അവശരുടെ പ്രതീക്ഷ, ആശ്രയം; പുതിയ ജീവകാരുണ്യ സംഘടനയുമായി യുഎഇ

Mail This Article
അബുദാബി ∙ ലോകത്ത് അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി എന്ന ജീവകാരുണ്യ സംഘടനയ്ക്ക് യുഎഇയിൽ തുടക്കം. വിവിധ രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിര സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിനും സംഘടന പ്രവർത്തിക്കും. മറ്റു രാജ്യങ്ങളുമായും രാജ്യാന്തര പങ്കാളികളുമായും ചേർന്നാകും പ്രവർത്തനങ്ങൾ.
ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, എല്ലാവർക്കും മെച്ചപ്പെട്ട ഒരുക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ. ആഗോള കാരുണ്യപദ്ധതികൾക്ക് നേതൃത്വം നൽകുന്നതിന് കഴിഞ്ഞവർഷം സ്ഥാപിച്ച എർത്ത് സായിദ് ഫിലാന്ത്രോപീസ് എന്ന സംഘടനയുടെ കീഴിലാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുക. സായിദ് മാനുഷിക ദിനത്തോട് അനുബന്ധിച്ച് (റമസാൻ 19) ഖസർ അൽ ഷാതിയിൽ വച്ചായിരുന്നു പ്രഖ്യാപനം.
പുതിയ ഫൗണ്ടേഷൻ സ്ഥാപിക്കാൻ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നേരത്തേ ഉത്തരവിട്ടിരുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാരുണ്യപ്രവർത്തന പാരമ്പര്യം അനുസ്മരിക്കുന്ന ദിനത്തിലാണ് മറ്റൊരു കാരുണ്യ സംഘടനയുടെ പിറവി എന്നതും ശ്രദ്ധേയമാണ്.
ഏഷ്യ, ആഫ്രിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിലായി 50 കോടിയിലേറെ പേർക്ക് 5 വർഷത്തിനകം പദ്ധതിയുടെ പ്രയോജനം ലഭിക്കും. രോഗങ്ങളും യുദ്ധവും പ്രകൃതിദുരന്തങ്ങളും കാരണം ദുരിതമനുഭവിക്കുന്നവർക്കു സഹായം നൽകുക, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയും സംഘടനയുടെ ലക്ഷ്യങ്ങളാണ്.
ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വെല്ലുവിളികൾക്കു പരിഹാരമായി പുതിയ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും ഫൗണ്ടേഷൻ സഹായമേകും.