പറന്നുയർന്ന് ഇന്ത്യൻ വിപണി, സെൻസെക്സ് 1000 പോയിന്റിലേറെ നേട്ടത്തിലവസാനിച്ചു
.jpg?w=1120&h=583)
Mail This Article
ഐസിഐസിഐ ബാങ്കിന്റെ ചിറകിലേറി ബാങ്കിങ് സെക്ടറും, ഇൻഫോസിസിന്റെ തിരിച്ചു വരവിൽ ഐടി മേഖലയും മുന്നേറ്റം നടത്തിയതോടെ ഇന്ത്യൻ വിപണി ഒന്നര ശതമാനം മുന്നേറ്റം ഇന്ന് നടത്തി. ജാപ്പനീസ് വിപണി 1.24% മുന്നേറിയപ്പോൾ ഇന്ന് രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറി ഹോങ്കോങ്ങിന്റെ ഹാങ്‌സെങ് സൂചിക വാർഷിക നേട്ടം 48% മായി ഉയർത്തി.
325 പോയിന്റുകൾ മുന്നേറിയ നിഫ്റ്റി 22834 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ, 1131 പോയിന്റുകൾ മുന്നേറിയ സെൻസെക്സ് ഫെബ്രുവരി 21ന് ശേഷം ആദ്യമായി വീണ്ടും 75000 പോയിന്റ് പിന്നിട്ടു. മിഡ്, സ്‌മോൾ ക്യാപ് സൂചികകളും, നിഫ്റ്റി നെക്സ്റ്റ്-50യും രണ്ട് ശതമാനത്തിലേറെ മുന്നേറിയത് നിക്ഷേപകരുടെ ആസ്തി വർധിപ്പിച്ചു.

ഇന്ന് സമ്പൂർണ മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണിയെ ഓട്ടോയും മെറ്റലും ബാങ്ക് നിഫ്റ്റിയും നിഫ്റ്റി ഫിനാൻഷ്യൽ സർവീസും 2%ൽ കൂടുതൽ മുന്നേറി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഐടി, എഫ്എംസിജി, ഫാർമ, റിയൽറ്റി സെക്ടറുകൾ ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറി പിന്തുണച്ചു.
പ്രതീക്ഷകൾ വാനോളം
വ്യവസായികോല്പാദനം ഉയർന്നതും പണപ്പെരുപ്പം കുറഞ്ഞതും വ്യാപാരക്കമ്മിയിൽ കുറവ് വന്നതും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന തോന്നൽ രാജ്യാന്തര സമൂഹത്തിന് നൽകിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെയും, ഇന്ത്യൻ വിപണിയിലെയും സാധ്യതകളെക്കുറിച്ച് മോർഗൻ സ്റ്റാൻലി വാചാലരായതും ഇന്ത്യൻ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
വിദേശഫണ്ടുകൾ തിരികെ വന്നേക്കാവുന്നതിനുമപ്പുറം മുന്നേറ്റമായിരിക്കും, വിപണി ഉപേക്ഷിച്ചു പോയ റീറ്റെയ്ൽ നിക്ഷേപകരുടെ തിരിച്ചു വരവ് വിപണിയിലുണ്ടാക്കാവുന്ന ഓളം. എങ്കിലും വിപണി കുത്തനെ കയറുമെന്ന അനുമാനങ്ങൾക്ക് വശംവദരാകാതിരിക്കുന്നതാണ് ഉത്തമം.
വണ്ടി വില കൂടും
ഉല്പാദന ചെലവ് വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ മാരുതി 4%വും, ടാറ്റ മോട്ടോഴ്‌സിന്റെ കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് 2%വും വീതം ഏപ്രിൽ ഒന്ന് മുതൽ വില വർധിപ്പിക്കുമെന്ന സൂചന ഇരു ഓഹരികൾക്കും മുന്നേറ്റം നൽകി. എച്ച്എസ്ബിസി ടാറ്റ മോട്ടോഴ്സിന്റെ ലക്ഷ്യ വില ഉയർത്തിയതും ഓഹരിക്ക് മുന്നേറ്റം നൽകിയിരുന്നു.
അമേരിക്കൻ താരിഫുകൾ ടാറ്റ മോട്ടോഴ്സിന്റെ ജെഎൽആറിനും, വരുമാനത്തിന്റെ 20% അമേരിക്കയിൽ നിന്നും നേടുന്ന സംവര്ധന മതേഴ്‌സൺ ഇന്റർനാഷണലിനും കെണിയാകുമെന്നും മൂഡീസ് വിലയിരുത്തി.

