മോഡലായി തുടക്കം, പ്രിയം ഫാഷനോട്, സ്വന്തമായി ബ്രാൻഡ്; ട്രംപിന്റെ വഴിക്കല്ല ഇവാൻക, ഇത്തവണ പ്രാധാന്യം കുടുംബത്തിന്!

Mail This Article
‘ആത്മവിശ്വാസം, നല്ല പെരുമാറ്റ രീതി, മനഃശക്തി ഇവയൊക്കെയാണ് ഒരു സ്ത്രീയെ കൂടുതൽ സുന്ദരിയാക്കുന്നത്’– പറയുന്നത് മറ്റാരുമല്ല അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. തന്റെ മകൾ അരബെല്ലയ്ക്കു ഇവാൻക നൽകുന്ന ബ്യൂട്ടി സീക്രട്ട്സ് ഇതൊക്കെയാണ്. ചെറുപ്പം മുതലേ ഡിസൈനർ വസ്ത്രങ്ങളും,ആഭരണങ്ങളും ധരിച്ച് നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇവാൻക ഫാഷന്‍റെ കടുത്ത ആരാധികയായിരുന്നു. 2016 ൽ ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയപ്പോഴാണ് ഇവാൻക ട്രംപ് എന്ന പേര് ലോകശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് പ്രസിഡന്റിന്റെ ഉപദേഷ്ടകയായി വൈറ്റ് ഹൗസിൽ ചുമതലയേറ്റ ഇവാൻക, ട്രംപിന്റെ ആദ്യഭാര്യ ഇവാനയുടെ മകളാണ്.
ഇവാൻക ധരിക്കുന്ന വസ്ത്രങ്ങൾക്കു കോടിക്കണക്കിനു ആരാധകരാണ് ലോകത്താകെ ഉള്ളത്. വൈറ്റ് ഹൗസിൽ താമസിക്കുന്ന സമയങ്ങളിൽ അവർ പങ്കെടുക്കുന്ന പൊതുചടങ്ങുകളിൽ ധരിക്കുന്ന വസ്ത്രങ്ങൾ ഫാഷൻലോകത്ത് ശ്രദ്ധേയമായ ചർച്ചകൾക്കു വഴിവെച്ചു. മോഡലായിട്ടാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് 2004 ൽ പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിരുദം നേടി. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് ചേരുകയും ചെയ്തു. എന്നാൽ, അവിടെയും ഫാഷനും ബ്യൂട്ടിയും മാത്രമാണ് ഇവാൻകയെ കൂടുതൽ സ്വാധീനിച്ചത്. സ്വന്തം പേരിൽ അറിയപ്പെടുന്ന ഫാഷൻ ബ്രാൻഡിന്റെ സ്ഥാപക കൂടിയാണ് ഇവാൻക. ആ ഒരു ബ്രാൻഡ് വിജയകരമായി കൊണ്ടുപോകാൻ ഇവാൻകയ്ക്കു പ്രചോദനമായതു അവരുടെ ഫാഷനോടുളള കടുത്ത ഭ്രമം തന്നെയായിരുന്നു. മാസീസ് പോലുള്ള പ്രധാന ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകളിൽ വിറ്റഴിക്കപ്പെട്ട ഒരു ഫാഷൻ ലൈന്‍ ഇവാൻകയുടേതായിരുന്നു. പിന്നീട് സ്വന്തമായി ഒരു ഫൈൻ ജ്വല്ലറി കമ്പനിയും അവർ ആരംഭിച്ചു.

കുടുംബത്തിന്‍റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് വ്യത്യസ്തമായി, ഇവാൻക ട്രംപിന് ഫാഷൻ ഇനങ്ങളുടെ സ്വന്തം നിര തന്നെ ഉണ്ടായിരുന്നു. അതിൽ വസ്ത്രങ്ങൾ, ഹാൻഡ്‌ബാഗുകൾ, ഷൂസ്, ആക്‌സസറികൾ എന്നിവ ഉൾപ്പെടുന്നു, മാസീസ്, ഹഡ്‌സൺസ് ബേ ഉൾപ്പെടെയുള്ള യുഎസ്, കനേഡിയൻ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകളിൽ ഇവാൻക ട്രംപിന്റെ പേരിലുളള ഉൽപ്പന്നങ്ങൾ ലഭ്യമാണ്. കുടുംബം ന്യൂയോർക്ക് സിറ്റിയിൽ താമസിച്ചിരുന്ന കാലത്ത്, ചാരിറ്റി മുതൽ ഫാഷൻ കാര്യങ്ങൾ വരെയുള്ള നിരവധി സാമൂഹിക പരിപാടികളിൽ അവർ പതിവായി പങ്കെടുത്തിരുന്നു.
ഒരുകാലത്ത് ന്യൂയോർക്ക് ഫാഷൻ വീക്കിന്‍റെ മുൻ നിരകളിൽ പ്രധാന സാന്നിധ്യമായിരുന്നു. കരോലിന ഹെരേര, പോർട്ട്സ് 1961, ഡെന്നിസ് ബാസോ തുടങ്ങിയ പ്രശസ്ത ഡിസൈനർമാരുടെ ഷോകളിൽ അവർ പങ്കെടുത്തു. ഫാഷൻ വീക്കിലെ അവരുടെ ദിവസങ്ങൾ ഫാഷൻ ഡിസൈനിൽ അവരുടെ ശ്രദ്ധ വളർത്തിയെടുക്കാൻ സഹായിച്ചു. റിയൽ എസ്റ്റേറ്റ് വ്യവസായിയായ ജാരെഡ് കുഷ്നറെ വിവാഹം ചെയ്ത ഇവാൻക, മൂന്ന് കുട്ടികളുടെ മാതാവു കൂടിയാണ്. വൈറ്റ് ഹൗസില്‍ 4 വർഷം പിതാവിന്റെ അനൗദ്യോഗിക ഉപദേശകയായി സേവനം അനുഷ്ഠിച്ച ഇവാങ്ക ആ സ്ഥാനത്തിന് പ്രതിഫലം ഒന്നും വാങ്ങിയിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു.

