ഖത്തറിൽ കാറ്റും മഴയും കനക്കും, വരാനിരിക്കുന്നത് അൽ സരായത് കാലം; മേയ് വരെ അസ്ഥിര കാലാവസ്ഥ, മുന്നറിയിപ്പ്

Mail This Article
ദോഹ ∙ ഖത്തറിൽ വരും ദിനങ്ങളിൽ അൽ സരായത് സീസണിന് തുടക്കമാകുന്നതോടെ കാറ്റും മഴയും കനക്കും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ നേരിടാൻ പൊതുജനങ്ങൾ തയാറെടുക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെയാണ് അല്‍ സരായത് സീസണ്‍. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന കാലമാണ് പ്രാദേശികമായി അല്‍ സരായത് എന്നറിയപ്പെടുന്നത്. ക്ഷണനേരത്തില്‍ ആകാശം മേഘാവൃതമാകുകയും ഇടിമിന്നലോടു കൂടിയ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുകയും ചെയ്യുന്നതാണ് അല്‍ സരായത്തിന്റെ പ്രത്യേകത. വൈകുന്നേരത്തിനും രാത്രിക്കും ഇടയിലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റമുണ്ടാകുക. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് തീവ്രതയേറും.
പെട്ടെന്നുള്ള മഴയും കാറ്റുമാണ് അൽ സരായത്ത് സീസണിന്റെ പ്രത്യേകത എന്നതിനാൽ വെല്ലുവിളികളെ അതിജീവിക്കാൻ ഔട്ഡോർ ഇവന്റ് നടത്തുന്നവർ അടിയന്തര പദ്ധതികൾ പ്ലാൻ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
പൊതുജനങ്ങൾ ഇടിമിന്നലുള്ളപ്പോൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. കനത്ത മഴയുള്ളപ്പോൾ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുത്. കനത്ത കാറ്റിൽ നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കണം. കാലാവസ്ഥാ വകുപ്പിന്റെ അപ്ഡേറ്റുകൾ കൃത്യമായി അറിയണമെന്നും അധികൃതർ ഓർമപ്പെടുത്തി.