ടൈം സ്ക്വയറിലും കാനഡയിലും എമ്പുരാൻ പ്രകമ്പനം; ആരാധകർ മണിക്കൂറുകളെണ്ണി കാത്തിരിക്കുന്നത് ഇതാദ്യം: ‘കണ്ടറിയണം കോശി’ എന്ന് ചിലർ

Mail This Article
ലോകപ്രശസ്തമായ ടൈം സ്ക്വയറിൽ ‘മറ്റൊരാൾ’ക്കൂടി കഴിഞ്ഞദിവസം ചരിത്രത്തിലേക്കൊരു കസേര വലിച്ചിട്ടിരുന്നു- എമ്പുരാൻ! ഇതിനുമുൻപ് ടൈം സ്ക്വയർ കേരളക്കരയിൽ തരംഗമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യവും അതെത്തുടർന്നുണ്ടായ ഇരുമ്പ്കസേരവിവാദങ്ങളുമാണ്. ടൈംസ്ക്വയർ വീണ്ടും ശ്രദ്ധയാകർഷിച്ചതാകട്ടെ മോഹൻലാൽ നായകനായി പ്രിഥ്വിരാജ് അണിയിച്ചൊരുക്കുന്ന എമ്പുരാന്റെ വടക്കേ അമേരിക്കയിലേക്കുള്ള വരവറിയിക്കുന്ന കിടിലൻ മാർക്കറ്റിങ്ങിലൂടെയും.
അബ്രാം ഖുറേഷിയുടെ വരവറിയിക്കുന്ന ദൃശ്യങ്ങൾ ടൈം സ്ക്വയറിലെ ബിൽബോർഡിൽ തെളിയുകയും, ലാലേട്ടൻ ഫാൻസ് യുഎസ് എന്ന ബാനറുമേന്തി, ലാലേട്ടന്റെ കട്ടൗട്ട് മുഖവുമായി ആരാധകർ ചെണ്ടകൊട്ടി ആർപ്പുവിളിക്കുകയും, വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് ചുള്ളന്മാരും ജീൻസും എമ്പുരാൻ ടീഷർട്ടുമണിഞ്ഞ് ചുള്ളത്തിക്കളും നൃത്തച്ചുവടുകൾവയ്ക്കുകയും ചെയ്തതോടെ മലയാളത്തിന്റെയും മലയാളക്കരയുടെയും ‘സമയചതുരം’ വീണ്ടും രാജ്യാന്തരതലത്തിൽ മുഴങ്ങുകയായിരുന്നു. ന്യൂയോർക്കിന് പുറത്തുനിന്നുള്ളവർപോലും ആരാധകർ പറന്നെത്തിയിരുന്നു.
തീർന്നില്ല, പ്രകമ്പനം. അമേരിക്കൻ മലയാളികളിലെ സിനിമാപ്രേമികൾ ടൈം സ്ക്വയറിലാണ് ചരിത്രംകുറിച്ചതെങ്കിൽ അയൽക്കാരായ കാനഡക്കാർ ഓൺലൈനിലാണ് തരംഗമുണ്ടാക്കിയത്. കാനഡയിലെ ഗ്രേറ്റർ ടൊറന്റോ മേഖലയിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കകം ആദ്യഷോകൾക്കുള്ള ടിക്കറ്റ് വാങ്ങിക്കൂട്ടിയാണ് ആരാധാകർ എമ്പുരാനോടുള്ള് കൂറ് തെളിയിച്ചത്. ഒരു മലയാള സിനിമയ്ക്കായി. കാനഡയിലും അമേരിക്കയിലുമെല്ലാം ആരാധകർ മണിക്കൂറുകളെണ്ണി ഒരു മലയാളസിനിമയക്കായി കാത്തിരിക്കുന്നത് ഇതാദ്യമെന്നാണ് റിപ്പോർട്ട്.

ഇതുവരെയില്ലാത്ത നിരക്കിലാണ് ടിക്കറ്റ് വിറ്റുപോകുന്നതെന്നും ശ്രദ്ധേയം. ഇരുപത്തിയഞ്ച് ഡോളറിലേറെയാണ് (ആയിരത്തിയഞ്ഞൂറോളം രൂപ) കാനഡയിലെ നിരക്ക്. പത്ത് ദിവസം മുൻപേ ഒരു സിനിമയ്ക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുകയെന്നത് ഇവിടങ്ങളിലെ ഡിസ്ട്രിബ്യൂട്ടർമാരെ സംബന്ധിച്ചിടത്തോളം സ്വപ്നങ്ങളിൽപ്പോലും ഇതുവരെ ഇല്ലായിരുന്നു. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കൊണ്ട് ടിക്കറ്റ് വിറ്റുപോയതോടെ തിയറ്ററുകാരും കളംമനസ്സിലാക്കി. തിയറ്റർ സമുച്ചയങ്ങളുള്ളവർ കൂടുതൽ ഷോകൾ അനൗൺസ് ചെയ്തു.

അതും ചൂടപ്പംപോലെ വിറ്റുപോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടു ദിവസം പൂർത്തിയാകുംമുൻപ് കാനഡയിൽ ഒരു ലക്ഷം ഡോളറിന്റെ ടിക്കറ്റുകളാണ് വിറ്റുപോയത്. അമേരിക്കയിലെയുംകൂടി കൂട്ടിയാൽ ഇതു രണ്ടുലക്ഷത്തോളം ഡോളറിന്റെ ടിക്കറ്റുകളാണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ഓട്ടവയിലും ഗ്രേറ്റർ ടൊറന്റോ മേഖലയിലും ചുറ്റുവട്ടത്തുമായി പത്തോളം തിയറ്ററുകളിലാണ് പ്രീമിയർ ഷോ നിമിഷനേരംകൊണ്ട് സോൾഡ് ഔട്ട് ആയത്. കാനഡയിൽ മൂവായിരത്തിലേറെയും അമേരിക്കയിൽ ആയിരത്തോളവുമാണ് ഇത്തരത്തിൽ പ്രീമിയർഷോയ്ക്കുള്ള ടിക്കറ്റുകൾ വിറ്റുപോയത്.
അമേരിക്കയിൽ നൂറോളം തിയറ്ററുകളിലാണ് പ്രദർശനത്തിനൊരുങ്ങുന്നത്. കാനഡയിലാകട്ടെ അൻപതോളം തിയറ്ററുകളിലാണ് എമ്പുരാൻ കളിക്കുക. ആശിർവാദ് ഹോളിവുഡുമായി ചേർന്ന് പ്രൈം മീഡിയയാണ് യുഎസ്സിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. കാനഡയിൽ ടു കേരള എന്റർടെയ്ൻമെന്റും. ഇതിനുമുൻപ് ചിത്രമിറങ്ങും മുൻപ് ഇത്രയും ഓളമുണ്ടാക്കിയ സമീപകാല ചിത്രങ്ങൾ മോഹൻലാലിന്റെതന്നെ മരക്കാർ അറബിക്കടലിന്റെ സിംഹവും ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയും ആയിരുന്നു. കളക്ഷന്റെ കാര്യത്തിൽ പക്ഷേ കൈപൊള്ളിയെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

