ADVERTISEMENT

അതികഠിനമായ ഒരു വെല്ലുവിളി തളരാതെ നേരിട്ടു ജയിച്ചാണു സുനിതാ വില്യംസും സഹയാത്രികനും ഇന്നലെ പുലർച്ചെ ഭൂമിയിലെത്തിയത്. ബഹിരാകാശനിലയത്തിലെ ജീവിതം അത്ര സുഖകരമായ ഒന്നല്ല. ജീവിതവിഭവങ്ങൾ വേണ്ടത്ര ഇല്ല. സമൃദ്ധമായി സോളർ വൈദ്യുതി മാത്രമുണ്ട്. വെള്ളവും ഭക്ഷണത്തിലെ ധാതുപദാർഥങ്ങളും പുനരുപയോഗം ചെയ്യണം. യാത്രികരുടെ തൂക്കംകുറയും. ആ അവസ്ഥ ഒരു തമാശയല്ല, കാര്യം സ്ഥിരമാകുമ്പോഴേ അതിന്റെ കഷ്ടപ്പാട് അറിയൂ. അതിനും പുറമേ സമയത്തിന്റെ എല്ലാ താളങ്ങളും പിഴച്ചു.

തലച്ചോറിലേക്ക് അധിക രക്തപ്രവാഹം ഉള്ളതുകൊണ്ട് പ്രത്യേകം ഫിസിയോതെറപ്പി വേണം. അപ്പോഴും ഓരോ ചെറുചലനവും സൂക്ഷിച്ചു വേണം. ശരീരത്തിന്റെ ഊർജം അമൂല്യമാണ്, അതു പാഴാക്കരുത്. നിലയത്തിനുണ്ടാകുന്ന കേടുപാടുകൾ അപ്പപ്പോൾ ശ്രദ്ധിക്കണം. കാന്തശേഷിയുള്ള ചെരിപ്പുകളും കയ്യുറകളും ഉപയോഗിച്ച് നടന്നുതന്നെ വേണം മേൽനോട്ടം. തെന്നി മാറിപ്പോയാൽ തിരിച്ചുവരവ് സാധ്യമല്ല. 

ജീവിതോപാധികളിൽ ഒരു നിസ്സാരമായതു മുടങ്ങിയാൽ നമ്മളിൽ പലർക്കും പിടിച്ചുനിൽക്കാനാവില്ല. എല്ലാം ഒരുമിച്ചങ്ങ് മുടങ്ങിയാലോ?

ബഹിരാകാശനിലയത്തിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തുക സങ്കീർണപ്രക്രിയയാണ്. രക്ഷയ്ക്ക് എത്തുന്ന ഷട്ടിലിന്റെ ഡോക്കിങ് ആദ്യം ശരിയായിക്കിട്ടണം, അഥവാ തോണി കരയ്ക്കടുക്കണം. പിന്നെ രക്ഷകർ സ്പേസ് സ്യൂട്ട് ധരിച്ച്, ട്രാൻസ്ഫർ അറ തുറന്ന് അതിലേക്ക് ഹീലിയം വാതകം തുറന്നു വിട്ട് മർദം ശരിപ്പെടുത്തി അതിൽ പ്രവേശിച്ച് അവിടന്ന് രണ്ടാമതൊരു വാതിൽ തുറന്നു വേണം നിലയത്തിനുള്ളിലേക്കു കടക്കാൻ. ഇതേ മുറ വേണം ഓരോരുത്തർക്കും തിരിച്ചുപോരാനും.

കോസ്മോഡ്രോമുകൾ വഴി സർവീസ് നടത്തുന്ന റീ എൻട്രി റോക്കറ്റുകൾ കേടായ നിലയത്തിൽ അടുപ്പിച്ച് സുരക്ഷിതമായി ഡോക്ക് ചെയ്യാൻ കഴിയില്ല എന്നു തീർച്ചയായപ്പോഴാണ് ഇന്ധനഭാരം കുറച്ച് തിരിച്ചുവരവ് കടലിൽ ആക്കിയത്. ആ മുറ എന്നോ ശീലിച്ച് ഉറച്ചതുമാണല്ലോ. പിഴയ്ക്കില്ല എന്നു തീർച്ച.ഇങ്ങനെയുള്ള സാഹസികവൃത്തികൾ നാളെ വേണ്ടിവരില്ല എന്നു കരുതാം. ശൂന്യതയിലും റേഡിയേഷനിലും പ്രാണവായുവും ഓക്സിജനും ഭക്ഷണവും ഇല്ലാതെ എത്ര കാലം വേണമെങ്കിലും പ്രവർത്തിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹ്യൂമനോയിഡുകൾ ഭാവിയിൽ സുലഭമാവും!

English Summary:

Sunita Williams's Harrowing Zero-Gravity Experience: The Untold Challenges Faced by Astronauts

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com