'സുനിത വില്യംസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ഖുറാനാണ് സത്യം, എന്റെ ഗവേഷണം ഇനി ഖുറാനിലെ ശാസ്ത്രത്തെക്കുറിച്ച്'! പ്രചാരണം വ്യാജം | Fact Check

Mail This Article
ഒമ്പത് മാസത്തെ ബഹിരാകാശത്തെ ജീവിതത്തിന് ശേഷം സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ സുനിത വില്യംസുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസ് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിച്ചുവെന്നും തനിക്ക് അതിജീവിക്കാൻ കരുത്തായത് ഇസ്‌ലാം രീതികളാണെന്നും തുടർന്നുള്ള തന്റെ ഗവേഷണങ്ങൾ ഇസ്‌ലാമിലെ സത്യത്തെക്കുറിച്ചായിരിക്കുമെന്നും പറഞ്ഞുവെന്നും പോസ്റ്റുകളിൽ അവകാശപ്പെടുന്നു. ബിബിസിയുടെ റിപ്പോർട്ട് എന്ന രീതിയിലാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ, സുനിത വില്യംസ് ഇത്തരം പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല.
∙ അന്വേഷണം
"അൽഹംദുലില്ലാഹ്...സുനിത വില്ലംസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒരാഴ്ചത്തെ ദൗത്യവുമായി ബഹിരാകാശത്ത് പോയ സുനിത 9 മാസം അവിടെ തങ്ങി തിരിച്ചുവന്നപ്പോൾ പത്രക്കാരോട് പറഞ്ഞത് ലോകത്തു ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുകയാണ്.' ഞാൻ ബഹിർകാശത്ത് കുടുങ്ങിയത് ദൈവ നിശ്ചയപ്രകാരം ആണ് എന്നാണ് എനിക്ക് തോന്നുന്നത്. 20 ദിവസം കഴ്ഞ്ഞപ്പോൾത്തന്നെ ഞാൻ മരണം മുന്നിൽ കണ്ടത് പോലെ ആയിരുന്നു ജീവിച്ചത് . സ്റ്റോർ ചെയ്ത ഭക്ഷണവും വെള്ളവും തീരാനായി ഇനി എങ്ങിനെ മുന്നോട്ടു പോകും എന്ന് ചിന്തിച്ചപ്പോൾ ആണ് മുസ്ലിങ്ങളുടെ റംസാൻ നോമ്പിനെ കുറിച്ച ഓർമ്മ വന്നത് . അന്ന് മുതൽ ഞാൻ വൈകുന്നേരം കുറച്ച ഭക്ഷണവും വെള്ളവും കുടിക്കും പിന്നെ രാവിലെ കുറച്ച വെള്ളവും. ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് നല്ല ആരോഗ്യവും ഉന്മേഷവും തോന്നി. എനിക്ക് കുറച്ച അധികം നാൾ പിടിച് നിൽക്കാൻ സാധിക്കും എന്ന് മനസ്സിലായി..." എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

വൈറൽ പോസ്റ്റുകളിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട കീവേർഡ് സെർച്ച് നടത്തുകയാണ് ഞങ്ങൾ ആദ്യം ചെയ്തത്. എന്നാൽ ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. തുർന്ന് ബിബിസിയുടെ പേജും ഞങ്ങൾ പരിശോധിച്ചു. സുനിത വില്യംസ് ബഹിരാകാശത്ത് നിന്നും ഭൂമിയിലെത്തിയ കാര്യം വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സുനിത വില്യംസിന്റെ പ്രസ്താവന എന്ന രീതിയിൽ യാതൊന്നും തന്നെ ബിബിസി പ്രസിദ്ധീകരിച്ചിട്ടില്ല.
സുനിത വില്യംസിന്റെ തിരിച്ച് വരവ് സംബന്ധിച്ച വാർത്തകൾ ബിബിസി വെബ്സൈറ്റിൽ ലൈവ് റിപ്പോർട്ടിങ് രീതിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് ക്രോഡീകരിച്ചിരിക്കുന്നത് നാസയുടെ വാർത്താ സമ്മേളനത്തിൽ നിന്നുള്ള വിവരങ്ങളോടെയാണ്. ഈ റിപ്പോർട്ടിൽ തന്നെ സുനിത വില്യംസും ബുച്ച് വിൽമോറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്നും ഭൂമിയുടെ ഗുരുത്വാകർഷണവുമായി വീണ്ടും പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കുമെന്നും ഇരുവരെയും വൈദ്യശാസ്ത്ര പരിശോധനകൾക്ക് വിധേയമാക്കുകയാണെന്നും നാസ അധികൃതർ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് കാണാം.

സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ച് വരവുമായി ബന്ധപ്പെട്ട വിശദമായ മറ്റൊരു റിപ്പോർട്ടും ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലും തിരിച്ചെത്തിയ ശേഷമുള്ള സുനിത വില്യംസിന്റെ പ്രസ്താവനയൊന്നും ഉൾപ്പെടുത്തിട്ടില്ല. നാസ കൊമേഴ്ഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച്, നാസ സ്പേസ് ഓപ്പറേഷൻസ് മിഷൻ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജോയൽ മൊണ്ടാൽബാനോ എന്നിവരാണ് സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്കാണ് സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും മാറ്റിയിരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു. സുനിത വില്യംസ് ബഹിരാകാശത്ത് ഉണ്ടായിരുന്നപ്പോൾ നടത്തിയ പ്രസ്താവന റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. "എന്റെ കുടുംബത്തെയും നായ്ക്കളെയും കാണാനും കടലിൽ ചാടാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഭൂമിയിലേക്ക് തിരിച്ചുവരുന്നത് തികച്ചും സന്തോഷകരമായിരിക്കും" എന്നാണ് സുനിത പറഞ്ഞത്. ബിബിസി റിപ്പോർട്ട് ഇവിടെ വായിക്കാം.
ഇനിയുള്ള 45 ദിവസങ്ങൾ സുനിത വില്യംസും ബുച്ച് വിൽമോറും ഹുസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ തന്നെ കഴിയുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇവിടെ വായിക്കാം.
ലഭ്യമായ വിവരങ്ങളിൽ നിന്നും ബഹിരാകാശത്ത് നിന്നും തിരിച്ചെത്തിയ ശേഷം സുനിത വില്യംസ് ഇസ്‌ലാമിനെക്കു റിച്ച് സംസാരിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വസ്തുത
ബിബിസി ഇത്തരമൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചിട്ടുമില്ല.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)