ഫെഡ് നിരക്ക് നാളെ
അമേരിക്കൻ ഫെഡ് റിസർവിന്റെ പുതിയ നിരക്കുകളും, നയതീരുമാനങ്ങളും നാളെ വരുന്നത് ഓഹരി വിപണിക്കൊപ്പം, ഡോളറിനും, സ്വർണത്തിനും നിർണായകമാണ്. ഫെബ്രുവരിയിലെ മികച്ച പണപ്പെരുപ്പക്കണക്കുകൾ താരിഫ് യുദ്ധം പണപ്പെരുപ്പ സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്ന ഫെഡ് ചെയർമാന്റെ മുൻ പ്രസ്താവനകൾ തിരുത്താൻ കാരണമായേക്കാമെന്ന പ്രതീക്ഷയിലാണ് വിപണി.
നിലവിൽ 4.50%ൽ ഉള്ള അമേരിക്കൻ ഫെഡ് നിരക്കിൽ ഇത്തവണ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഫെഡ് നിരക്ക് പ്രൊജക്ഷനിലെ മാറ്റങ്ങൾ വിപണിയുടെ ഗതി സാധീനിക്കും. ഫെഡ് ചെയർമാന്റെ നാളത്തെ പ്രസ്താവനകൾക്കായി കാത്തിരിക്കുകയാണ് വിപണി.
ട്രംപ്-പുടിൻ ചർച്ച ഇന്ന്
ഇന്ന് അമേരിക്കൻ പ്രസിഡന്റ് റഷ്യൻ പ്രസിഡന്റുമായി ടെലിഫോൺ ചർച്ച നടത്തുന്നതും ലോക വിപണിയെ സ്വാധീനിക്കും. ഇരുകക്ഷികളും ആദ്യ ചർച്ചയിൽ തുടർ ചർച്ചകൾക്കായുള്ള വഴി തേടുകയാകും ചെയ്യുക.

ഡോളർ
ഫെഡ് യോഗത്തിന് മുൻപായി അമേരിക്കൻ ഡോളർ ക്രമപ്പെടുന്നതും ഇന്ത്യൻ രൂപയ്ക്ക് അനുകൂലമാണ്. അമേരിക്കൻ ഡോളറിനെതിരെ രൂപ 86.619/- നിരക്കിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.307%ലും തുടരുന്നു.
സ്വർണം
ഫെഡ് യോഗത്തിന് മുന്നോടിയായി ഡോളർ ക്രമപ്പെട്ടതും ഗാസയിൽ വെടിനിർത്തൽ അവസാനിച്ചതും അടക്കമുള്ള ഘടകങ്ങളുടെ പിന്തുണയിൽ സ്വർണം വീണ്ടും റെക്കോർഡ് തിരുത്തി മുന്നേറി. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 3037 ഡോളറെന്ന പുതിയ ഉയരം കുറിച്ചു.
വെള്ളിയും ഇന്ന് ഒരു ശതമാനം മുന്നേറി. അലുമിനിയവും, സിങ്കും ഓരോ ശതമാനം വീണപ്പോൾ കോപ്പർ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ 1% മുന്നേറി 71 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്നു. ഡോളറിന്റെ ചലനങ്ങളും ട്രംപ്-പുടിൻ ചർച്ചയും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
ഇൻഷുറൻസിൽ ബജാജ് ഒറ്റക്ക്
ജർമ്മൻ കമ്പനിയായ അലയൻസ് ബജാജിന്റെ ജനറൽ, ലൈഫ് ഇൻഷുറൻസ് കമ്പനികളിലെ ഓഹരി പങ്കാളിത്തം ബജാജ് ഫിൻസെർവിന് വിറ്റതോടെ ഇന്ത്യയുടെ തനത് ഇൻഷുറൻസ് കമ്പനികൾ നിലവിൽ വരും. ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ വീണ ബജാജ് ഫിൻസെർവ് അടുത്ത തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക