഞ്ഞ് നീന്തുന്നു. ആറു വർഷത്തിനു ശേഷമുള്ള അവരുടെ കൂടിക്കാഴ്ചയല്ലേ, അവർക്ക്! ഒരുപാട് പറയാനുണ്ടാവില്ലേ! എന്നൊക്കയായിരുന്നു കിനാവിൽ.
സങ്കടകരമായിരുന്നു ആ കാഴ്ച. കുളത്തിന്റെ പടിഞ്ഞാറേ കരയിൽ മഞ്ഞമുളയുടെ വെളുത്ത വേരുകളോട് ചേർന്ന് ഞെട്ടറ്റ തേക്കില പോലെ പാതി കരലിയേക്കു കയറി ജയന്റ് ഗൗരാമി കിടക്കുന്നു. കൂട്ടിന് ഒരാളായല്ലോ എന്നു തലേന്ന് സന്തോഷിച്ച ആൾ മൗനത്തിന്റെ ചിറകനക്കി അടുത്ത്. വായ തുറന്ന് അന്തരീക്ഷ വായു ശ്വസിക്കുന്ന ഗൗരാമിക്ക് കുഴപ്പമൊന്നും വരില്ല എന്നു കരുതിയാണു കുളം മാറ്റിയത്. കുളം മാറ്റിയപ്പോഴൊക്കെ പുതുവെള്ളത്തിലേക്ക് ഉത്സാഹത്തോടെയാണ് അവർ പോയിരുന്നതും. ആ ഉത്സാഹ തിമിർപ്പിൽ ആശ്വസിച്ചാണ് വലയിൽനിന്ന് കുളത്തിലേക്കു മോചിപ്പിച്ചത്. പക്ഷേ ശ്വാസമെടുക്കാൻ പാടു പെട്ട്, വായ് തുറന്ന് എന്തോ പറയാൻ ഒരുങ്ങുന്ന പോലെ, ഒന്നു രണ്ട് തവണ. എന്റെ മുഖത്തേക്ക് നോക്കി! അവൾ പറയാനൊരുങ്ങിയത് എനിക്ക് കൂടുതൽ വായു വേണമെന്നോ, എനിക്ക് വയ്യ എന്നോ ആയിരുന്നോ!
മീനുകളുടെ കുളം മാറ്റൽ
2015ലാണ് ജയന്റ് ഗൗരാമി മീനുകളുടെ ആദ്യ കുളം മാറ്റം നടത്തിയത്. ആ കഥ ഇവിടെ വായിക്കാം. കേരളത്തിലെ സ്വാദിഷ്ഠമായ മീൻ വിഭവങ്ങൾ തേടി സഞ്ചരിച്ച് തയാറാക്കിയ രുചി മീൻ സഞ്ചാരത്തിൽ പറയുന്ന ജയന്റ് ഗൗരാമിയുടെ സഞ്ചാര വഴിയുടെ ഫ്ലാഷ് ബാക്ക്..
