ADVERTISEMENT

കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡ്യൂട്ടിയ്ക്കിടെ വാഹനത്തിലിരിക്കുന്ന ഒരാളുടെ കാലില്‍ വീഴുന്ന ചില ഓഫിസര്‍മാരെ വിഡിയോയില്‍ കാണാം. കാലില്‍ തൊട്ടു വണങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് കാറിലിരിക്കുന്നയാള്‍ പണം നല്‍കുന്നുമുണ്ട്. കര്‍ണാടകയിലെ പൊലീസുകാര്‍ ബിജെപി നേതാവിന്റെ കാലുപിടിക്കുന്നു എന്ന രീതിയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്. എന്നാല്‍, വിഡിയോയിലുള്ളത് ബിജെപി നേതാവല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സിദ്ധനകൊല്ല മഠത്തിലെ ശിവകുമാര്‍ സ്വാമിയുടെ കാലിലാണ് പൊലീസുകാര്‍ വീഴുന്നത്. 

∙ അന്വേഷണം

"*കര്‍ണാടകയെ കണ്ട് പഠിക്ക് ബിജ്യാ എന്ത് സുന്ദരം?? BJP യുടെ കാല് നക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പോലീസ്..." എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

karnataka_p_b

വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ദൈജിവേള്‍ഡ് എന്ന വെബ്‌സൈറ്റില്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി. "ബാഗല്‍കോട്ടില്‍ സ്വാമിയില്‍ നിന്ന് പണം വാങ്ങുന്ന വ‌ിഡിയോ വൈറലായതിനെ തുടര്‍ന്ന് ആറ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി." എന്ന തലക്കെട്ടില്‍ 2025 മാര്‍ച്ച് 14നാണ് ഈ റിപ്പോര്‍ട്ട് പങ്കുവച്ചിട്ടുള്ളത്. പൊലീസുകാര്‍ അനുഗ്രഹം വാങ്ങുന്നത് സിദ്ധനകൊല്ല ശിവകുമാര്‍ സ്വാമിയില്‍ നിന്നാണെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. യൂണിഫോം ധരിച്ച പൊലീസുകാര്‍ ഇത്തരത്തില്‍ അനുഗ്രഹം വാങ്ങുന്ന വിഡിയോ വൈറലായതോടെ ഈ ഉദ്യോഗസ്ഥരെ എല്ലാവരെയും സ്ഥലം മാറ്റിയതായി ബാഗല്‍കോട്ട് എസ്‌പി അമര്‍നാഥ് റെഡ്ഡി സ്ഥിരീകരിച്ചു. ബദാമി സ്‌റ്റേഷനിലെ പൊലീസുകാരായിരുന്ന എഎസ്‌ഐ ഡിജെ ശിവപൂര്‍, എഎസ്‌ഐ ജിബി ദളവായ്, കോണ്‍സ്റ്റബിള്‍മാരായ നാഗരാജ് അങ്കോള്‍, ജിബി അങ്കടി, രമേശ് ഇലഗര്‍, രമേശ് ഹുള്ളൂര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് കാണാം.

karnataka_police_n

ഇടിവി ഭാരത് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരും സ്വാമിയും തമ്മിലുള്ള സംഭാഷണം നല്‍കിയിട്ടുണ്ട്. "ഒരു സല്യൂട്ട് മാത്രം മതി. ഞാന്‍ അനുഗ്രഹമായി തന്ന പണം നഷ്ടപ്പെടുത്തരുത്. ഈ പണം ഒന്നിനും ചെലവഴിക്കരുത്. നിങ്ങള്‍ കരുതുന്നതെന്തും സത്യമാകും. ഞാന്‍ തന്ന പണം സൂക്ഷിക്കുക, അത് നിങ്ങളുടെ സ്വത്തായി മാറും." എന്നാണ് സ്വാമി പൊലീസുകാരോട് പറയുന്നത്.

വിഡിയോ വൈറലായതിനു ശേഷം ശിവകുമാര്‍ സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. "സിദ്ധനകൊല്ല മഠം ഭക്തര്‍ക്കായി നിലനില്‍ക്കുന്ന മഠമാണ്. വരുന്ന ഏതൊരു ഭക്തനും പണം നല്‍കുന്ന പാരമ്പര്യം കഴിഞ്ഞ 60 വര്‍ഷമായി തുടരുന്നു. വരുന്ന എല്ലാ രാഷ്ട്രീയക്കാരനും പണം നല്‍കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കും ഞാന്‍ പണം നല്‍കിയിട്ടുണ്ട്. പൊലീസിനും ഞാന്‍ പണം നല്‍കി അവരെ അനുഗ്രഹിച്ചിട്ടുണ്ട്. ഇത് തെറ്റായി വ്യാഖ്യാനിക്കരുത്. പൊലീസ്  വകുപ്പ് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുത്. ഇതിന്റെ പേരില്‍ ഭക്തര്‍ സോഷ്യല്‍ മീഡിയയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുത് " എന്നാണ് സ്വാമി പ്രതികരിച്ചത്. 

ഈ സംഭവത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ മറ്റ് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിവാദത്തില്‍ ശിവകുമാര്‍ സ്വാമിയുടെ പ്രതികരണം ടിവി9 കന്നഡ നല്‍കിയിരുന്നു. ഈ വിഡിയോ കാണാം.

ആരാണ് സിദ്ധനകൊല്ല ശിവകുമാര്‍ സ്വാമി?

ആത്മീയ ഗുരുവായ ശ്രീ ഗുരു സിദ്ധേശ്വര്‍ സ്വാമി(സിദ്ധപ്പജ്ജ)യുടെ ശിഷ്യനാണ് സിദ്ധനകൊല്ല ശിവകുമാര്‍. ബാഗല്‍കോട്ടിലെ ബെനകനവരി എന്ന സ്ഥലത്താണ് സിദ്ധനകൊല്ല മഠം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയുള്ള ഒരു ടൂറിസ്റ്റ് ലൊക്കേഷന്‍ കൂടിയാണ് സിദ്ധനകൊല്ല. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്നത് കര്‍ണാടകയിലെ പൊലീസുകാര്‍ ബിജെപി നേതാവിന്റെ കാലില്‍ വീഴുന്ന ദൃശ്യമല്ലെന്നും സിദ്ധനകൊല്ല മഠത്തിലെ ശിവകുമാര്‍ സ്വാമിയാണ് വിഡിയോയിലുള്ളതെന്നും വ്യക്തമായി. 

∙ വസ്തുത 

വിഡിയോയിലുള്ളത് ബിജെപി നേതാവല്ല. സിദ്ധനകൊല്ല മഠത്തിലെ ശിവകുമാര്‍ സ്വാമിയുടെ കാലില്‍ വീണ് പൊലീസുകാര്‍ അനുഗ്രഹം വാങ്ങുന്ന ദൃശ്യമാണിത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A viral video falsely claims to show a BJP leader. The video actually depicts police officers seeking blessings from Shivakumar Swami of Siddhanakkolli Ashram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com