ADVERTISEMENT

ഗ്രീസിലെ ഏഥന്‍സിനു സമീപമുള്ള ഒരു ചെറു ദ്വീപാണ് സിറോസ്. മധ്യകാല യൂറോപ്പിന്റെ ശേഷിപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദ്വീപിൽ അയ്യായിരം വർഷത്തിലധികമായി മനുഷ്യർ പാർക്കുന്നുണ്ട്. പല തട്ടുകളിലായി പരന്നു കിടക്കുന്ന മനോഹര കെട്ടിടങ്ങളും നിറപ്പകിട്ടാർന്ന വാതായനങ്ങളും ചില്ലുകളിലെ ചിത്രങ്ങളുമൊക്കെച്ചേർന്ന് സ്വപ്നസദൃശ്യമായ ഒരു വിനോദ സഞ്ചാര കേന്ദ്രം.

KIA SYROS EXTERIOR - 6

‘സോഫിസ്റ്റിക്കേറ്റഡ്’

എന്തുകൊണ്ടാണ് ഏറ്റവും പുതിയ മിനി എസ് യു വിക്ക് സിറോസ് എന്നു കിയ പേരു കൊടുത്തതെന്നറിയില്ല. സിറോസ് ദ്വീപ് പൗരാണികതയാണെങ്കിൽ ഇന്ത്യയ്ക്കായി ഇറക്കിയ സബ് കോംപാക്ട് എസ് യു വി സിറോസ് ആധുനികതയാണ്. ആധുനികത മാത്രമല്ല, സാങ്കേതികതയും നിത്യജീവിതത്തിൻറെ ഭാഗമാക്കിയയ പുത്തൻ തലമുറ യുവത്വത്തിന്റെ വാഹനമാണ് സിറോസ്. ‘സോഫിസ്റ്റിക്കേറ്റഡ്’ എന്ന വിശേഷണം കാഴ്ചയിൽ ഒതുങ്ങുന്നില്ല. ആഡംബര കാറുകൾ നൽകുന്ന ഏതാണ്ടെല്ലാ സൗകര്യങ്ങളും ഈ കൊച്ചു കാറിലും കണ്ടെത്താം. ഹീറ്റഡ് സീറ്റുകൾ, ഹാർമൻ മ്യൂസിക് സിസ്റ്റം, ഓട്ടമേറ്റഡ് ഡ്രൈവിങ്ങിൻറെ അഡാസ് ലെവൽ ടു, വലിയ ഡിസ്പ്ലേ സിസ്റ്റങ്ങൾ എന്നു വേണ്ട ഒരു കോടി രൂപ വിലയുള്ള കാറിലെ സൗകര്യങ്ങളെല്ലാം വെറും 9 ലക്ഷത്തിൽ വിലയാരംഭിക്കുന്ന സിറോസിലുമുണ്ട്.

KIA SYROS EXTERIOR - 7

ചതുരവടിവ്

‘ബോക്സി’ എന്നു പറയാറുള്ള ചെത്തിയെടുത്തതുപോലെയുള്ള രൂപമാണ് സിറോസിന്റെ ആകാരഭംഗി. ചെറിയ കാറെന്നു കരുതി കാത്തിരുന്നവരെ തിരുത്തി, സോണറ്റിനു മുകളിൽ സെൽറ്റോസിനു തൊട്ടു താഴെയായാണ് സിറോസിനെ കിയ പ്രതിഷ്ഠിക്കുന്നത്. വലുപ്പത്തിലും രൂപഗൗരവത്തിലും ആധുനികതയിലും മറ്റു കിയ എസ് യു വികളെ സിറോസ് പിന്തള്ളുകയാണ്. ‘ടെക്കി’ രൂപമാണ് ഈ ചെറു എസ് യു വിക്ക്. ആധുനികതയെ പരിണയിക്കുന്നവർക്ക് ആദ്യ കാഴ്ചയിൽത്തന്നെ കണ്ണുടക്കിപ്പോകും. എൈസ് ക്യൂബ് ഹെഡ് ലാംപുകളും വെർട്ടിക്കൽ ഡേ ടൈം റണ്ണിങ് ലാംപുകളും മസ്കുലർ വശങ്ങളും ക്ലാഡിങ്ങുമെല്ലാം ചേർന്ന് വലിയൊരു വാഹനത്തിൻറെ ഗൗരവം നൽകുന്നുണ്ട്. ഉയർന്ന മോഡലിന് 17 ഇഞ്ച് അലോയ് വീലുകളാണ്. കാലത്തിന് അതീതമായി ഇന്നും നിലകൊള്ളുന്ന സ്കോഡ യെറ്റിയോട് ചെറിയ സാദ‍ൃശ്യമുള്ളത് യാദൃശ്ഛികമാകാം.

