ട്രോപിക്കാനയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ഉപഭോക്താക്കളുടെ രുചി മാറുന്നു, ഇന്ത്യയിലോ?

Mail This Article
അറുപതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ട്രോപിക്കാനയ്ക്കും അടിപതറുന്നു എന്ന് റിപ്പോർട്ടുകൾ. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട പാനീയമായ ട്രോപിക്കാനയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക പ്രതിസന്ധി കൂടുതലായതിനാൽ, കമ്പനി പാപ്പരാകുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓറഞ്ച് ജ്യൂസിന് പേരുകേട്ട ഈ കമ്പനി, ഓറഞ്ചു കൃഷിയിലുണ്ടായ പ്രതിസന്ധി മൂലം ഒന്നിലധികം മേഖലകളിൽ വെല്ലുവിളികൾ നേരിടുന്നു. ട്രോപ്പിക്കാന ബ്രാൻഡ് ഗ്രൂപ്പിന്റെ വിൽപ്പനയും ലാഭവും കഴിഞ്ഞ വർഷങ്ങളിൽ രാജ്യാന്തര വിപണിയിൽ കുത്തനെ ഇടിഞ്ഞു എന്ന് കണക്കുകൾ കാണിക്കുന്നു.
കൂടിയ വില, മത്സരം, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രവണതകൾ എന്നിവയാണ് ട്രോപ്പിക്കാനയെ ബാധിച്ചത്.
ഫ്ലോറിഡയിലെ ചുഴലിക്കാറ്റ് പോലുള്ള കാലാവസ്ഥാ വ്യതിയാനം കാരണം ഓറഞ്ച് കൃഷിയിൽ അമേരിക്കയിൽ കമ്പനി വിതരണക്ഷാമം നേരിടുന്നുണ്ട്. 70 ശതമാനത്തോളം കൃഷി സ്ഥലമാണ് കഴിഞ്ഞ വർഷം കാലാവസ്ഥ വ്യതിയാനം മൂലം നശിച്ചിരിക്കുന്നത്.

ആരോഗ്യ ഭക്ഷണങ്ങളിലേക്ക് മാറിയത് തിരിച്ചടി
കൂടിയ അളവിൽ മധുരമടങ്ങിയ ജ്യൂസുകളിൽ നിന്നും ആരോഗ്യകരമായ ഡ്രിങ്കുകളിലേക്ക് ആളുകൾ മാറിയതും, പരമ്പരാഗത ജ്യൂസുകൾ ഉപേക്ഷിക്കാൻ കാരണമായി. കുറഞ്ഞ മധുരം, കൂടിയ അളവിൽ നാരുകൾ, കൂടുതൽ പോഷണം എന്നിവക്ക് ഉപഭോക്താക്കൾ പ്രാധാന്യം കൊടുത്തതും പരമ്പരാഗത ജ്യൂസ് നിർമാതാക്കൾക്ക് തിരിച്ചടിയായി. 'പ്രോസസ്ഡ്' ജ്യൂസുകളിൽ നിന്നും 'ഫ്രഷ്' ജ്യൂസുകളിലേക്ക് ആളുകൾ മാറിയതും ജ്യൂസ് കമ്പനികളുടെ 'മധുരം' കുറച്ചു. 'ജ്യൂസുകളെക്കാൾ നല്ലത് പഴങ്ങൾ മുറിച്ചു കഴിക്കുന്നതാണ്' എന്ന ചിന്താഗതി ജനകീയമായതും ട്രോപിക്കാന പോലുള്ള കമ്പനികളുടെ വയറ്റത്തടിച്ചു.
ഇന്ത്യയിലെ അവസ്ഥ
2004 ൽ ആണ് ഇന്ത്യയിൽ ട്രോപിക്കാനയുടെ ബിസിനസ് തുടങ്ങുന്നത്. ആഗോളതലത്തിൽ പ്രശസ്തമായ ബ്രാൻഡ് ആയതിനാൽ ട്രോപിക്കാനക്ക് ഇന്ത്യയിൽ വേര് പിടിക്കാൻ എളുപ്പമായിരുന്നു. പ്രത്യേക തരത്തിലുള്ള ഓറഞ്ച് രുചി കൊണ്ടാണ് ട്രോപിക്കാന ആദ്യം ഇന്ത്യൻ വിപണി കീഴടക്കി തുടങ്ങിയത്. ആദ്യ കാലങ്ങളിൽ ഉയർന്ന വിലയിലും നല്ല വില്പന ഉണ്ടായിരുന്നു. പിന്നീട് മത്സരം കടുത്തതോടെ ചെറിയ പാക്കറ്റുകളിലും വില്പന തുടങ്ങി. വില കുറവിൽ ജ്യൂസ് വിൽക്കാൻ കമ്പനികൾ മത്സരിച്ചതോടെ ട്രോപിക്കാനയും ഇതിൽ പങ്കുചേർന്നു. മുൻപ് ഒരു ലിറ്ററിന് 150 -200 രൂപ ഉണ്ടായിരുന്നത്, ഇപ്പോൾ ഒരു ലിറ്ററിന് ഓഫറിൽ 70 -75 രൂപക്ക് വരെ ലഭിച്ചു തുടങ്ങി.
ആഗോളതലത്തിൽ ട്രോപിക്കാനക്ക് ശനിദശയാണെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കാര്യങ്ങൾ ഉഷാറിലാണ്. ഇന്ത്യയിലെ ജ്യൂസ് വിപണി വളർന്നുവരികയാണ്. വരും വർഷങ്ങളിൽ ഈ വ്യവസായം കൂടുതൽ വളരുമെന്നാണ് മാർക്കറ്റ് റിപ്പോർട്ടുകൾ. പഴങ്ങളുടെ ഉത്പാദനം കൂടുന്നത്, ആരോഗ്യ അവബോധമേറുന്നത്, ആളുകളുടെ വരുമാനം ഉയരുന്നത് എന്നിവയെല്ലാം ജ്യൂസ് വിപണിയുടെ വളർച്ച കൂട്ടും.
2030 ആകുമ്പോഴേക്കും ഇന്ത്യയിലെ "100% ജ്യൂസ്" വിപണി 1,49.2 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2033 ആകുമ്പോഴേക്കും പാക്കേജ്ഡ് ജ്യൂസ് വിപണി 2,21.19 കോടി ഡോളറിലെത്തുമെന്ന് പ്രവചനങ്ങളുണ്ട്.