പ്രിയപ്പെട്ട ജോബ് കുര്യന് നന്ദി, മറ്റൊരു ശബ്ദം എനിക്കു സങ്കൽപിക്കാനാകില്ല: ദീപക് ദേവ്

Mail This Article
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനിലെ ഗാനം ആലപിക്കാൻ ഗായകൻ ജോബ് കുര്യനെ തിരഞ്ഞെടുത്തതിനെക്കുറിച്ചു വാചാലനായി സംഗീതസംവിധായകൻ ദീപക് ദേവ്. പാട്ട് ചിട്ടപ്പെടുത്തിയപ്പോൾത്തന്നെ മനസ്സിൽ തോന്നിയ പേര് ജോബിന്റേതായിരുന്നുവെന്നും അദ്ദേഹമത് മനോഹരമായി പാടിത്തന്നുവെന്നും ദീപക് ദേവ് പറഞ്ഞു.
‘ചിലപ്പോഴൊക്കെ പാട്ടിന്റെ കമ്പോസിങ് വേളയിൽ അതിന് അനുയോജ്യമായ ഗായകരുടെ പേരുകൾ മനസ്സിൽ തോന്നാറുണ്ട്. ആരോടും ചർച്ച ചെയ്യാതെ ഞാൻ അവരെ എന്റെ പാട്ടിന്റെ ശബ്ദമായി സങ്കൽപിക്കും. അത്തരമൊരു ഗാനമാണ് കഴിഞ്ഞ ദിവസം എമ്പുരാനു വേണ്ടി റെക്കോർഡ് ചെയ്യപ്പെട്ടത്. റോക്ക് സ്റ്റാർ ജോബ് കുര്യന്റെ ശബ്ദം മാത്രമേ അതിനു വേണ്ടി എനിക്കു സങ്കൽപിക്കാൻ കഴിഞ്ഞുള്ളു. ജോബ് ഈ ഗാനം ആലപിച്ചത് തികച്ചും അദ്ഭുതകരമായ ഒരു അനുഭവമായിരുന്നു. ഉറുമി എന്ന ചിത്രത്തിലെ പാട്ടുകളുടെ റെക്കോർഡിങ് നിമിഷങ്ങളോർത്ത് ഞങ്ങൾക്കു നൊസ്റ്റാൾജിയ തോന്നി. പ്രിയപ്പെട്ട ജോബ്, എല്ലാത്തവണത്തേയും പോലെ ഇത്തവണയും നിങ്ങൾ എന്റെ മനസ്സ് കീഴടക്കി. നിങ്ങളുടെ ഹൃദയത്തിൽ നിന്നും, ആത്മാവിന്റെ ആഴങ്ങളിൽ നിന്നുമുള്ള മനോഹര ആലാപനത്തിനു നന്ദി’, ദീപക് ദേവ് കുറിച്ചു.
ദീപക് ദേവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ‘എമ്പുരാൻ’. 5 പാട്ടുകളാണ് ചിത്രത്തിനു വേണ്ടി ഒരുക്കുന്നതെന്ന് മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞിരുന്നു. പാട്ടുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. എമ്പുരാന്റെ ടീസറിനൊപ്പം തീം സോങ് ‘ലൈക്ക് എ ഫ്ലെയിം’ ചർച്ചയായിരുന്നു.