kia-syros-4

ആധുനിക അടിത്തറ

പ്ലാറ്റ്ഫോമാണ് കാറുകളുടെ അടിസ്ഥാനമെങ്കിൽ ഇക്കാര്യത്തിലും സിറോസ് കണക്കു കൂട്ടലുകൾ തെറ്റിച്ചു. ന്യായമായും സോണറ്റും സെൽറ്റോസും അധിഷ്ഠിതമാക്കുന്ന കെ ടു പ്ലാറ്റ്ഫോമല്ല അതിലും ചെറിയ കെ വൺ പ്ലാറ്റ്ഫോമിലാണ് നിർമാണം. ഹ്യുണ്ടേയ് എക്സ്റ്റർ അടക്കമുള്ള കാറുകളുടെ അതേ പ്ലാറ്റ്ഫോം. ഏറ്റവും പുതിയ ഇലക്ടോണിക്സ്, ഇലക്ട്രിക്കൽ സംവിധാനങ്ങൾ ഉൾക്കൊള്ളിക്കാനാണത്രെ ഈ പ്ലാറ്റ്ഫോം. കൂടുതൽ ശക്തിപ്പെടുത്തിയ ഈ പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായ ഏറ്റവും വലിയ കാറായിരിക്കും സൈറോസ്. പുതു തലമുറ പ്ലാറ്റ്ഫോമായതിനാൽ സെൽറ്റോസിനും സോണറ്റിനും കാരെൻസിനുമൊക്കെ നൽകാനാവാത്ത പല ആധുനികതകളും സൈറോസ് നൽകും.

kia-syros-3

ഉള്ളിലെന്തുണ്ട്?

വ്യത്യസ്തമായ ഒരു വാഹനമാണിതെന്ന് ഉള്ളിലേക്കു കടക്കുമ്പോഴേ മനസ്സിലാകും. യുവത്വം നിഴലിക്കുന്ന നിറപ്പകിട്ടുള്ള ഉൾവശം. നിറങ്ങൾക്കൊപ്പം വ്യത്യസ്ഥമായ ടെക്സ്ചറുകളും ചേരുമ്പോൾ പുതുമയും ഭംഗിയും ഏറുകയാണ്. പ്രത്യേക രൂപകൽപനയുള്ള രണ്ടു സ്പോക്ക്സ് സ്റ്റീയറിങ്ങിനു മധ്യത്തിൽ പതിവുതെറ്റിച്ച് കിയ ലോഗോ വശത്തേക്ക് മാറി നിൽക്കുന്നു. ഏതാണ്ട് ഡാഷ് ബോർഡ്  മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഡിസ്പ്ലേയും വിമാന നിയന്ത്രണങ്ങളെന്നു തോന്നിപ്പിക്കുന്ന ഗിയർനോബും ശ്രദ്ധേയം. 8 സ്പീക്കർ ഹാർമൻ കാർ‍ഡൻ സിസ്ററം, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ,  ‘ഹേയ് കിയ’ വോയിസ് അസിസ്റ്റ്, എയർ പ്യൂരിഫയർ,പനോരമിക് സൺറൂഫ് എന്നു വേണ്ട ഉള്ളിൽക്കയറിയാൽ പുറത്തിറങ്ങാൻ തോന്നില്ല.

KIA SYROS INTERIOR - 13

ഇനിയെന്തൊക്കെ?

