ബട്‌ലറെ ഇളക്കിമാറ്റി ബാറ്റിങ് നിരയെ ‘ദേശസാൽക്കരിച്ച്’ രാജസ്ഥാൻ; ‘തലസ്ഥാന’ത്ത് ഉൾപ്പെടെ ഇളക്കി പ്രതിഷ്ഠ നടത്തി ഡൽഹി– ടീം പരിചയം

Mail This Article
ടീമൊരുക്കത്തിൽ 18 അടവും പയറ്റിയാണ് ടീമുകൾ ഐപിഎലിന്റെ 18–ാം സീസണിന് വരുന്നത്. കനപ്പെട്ട മാറ്റങ്ങളുമായി രാജസ്ഥാനും പതിവിലും ഭദ്രതയോടെ ഡൽഹിയും പഞ്ചാബും എത്തുമ്പോൾ പ്രവചനത്തിനു പിടിതരുന്നതല്ല ഈ സീസണിലെ സാധ്യതകൾ.
∙ റോയൽ പരീക്ഷണം
‘ഞെട്ടിച്ചുകളഞ്ഞ’ മെയ്ക്ക് ഓവറുമായാണു സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാന്റെ അഞ്ചാം വരവ്. ബാറ്റിങ്ങിലെ ആണിക്കല്ല് ജോസ് ബട്‌ലറെ ഇളക്കിമാറ്റിയ റോയൽസ് ടീം, ബാറ്റിങ് നിരയെ ദേശസാൽക്കരിച്ചു. ഫിനിഷർ റോളിലെത്തുന്ന ഹെറ്റ്മയർ ഒഴിച്ചാൽ പക്കാ ഇന്ത്യൻ ബാറ്റിങ് ലൈനപ്പാണു ടീമിന്.
പക്ഷേ, ബോളിങ്ങിൽ ‘ഇറക്കുമതി’ വീര്യവും സ്വന്തം. പേസ് നിരയിലേക്ക് ആർച്ചറിനെ തിരിച്ചുപിടിച്ച രാജസ്ഥാൻ പഴയ അശ്വിൻ–ചെഹൽ കൂട്ടുകെട്ടിന്റെ സ്ഥാനത്തു ശ്രീലങ്കയുടെ ഹസരംഗ -തീക്ഷ്ണ ജോടിയെയാണു സ്പിൻ ഏൽപിച്ചിട്ടുള്ളത്. വേണ്ടത്ര വിദേശതാരങ്ങളില്ലാത്തതും പരുക്ക് ബാധിതർ ഏറെയാണെന്നതും തിരിച്ചടി.
സാധ്യതാ പ്ലേയിങ് 12:
യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്‌മയർ, വാനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷ്ണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ, വൈഭവ് സൂര്യവംശി
∙ മൈറ്റി ‘പഞ്ചാബി’ ഓസീസ്
പഞ്ചാബിന്റെ വിലാസമുള്ള ഒരു ഓസ്ട്രേലിയൻ ടീമാണ് ഇത്തവണ പഞ്ചാബ് കിങ്സ്. കോച്ച് റിക്കി പോണ്ടിങ്ങിന്റെ സാന്നിധ്യം തന്നെയാണ് ഈ വിശേഷണത്തിനു പിന്നിലെ പ്രധാന വസ്തുത. ശ്രേയസ് അയ്യരുടെ നായകത്വത്തിലെത്തുന്ന ടീമിൽ മാർക്കസ് സ്റ്റോയ്നിസ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്‌വെൽ എന്നീ ഓസീസ് താരങ്ങളാണ് പ്രധാന കരുത്ത്.
മാക്സ്‌വെലിനെ തിരിച്ചെത്തിച്ച ടീം സ്റ്റോയ്നിസും ഒമർസായിയും മാർക്കോ യാൻസനും ആരോൺ ഹാർഡിയും പോലുള്ള ഓൾറൗണ്ടർമാരെയും കൂടെക്കൂട്ടി. അർഷ്ദീപ് സിങ് പേസിന്റെയും യുസ്‌വേന്ദ്ര ചെഹൽ സ്പിന്നിന്റെയും മുഖമാകുന്ന ടീം പതിവിലും സന്തുലിതമായ പ്ലേയിങ് യൂണിറ്റുമായാണ് കളത്തിലെത്തുക.