രുചി മീൻ സഞ്ചാരം
അധ്യായം : ആലപ്പുഴ
കായൽ മടിത്തട്ടിലെ മീൻ വിശേഷങ്ങൾ
ഗൗരാമികളുടെ കാർ യാത്ര

ഇത്തവണ വേനൽ അതി കഠിനമായിരുന്നു. കുളങ്ങളൊക്കെ നേരത്തെ വറ്റി. പാടത്തെ കുളമായിരുന്നു ആദ്യം വറ്റിയത്. നൈലോട്ടിക്ക തിലാപ്പിയയും പിങ്ക് ജയന്റ് ഗൗരാമിയെന്ന അലങ്കാര മത്സ്യവുമാണ് വളർത്തിയിരുന്നത്. തിലാപ്പിയ കറിയാവശ്യത്തിനായി ഇടയ്ക്കു പിടിച്ചിരുന്നു. ഏപ്രിലിൽ വെള്ളം വറ്റി അടിത്തട്ടിലെ ചെളി തെളിഞ്ഞതോടെ മീനുകളെ വീട്ടുവളപ്പിലെ കുളത്തിലേക്കു മാറ്റി. മേയ് മാസത്തോടെ അവിടെയും നില പരുങ്ങലിലായി. കഷ്ടിച്ച് ഒരടിയായി വെള്ളം. ചെളിയുള്ളതിനാൽ കുളത്തിലെ വരാലുകൾക്ക് അതു മതി. പക്ഷേ, ഗൗരാമിക്കു നേരെ പോലും നിൽക്കാവാനാത്ത സ്ഥിതി. വെള്ളത്തിൽ തേക്കില വീണ പോലെ ചെരിഞ്ഞു കിടക്കാൻ തുടങ്ങി. രാവിലെയും വൈകിട്ടും അര മണിക്കൂർ വീതം ബോർവെല്ലിൽനിന്നു വെള്ളം പമ്പ് ചെയ്ത് രണ്ടടി വെള്ളം ഉയർത്തും, ഏതാണ്ട് ഒരു മാസം ഇങ്ങനെ പോയി. ഇതിനിടെ മേയ് പാതിയോടെ ബോർവെൽ വരണ്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കിണറ്റിലെ വെള്ളവും വറ്റി. 40 വർഷത്തിനിടെ ആദ്യമായാണ് വീട്ടിലെ കിണറും കുളവും ഒരുമിച്ച് വറ്റുന്നത്. ഒന്നര കിലോ മീറ്റർ കിഴക്ക് വേമ്പാനാടിനും പടിഞ്ഞാറ് കൈതപ്പുഴ കായലിനും ഇടയിലെ നേർത്ത കരഭൂമിയുടെ കാര്യമാണ് പറയുന്നത്.
ഒരടിയോളമെത്തിയ അലങ്കാര മത്സ്യമാണ്. ഇപ്പോൾ കൊടുത്താൽ ഒന്നിന് ആയിരം രൂപ കിട്ടും, ആറെണ്ണമുണ്ട്. കുഞ്ഞായിരുന്നപ്പോൾ ഒന്നിന് 150 രൂപ നൽകി വാങ്ങിയതാണ്. കൊടുക്കാൻ മനസ്സു വന്നില്ല. സുഹൃത്ത് സുനിൽകുമാറിന്റെ കുടുംബ വീട്ടിലെ കിണറ്റിൽ വെള്ളമുണ്ട്. ഒരു കിലോ മീറ്റർ അടുത്ത് അൽപം താഴ്ന്ന പ്രദേശമാണ്. കൈകാണ്ട് പൊക്കിയെടുത്ത് മീനുകളെ വെള്ളം നിറച്ച് ചരുവത്തിലാക്കി കാറിൽ കൊണ്ടുപോയി കുളം മാറ്റൽ നടത്തി. വെള്ളം നിറഞ്ഞ കുളത്തിലിട്ട മീനുകളുടെ ആഹ്ളാദനൃത്തവും പാച്ചിലും കാണേണ്ട കാഴ്ച തന്നെയായിരുന്നു. ’’
മഴയായി, വെള്ളമായി, കുളം നിറഞ്ഞു
മീനുകൾക്ക് മടങ്ങാൻ നേരമായി. വീട്ടുകാരി സാവിത്രി ടീച്ചറിന്റെ അനുവാദം വാങ്ങി. തിരിച്ചു പോക്ക് അൽപം ശ്രമകരമായിരുന്നു. വീശുകാരൻ ബാബുവും ഉദയനും ചേർന്ന് രണ്ട് മണിക്കുറിലെറെയെടുത്തു ഇവരെ കരയിലെത്തിക്കാൻ. പിന്നെ വീണ്ടും കാറിന്റെ മുൻ സീറ്റീലൊരു സീറ്റ് ബെൽറ്റിടാതെ യാത്ര. ദേശാടനം കഴിഞ്ഞെത്തിയ ഗൗരാമികളോട് പഴയ സൗഹൃദം പക്ഷേ വരാലുകൾ കാണിച്ചില്ല. എവിടെ നിന്നാലും ഇടിച്ച് ഓടിക്കും, കാരണം, വയറ്റിലുള്ളയാൾ അപ്പോഴേക്കും അമ്മയായി. കുഞ്ഞു പാർപ്പുകൾ മുകളിലേക്കു നിരന്തരം വന്ന് വായു എടുത്തു കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളെ ആക്രമിക്കാൻ വന്ന ശത്രുക്കൾ എന്ന ധാരണയിലാവും വരാലുകളുടെ ആക്രമണം. നമ്പൂതിരി മത്സ്യമെന്നു പേരുള്ള ജയന്റ് ഗൗരാമികൾക്ക് പിന്നെ ഓടാനേ നേരമുള്ളൂ.