തീർന്നില്ല വിശേഷങ്ങൾ. ധാരാളം സ്ഥലസൗകര്യം. ഉയരമുള്ളതിനാൽ വിശാലത ഏറുന്നതായി തോന്നും. മുൻസീറ്റുകളുടെ അതേ ക്രമീകരണങ്ങളുള്ള പിൻ സീറ്റുകൾ മറ്റധികം വാഹനങ്ങളിൽ കണ്ടിട്ടില്ല. വലിയ ഡിക്കി. സാങ്കേതികതയിൽ അഗ്രഗണ്യൻ. ക്യാമറയും റഡാറും അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന അഡാസ് ഓട്ടോമേഷൻ സംവിധാനം സുരക്ഷ മാത്രമല്ല ഡ്രൈവറുടെ ക്ഷീണവും കുറയ്ക്കും. സ്മാർട്ട് ക്രൂസ് കൺട്രോൾ, സ്റ്റോപ് ആൻഡ് ഗോ, ഓട്ടോ ബ്രേക്കിങ്, ലൈൻ അസിസ്റ്റ്തുടങ്ങി എല്ലാം... ഹിൽ അസിസ്റ്റ്, എബി എസ്, ബ്രേക്ക് അസിസ്റ്റ്, 6 എയർ ബാഗ് എന്നിവയുടെ സുരക്ഷിതത്വം പുറമെ. കീ ഉപയോഗിച്ച് വിൻഡോ ഗ്ലാസുകൾ തുറക്കാനും വേണമെങ്കിൽ കാർ സ്റ്റാർട്ടു ചെയ്ത് എ സി ഇട്ടു തണുപ്പിക്കാനും സാധിക്കും.

KIA SYROS EXTERIOR - 8

ഡീസലും പെട്രോളും

ഈ വിഭാഗത്തിലെ മറ്റു കാറുകളിൽ നിന്ന് സിറോസിനെ വ്യത്യസ്ഥമാക്കുന്നത് ഡീസൽ മോഡലും ലഭിക്കും എന്നതാണ്. 1.5 ലീറ്റർ ഡീസലിന് 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക്കുമുണ്ട്.  ഇതിനു പുറമ 1 ലീറ്റർ ടർബോചാർജ് ഡ് പെട്രോളുമുണ്ട്. ആധുനിക 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവൽ മോഡലുകൾ. ടർബോ പെട്രോളിൽ ആദ്യമായാണ് കിയ മാനുവൽ ഗിയര്‍ നൽക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. പെട്രോള് മോഡൽ ഓട്ടോയ്ക്ക് 18.20, മാനുവലിന് 17.68 എന്നിങ്ങനെയാണ് ഇന്ധനക്ഷമത. ടെസ്റ്റ് ഡ്രൈവ് ചെയ്തത് ഡീസൽ ഓട്ടമാറ്റിക്ക്.

KIA SYROS INTERIOR - 8

കരുത്തൻ ഡീസൽ

116 ബിഎച്ച്പിയും 250 എൻ എം ടോർക്കുമുളള ഡീസൽ ഓട്ടോമാറ്റിക് അതീവസുഖകരമായ ഡ്രൈവിങ് നൽകുന്നു. 13.88 മിനിറ്റിൽ പൂജ്യത്തിൽ നിന്നു നൂറിലെത്തും. ഡീസലിൻറെ നേരിയ മുരൾച്ച ചെവിയിലെത്തുന്നില്ലെങ്കിൽ ഇതൊരു പെട്രോൾ കാറാണെന്നേ തോന്നൂ. അത്രയ്ക്കുണ്ട് ‘റിഫൈൻമെൻറ്’. ഉയർന്ന രൂപമെങ്കിലും ‘ബോഡി റോൾ’ തെല്ലുമില്ല. തെല്ലു മോശം റോഡുകളെങ്കിലും ഉള്ളിലെ യാത്ര സുഖകരമാക്കി നിർത്തുന്ന മികച്ച സസ്പെൻഷൻ. ലീറ്ററിന് 20.75 വരെ ഇന്ധനക്ഷമത പ്രതീക്ഷിക്കാം.

KIA SYROS INTERIOR - 5

മോഡലുകൾ, വില

പെട്രോൾ, പെട്രോള്‍ ഓട്ടമാറ്റിക്, ഡീസൽ, ഡീസൽ ഓട്ടമാറ്റിക് മോഡലുകളിൽ ലഭ്യമാണ്. പതിനൊന്ന് മോഡലുകളിലായി എസ്‍യുവിയുടെ പെട്രോൾ മോഡലിന് 8.99 ലക്ഷം മുതൽ 13.29 ലക്ഷം വരെയും പെട്രോൾ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതൽ 15.99 ലക്ഷം വരെയുമാണ് വില. ഡീസൽ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതൽ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.

എന്തിനു വാങ്ങണം?

ആധുനികതയും ആഡംബരവും തെല്ലും ചോരാത്ത സുന്ദരമായ ഒരു കൊച്ചു എസ് യു വി തേടുന്നവർക്ക് ധൈര്യമായി വാങ്ങാം. തീർച്ചയായും ഈ വാഹനം നിങ്ങളുടെ ‘സ്റ്റൈൽ സ്റ്റേറ്റ്മെൻറാ’യിരിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com