സാധ്യതാ പ്ലേയിങ് 12:
ജോഷ് ഇംഗ്ലിസ്, പ്രഭ്സിമ്രൻ സിങ്, മാർക്കസ് സ്റ്റോയ്നിസ്, ശ്രേയസ് അയ്യർ, ഗ്ലെൻ മാക്‌സ്‌വെൽ, നെഹാൽ വധേര, ശശാങ്ക് സിങ്, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിങ്, ലോക്കി ഫെർഗൂസൺ, യുസ്‌വേന്ദ്ര ചെഹൽ, യഷ് ഠാക്കൂർ
∙ ക്യാപിറ്റൽ ടീം
തലസ്ഥാനത്ത് ഉൾപ്പെടെ ഇളക്കി പ്രതിഷ്ഠ നടത്തിയാണു ഡൽഹിയുടെ ഭാഗ്യാന്വേഷണം. ബാറ്റിങ്ങിന്റെ ന്യൂക്ലിയസാകാൻ ലക്ഷ്യമിട്ടു കെ.എൽ.രാഹുലിനെ ടീമിലെത്തിച്ച ക്യാപിറ്റൽസ് ബോളിങ് വജ്രായുധമായി മിച്ചൽ സ്റ്റാർക്കിനെയും കണ്ടെത്തിയതോടെ പലവട്ടം വഴുതിയ കിരീടത്തിലേക്ക് ഒരുപിടി പിടിക്കാൻ പോന്ന സംഘമായി മാറിയിട്ടുണ്ട്.
പരിചയസമ്പത്തിൽ മുറുകെപ്പിടിച്ചുള്ള താരലേലത്തിലെ കരുനീക്കങ്ങൾ അക്ഷർ പട്ടേൽ നായകനായ ടീമിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. സ്പിന്നിൽ മുന്നിലുള്ള ഡൽഹിക്കു പേസ് യൂണിറ്റിലും തലയെടുപ്പേറിയതോടെ ബോളിങ്ങിൽ ഏതു ടീമിനോടും കിടപിടിക്കാവുന്ന കരുത്ത് സ്വന്തം.
സാധ്യതാ പ്ലേയിങ് 12:
ഫാഫ് ഡുപ്ലെസി, ജേക്ക് ഫ്രേസർ മക്ഗുർക്ക്, കെ.എൽ.രാഹുൽ, അഭിഷേക് പോറെൽ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്ഷർ പട്ടേൽ, അശുതോഷ് ശർമ, സമീർ റിസ്‌വി, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ടി.നടരാജൻ, മുകേഷ് കുമാർ
∙ വൈബ്രന്റ് ഗുജറാത്ത്
ബാറ്റിങ്ങിന്റെയും ബോളിങ്ങിന്റെയും തലപ്പത്തേക്കു രണ്ടു കൊമ്പൻമാരെ കണ്ടെത്തിയാണു മെഗാലേലം കടന്നുള്ള ഗുജറാത്തിന്റെ വരവ്. ശുഭ്മൻ ഗിൽ നായകനായ ടീമിന്റെ ബോളിങ് വിഭാഗത്തിലേക്കാണ് ഇത്തവണ ആളേറെയെത്തിയത്.
കഗീസോ റബാദയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന പേസ് ത്രയത്തെ സ്വന്തമാക്കിയ ടൈറ്റൻസ് ജോസ് ബട്‌ലറിനെയും ഒപ്പംകൂട്ടി. വിശ്വസ്തതാരം റാഷിദ് ഖാനു കൂട്ടായി വാഷിങ്ടൻ സുന്ദറും എത്തുന്നതോടെ സ്പിൻ ആക്രമണത്തിലും ‘ടൈറ്റ്’ ആയി കാര്യങ്ങൾ.
സാധ്യതാ പ്ലേയിങ് 12:
ജോസ് ബട്‌ലർ, ശുഭ്മൻ ഗിൽ, സായ് സുദർശൻ, ഗ്ലെൻ ഫിലിപ്‌സ്, വാഷിങ്ടൻ സുന്ദർ, ഷാറൂഖ് ഖാൻ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, സായ് കിഷോർ, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
∙ ഗുഡ്‌ലക്ക് ലക്നൗ
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഋഷഭ് പന്തിനെ ടീമിലെത്തിച്ച ലക്നൗ സൂപ്പർ ജയന്റ്സ് പ്രകടനത്തിലും ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തവണയെത്തുന്നത്. ബാറ്റിങ് വെടിക്കെട്ടിനു തിരികൊളുത്താനുള്ള വിഭവങ്ങളേറെയുള്ള ടീമിൽ നിക്കോളാസ് പുരാനും ഡേവിഡ് മില്ലറും പോലുള്ള മാച്ച് വിന്നിങ് ഫിനിഷേഴ്സും ആളിക്കത്താനുണ്ട്.
ബാറ്റിങ്ങിൽ വിദേശി താരങ്ങളെയും ബോളിങ്ങിൽ സ്വദേശി താരങ്ങളെയും അമിതമായി ആശ്രയിക്കുന്നവരാണു ലക്നൗ ടീം. പേസ് വിഭാഗത്തിൽ പരുക്കേറ്റവരുടെയും പരുക്കിൽ നിന്നു മോചിതരായെത്തുന്നവരുടെയും സാന്നിധ്യം പന്ത് നായകനായ ടീമിനു ബാധ്യതയാകാനും സാധ്യതയേറെ.
സാധ്യതാ പ്ലേയിങ് 12 :
മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, ഋഷഭ് പന്ത്, ആയുഷ് ബദോനി, നിക്കോളാസ് പുരാൻ, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ഷഹബാസ് അഹമ്മദ്, ആവേശ് ഖാൻ, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, ആകാശ്ദീപ്