ഇത്രയും ഫ്ലാഷ് ബാക്ക്...
പിന്നീട് കുളത്തിൽ വെള്ളം നിറഞ്ഞെങ്കിലും 2 മഴക്കാലംകൂടി കഴിഞ്ഞാണ് മൂപ്പൻ ബാബു വന്ന് വല വീശിയത്. വീട്ടുകാരി സാവിത്രി ടീച്ചറുടെ അനുവാദം വാങ്ങി മീനുകളെ സുനുവിന്റെ കാറിൽ തന്നെ തിരികെയെത്തിച്ചു. 4 പേരെ ഇട്ടതിൽ ഒരാളെ മാത്രം കിട്ടിയില്ല. അദ്ദേഹം എന്നാൽ അവിടെ കഴിയട്ടെ എന്നു കരുതി. വർഷങ്ങൾ കടന്നു പോയി. കോവിഡ് കാലം , ജോലി എനിക്ക് കോഴിക്കോട്ടുനിന്നു തൃശൂർക്കും 4 വർഷ ശേഷം കോട്ടയത്തേക്കും സ്ഥലം മാറ്റമായി.

വീട്ടിലെ കുളം വറ്റിക്കുകയാണ്. ജയന്റ് ഗൗരാമി വളർന്നു വലിയ ആളായി. ഗൗരാമിയെ കൊണ്ടു പോകുന്നോ എന്നു സുനു ഓടമ്പള്ളി ദേവി ക്ഷേത്രത്തിലെ ഉത്സവ ദിവസം രാവിലെ ചോദിച്ചു. ബാബുവുമായി പാടത്തുനിന്നു വരാലുകളെ വീശി പിടിക്കുകയായിരുന്നു. രണ്ടടിയിലേറെ നീളമുള്ള മത്സ്യത്തെ സുരക്ഷിതമായി കൊണ്ടുവരാനുള്ള പാത്രമോ വാഹനമോ ഇല്ലാതെയാണ് പോയത് – അത് ആദ്യ പിഴ. കരുതിയ വലിയ ബക്കറ്റ് അതിനു പറ്റുന്നതുമായിരുന്നില്ല. കോരിയെടുത്ത വലയിൽ കുരുങ്ങി മീനിനു വായ തുറക്കാനാവാതെയും പോയി. ഒരു കിലോ മീറ്ററിലേറെ ദൂരം ബൈക്കിൽ വന്ന നേരത്ത് അന്തരീക്ഷ വായു പോലും കിട്ടാതെ പോയതാണ് പാവത്തിന്റെ ജീവൻ പോകാൻ കാരണം. കുറച്ചു കൂടി ജാഗ്രത വേണ്ടതായിരുന്നു, വലിയ പിഴവായി! അരുമയായി വളർത്തിയ ‘സ്വർണ മത്സ്യ’ത്തെ നഷ്ടമായി.
ചില്ലിട്ട ഓർമയായും ശേഷിച്ചില്ല
കുളക്കരയിൽ മൺവെട്ടികൊണ്ട് കുഴിയെടുക്കും നേരം അമ്മച്ചി പറയുന്നുണ്ടായിരുന്നു, നന്നായി താഴണം. പട്ടി മാന്തും എന്ന്. അരിപ്പെട്ടിയുടെ പുറത്തെ മൈക്കാ ഷീറ്റ് മാറ്റിയത് കുഴിയുടെ മേൽ വച്ച് മേലെ വീണ്ടും മണ്ണിട്ടാണ് മൂടിയത്. ഓഫിസിലേക്ക് പോകുന്ന വഴിയാണ് ആലോചിച്ചത്, രണ്ടാഴ്ച കഴിഞ്ഞ് ദേഹം മണ്ണിൽ അലിഞ്ഞ് ബാക്കിയായ മുള്ള് പൊട്ടാതെ എടുത്ത് ഫ്രയിം ചെയ്താലോ എന്ന്. മ്യൂസിയത്തിൽ തിമിംഗലത്തിന്റെ അസ്ഥി കണ്ട ഓർമ. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് അപ്പാ പറഞ്ഞത് പാടത്തെ കറുത്ത പട്ടി കുഴി മാന്തി മീനിനെ കടിച്ചു കൊണ്ടു ഗേറ്റ് കടന്നു പോയെന്ന്.