മൂന്ന് പതിറ്റാണ്ടായി കാനഡയിൽ മലയാള സിനിമ കൊണ്ടുവരുന്നവരിൽ പ്രമുഖനായ ബിജു തയ്യിൽച്ചിറയുടെ വാക്കുകൾ കടമെടുത്താൽ, “പടമല്ല, ഞാനാണ് ഓടിയത്…”. ഈ വാക്കുകളിൽ എല്ലാമുണ്ട്. ഫാൻസ് ഷോകളിൽ ആരാധകപ്രളയമുണ്ടായതല്ലാതെ കാണികൾ കയറിയില്ലെന്നു ചുരുക്കം. ഇപ്പോൾ ഖുറേഷി അബ്രാമിന്റെ വരവിനെക്കുറിച്ച് പറയുമ്പോഴും, ‘കണ്ടറിയണം കോശി’ എന്നു ചിലരെങ്കിലും പറയുന്നത് അതുകൊണ്ടുകൂടിയാവണം. ഇപ്പറഞ്ഞ് രണ്ട് ചിത്രങ്ങളിലുമില്ലാതിരുന്ന ഒരു ഘടകമാണ് അപ്പോഴും പ്രതീക്ഷ പകരുന്നത്- പ്രിഥ്വിരാജ്.
പടമിറങ്ങിയശേഷം, പ്രേക്ഷകരുടെ മനംകവർന്ന ദൃശ്യം സിനിമ ദിവസങ്ങളോളം തിയറ്ററുകളിലേക്ക് മലയാളികളെ ആകർഷിച്ചിരുന്നു. കോവിഡിന് മുൻപും ഐപിടിവിയുടെയും ഒടിടിയുടെയുമൊക്കെ വരവിനുശേഷവും ഏതാനും ചില ചിത്രങ്ങൾ തിയറ്ററുകളിൽ ആളനക്കമുണ്ടാക്കിയിരുന്നു. ഓൺലൈൻ റിവ്യൂകളുടെ വരവോടെ, മോശം റിപ്പോർട്ടാണെങ്കിൽ തിയറ്ററിലേക്കില്ല എന്ന തീരുമാനമെടുക്കാൻ പലരും നിർബന്ധിതരായി. നാട്ടിൽനിന്നുള്ള നല്ല റിപ്പോർട്ട് കിട്ടുന്ന മലയാള ചിത്രങ്ങൾക്കു മാത്രമാണ് വാരാന്ത്യങ്ങളിലെങ്കിലും കുറച്ചുപേർ എത്തുന്നത് എന്നതാണ് പൊതുവായുള്ള സ്ഥിതി. തമിഴ്, തെലുങ്ക് ചിത്രങ്ങളാകട്ടെ മിക്കപ്പോഴും ഹൗസ് ഫുൾ ആയാണ് ആദ്യദിവസങ്ങളിൽ ഓടുന്നത്.
ഇതിനിടെ മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും ചിത്രങ്ങളുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ചില തിയറ്ററുകളിൽ അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തിയറ്ററുകൾക്കുനേരെയുള്ള വെടിവയ്പും തിയറ്ററിനുള്ളിലെ വാതകപ്രയോഗങ്ങളുമൊക്കെ കാണികളുടെ വരവിനെ ബാധിച്ചിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന കാര്യങ്ങളാണ് ഇവയ്ക്കു പിന്നിലെന്നാണ് പറയപ്പെടുന്നത്.

കേരളക്കരയിൽ അടുത്ത വ്യാഴാഴ്ച രാവിലെ എമ്പുരാൻ വെള്ളിത്തിരയിലെത്തുത്തുമ്പോൾ അമേരിക്കയിലെയും കാനഡയിലെയും ലാലേട്ടൻ ആരാധകർക്കിത് ഉറക്കമില്ലാത്ത രാവായിരിക്കും. രാത്രി ഒൻപതിനുള്ള പ്രീമിയർ ഷോയ്ക്ക് ടിക്കറ്റ് കരസ്ഥമാക്കാൻ പറ്റാത്തവർ അർധരാത്രിക്കുള്ള രണ്ടാമത്തെ ഷോയ്ക്കാണ് ടിക്കറ്റെടുത്തിരിക്കുന്നത്. പിറ്റേന്ന് വർക്കിങ് ഡേയും സ്കൂളുമൊക്കെയുണ്ടെന്നതാണ് പലരെയും വെട്ടിലാക്കിയത്. എങ്കിലും വേണ്ടില്ല, ഇതുപോലൊരു അവസരം ഇനി ഉണ്ടാകണമെങ്കിൽ കാത്തിരിപ്പ് നീളുമെന്നറിയാവുന്ന സിനിമാപ്രേമികൾ രണ്ടും കൽപ്പിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുകയായിരുന്നു.
പലരും കുടുംബമായും കുട്ടുകാരുമായി കൂട്ടുചേർന്നുമാണ് ആദ്യ ഷോ അവിസ്മരണീയമാക്കാൻ ഒരുങ്ങുന്നത്. മറ്റു ദിവസങ്ങളിലെ ടിക്കറ്റുകളും നേരത്തെ ബുക്ക് ചെയ്യാനുള്ള അവസരമൊരുക്കാനാണ് തിയറ്ററുകളുടെ ശ്രമം. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കു പിന്നാലെ എമ്പുരാനിലെ ഖുറേഷിയും അണിയറക്കാരും കാണികളെ ഇളക്കിമറിച്ചാൽ വടക്കൻ അമേരിക്കയിലെ ബോക്സ് ഓഫിസുകളിൽ ഡോളർ കിലുക്കമുറപ്പ്.