സ്ത്രീശാക്തീകരണം, സ്ത്രീകൾക്കു തൊഴിൽ പരിശീലനം, മനുഷ്യക്കടത്തിനെതിരെയുളള പോരാട്ടം, അതിന് ഇരയായവർക്കുളള ധനസഹായം തുടങ്ങിയ വിഷയങ്ങളിൽ ഇവാൻകയുടെ നിലപാടുകൾ രാജ്യത്തിനു പുറത്തും ഏറെ സ്വീകാര്യകത നേടിക്കൊടുത്തു. കാൻസർ ബാധിച്ച കുട്ടികളെ പരിപാലിക്കാൻ സഹായിക്കുന്ന നിരവധി ചാരിറ്റി സംഘടനകളുമായി ചേർന്നും ഇവാൻക പ്രവർത്തിക്കുന്നുണ്ട്. ന്യൂയോർക്ക് ടൈംസിലും വാൾസ്ട്രീറ്റ് ജേണലിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടു പുസ്തകങ്ങളുടെ രചയിതാവാണ് അവർ. ഫോർച്യൂൺ മാസികയുടെ അഭിമാനകരമായ ‘40 വയസ്സിന് താഴെയുള്ളവർ’ പട്ടികയിൽ (2014) ഇവാൻകയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വേൾഡ് ഇക്കണോമിക് ഫോറം (2015) യങ് ഗ്ലോബൽ ലീഡർ ആയി ആദരിച്ചു.

ടൈമിന്‍റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലും (2017) ഫോർബ്‌സിന്‍റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകൾ (2017) എന്ന പട്ടികയിലും ഇവാൻക ഇടം നേടി. ട്രംപിന്റെ ഭരണത്തിന്റെ ആദ്യനാളുകളിൽ ഇവാൻകയുടെ പങ്കിനെപറ്റി നിരവധി പ്രശംസകൾ അമേരിക്കയുടെ വിവിധ മേഖലകളിൽ നിന്നുണ്ടായി. ട്രംപ് ഭരണത്തിന്റെ ശക്തമായ വക്താക്കളിൽ ഒരാളാണ് ഇവാൻക. അദ്ദേഹത്തിനു നേരെയുള്ള നിരവധി ആരോപണങ്ങളെ പല പ്രതിസന്ധിഘട്ടങ്ങളിലും പ്രതിരോധിച്ചത് ഇവാൻകയുടെ ശക്തമായ നിലപാടുകളായിരുന്നു. ഫാഷനൊപ്പം തന്നെ വ്യക്തമായ കാഴ്ചപ്പാടും നിലപാടുകളും ഉളള സ്ത്രീ കൂടിയായിരുന്നു അവർ.
2024 ൽ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുശേഷം, ഭർത്താവും മുൻ വൈറ്റ് ഹൗസ് സീനിയർ ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നർ, മക്കളായ അറബെല്ല, ജോസഫ്, തിയോഡോർ എന്നിവരോടൊപ്പം കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രാഷ്ട്രീയ രംഗം വിടുകയാണെന്ന് ഇവാൻക വെളിപ്പെടുത്തി. 2022 ലും സമാന പ്രസ്താവന ഇവാൻക നടത്തിയിരുന്നെങ്കിലും ഇവാൻകയുടെ വാക്കുകൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഡോണൾഡ് ട്രംപ് രണ്ടാം തവണയും അമേരിക്കയുടെ അമരത്ത് എത്തിയപ്പോഴാണ്. ട്രംപിന്റെ സ്ഥാനാരോഹണത്തോടൊപ്പം മകൾ ഇവാൻകയുടെ വൈറ്റ് ഹൗസിലേക്കുളള തിരിച്ചുവരവും ലോകം ഉറ്റു നോക്കിയിരുന്നു.

എന്നാൽ ഇത്തവണ, തന്റെ കൊച്ചുകുട്ടികള്‍ക്കും ഒരു കുടുംബമെന്ന നിലയിലുള്ള സ്വകാര്യ ജീവിതത്തിനും മുൻഗണന നൽകാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിൽ ഏർപ്പെടാൻ പദ്ധതിയില്ലെന്നും അവർ വ്യക്തമാക്കി. 43 കാരിയായ ഇവാൻക ഫാഷനോടൊപ്പം തന്നെ ഫിറ്റ്നസിലും വലിയ ശ്രദ്ധപുലർത്തിയിരുന്നു. ദിവസേനയുളള വ്യായാമവും കൃത്യമായ ഡയറ്റും ഒരിക്കലും അവർ മുടക്കാറില്ല. പ്രൊഫഷണൽ തിരക്കുകൾ മാറ്റി വെച്ച് മക്കൾക്കു വേണ്ടി സമയം മാറ്റി വെയ്ക്കാറുളള അമ്മ കൂടിയാണ് ഇവാൻക മകൾ അരബെല്ലയ്ക്ക് ചെറുപ്പത്തിൽ തന്റെ അമ്മ പഠിപ്പിച്ചു തന്ന സൗന്ദര്യ സംരക്ഷണ രഹസ്യങ്ങൾ പകർന്നു കൊടുക്കാൻ ശ്രമിക്കാറുണ്ട് ഇവാൻക.