പിന്നെയും സങ്കടവും നിരാശയും ബാക്കി. അടുത്ത ഓഫിന് വീട്ടിൽ വന്നപ്പോൾ പാടത്ത് വരാലുകൾക്ക് തീറ്റയുമായി പോയത് വടിയുമായാണ്. അമ്മയ്ക്കൊപ്പം നാല് കറുത്ത കുഞ്ഞിപ്പട്ടികളും വിശക്കുന്ന കണ്ണുകളുമായി മാവിൻ ചുവട്ടിൽ കാത്തിരിക്കുന്നു. അവരുടെ നോട്ടത്തിൽ ദയനീയതയോ, പൊറുക്കണമെന്ന അപേക്ഷയോ ..!
സായാഹ്ന സൂര്യൻ ഓളങ്ങളിലൂടെ വെള്ളത്തിലേക്ക് ഊഞ്ഞാലായി ഇറങ്ങുന്ന നേരം നിന്റെ സ്വർണ മേനിയിലേക്ക് തേൻ നിറം പടരും.. ധന്യമായ ആ പ്രാഭാവലയമായി ഗൗരാമി നീ കൂടെയുണ്ട്.
ജയന്റ് ഗൗരാമികളെ വളർത്തുമ്പോൾ...
- Tips from Karshakasree
വലുപ്പത്തിൽ ഭീമനെങ്കിലും ജയന്റ് ഗൗരാമികളെ ഒരു കുളത്തിൽനിന്ന് മറ്റൊരു കുളത്തിലേക്ക് മാറ്റുമ്പോൾ ഏറെ ശ്രദ്ധ ആവശ്യമാണ്. വലിയ ചെതുമ്പലുകൾ ഉള്ളതുകൊണ്ടുതന്നെ കണ്ണിയകലം കുറഞ്ഞ വലയോ ഷേഡ് നെറ്റോ ഉപയോഗിച്ചു വേണം ജയന്റ് ഗൗരാമി മത്സ്യങ്ങളെ പിടിക്കാൻ. കണ്ണിയകലം കൂടിയ വലയിൽ ചെതുമ്പൽ ഉടക്കി പൊളിഞ്ഞുപോകാനും പരിക്കേൽക്കാനും സാധ്യത കൂടുതലാണ്. പരിക്കേറ്റാൽ ഫംഗൽ, ബാക്ടീരിയൽ അണുബാധയുണ്ടാവുകയും ചെയ്യും.
ചെളിയുള്ള കുളമാണെങ്കിൽ വെള്ളം താഴ്ത്തി പിടിക്കാൻ ശ്രമിക്കരുത്. വെള്ളത്തിന്റെ അളവ് കുറയുന്തോറും ചെളിയുടെ സാന്ദ്രത കൂടും. ഇത് മത്സ്യത്തിന്റെ ചെകിളയ്ക്കുള്ളിൽ കയറുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. അതുപോലെ ചെതുമ്പലിനുള്ളിൽ ചെളി കുരുങ്ങി അണുബാധയുണ്ടാകാനും സാധ്യതയേറെ.
ജയന്റ് ഗൗരാമികളെക്കുറിച്ച് വിശദമായി അറിയാൻ ചുവടെയുള്ള ലിങ്കിൽ പ്രവേശിക്കുക
രുചിയിൽ മുൻപിൽ, തീറ്റച്ചെലവും കുറവ്: ജയന്റ് ഗൗരാമി പരിചരണവും പ്രജനനവും– സമ്പൂർണ മാർഗരേഖ