വെറും പൈനാപ്പിളല്ല, അൽ പൈനാപ്പിൾ! കർഷകർക്കു ചാകര; കപ്പലേറി ഗൾഫുകാരനായി വാഴക്കുളം പൈനാപ്പിൾ

Mail This Article
വാഴക്കുളം പൈനാപ്പിൾ വിപണിയുടെ പുതിയ വേരുകൾ തേടുന്നതിനെ ആകാംക്ഷയോടെയാണു കർഷകർ കാണുന്നത്. ഇന്ത്യയിൽ ഒതുങ്ങി നിന്ന പൈനാപ്പിൾ കച്ചവടം ഗൾഫിലേക്കു ചുവടുവയ്ക്കുകയാണ്. 2 ആഴ്ചയ്ക്കുള്ളിൽ 2 ലോഡ് പൈനാപ്പിളാണു കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഒമാനിലേക്കു കപ്പൽ മാർഗം പൈനാപ്പിൾ കയറ്റി അയച്ചതിനു പിന്നാലെ വാഴക്കുളം പൈനാപ്പിൾ ആവശ്യപ്പെട്ട് ഒട്ടേറെ ഓർഡറുകളാണു ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തുന്നത്.
കഴിഞ്ഞ മാസം വാഴക്കുളത്തുനിന്നു കപ്പൽ മാർഗം ഒമാനിലേക്കു കയറ്റി അയച്ച പൈനാപ്പിൾ കേടുകൂടാതെ എത്തുകയും അതിവേഗം വിൽപന നടക്കുകയും ചെയ്തതിനു പിന്നാലെ വീണ്ടും കപ്പൽ മാർഗം പൈനാപ്പിൾ കയറ്റി അയച്ചു. അടുത്ത ലോഡും ഉടൻ അയയ്ക്കും. മുൻപു വിമാന മാർഗമാണു പൈനാപ്പിൾ കയറ്റി അയച്ചിരുന്നത്. ഇതു ചെലവേറിയതായതിനാൽ ഗൾഫിലേക്കുള്ള കയറ്റുമതിയിൽ പൈനാപ്പിൾ വ്യാപാരികൾ വലിയ താൽപര്യം കാണിച്ചിരുന്നില്ല. 8 ദിവസം കൊണ്ടു കപ്പൽ മാർഗം സുരക്ഷിതമായി കേടുകൂടാതെ പൈനാപ്പിൾ കയറ്റി അയയ്ക്കാൻ കഴിഞ്ഞതോടെ കൂടുതൽ വ്യാപാരികൾ രംഗത്തെത്തി.
കയറ്റുമതി വിപുലമാകുകയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രോസസിങ് കമ്പനികൾ കുറഞ്ഞ ഗ്രേഡിലുള്ള പൈനാപ്പിൾ വരെ മികച്ച വില നൽകി വാങ്ങി കൊണ്ടുപോകുകയും ചെയ്തതോടെ പൈനാപ്പിൾ വിലയും റെക്കോർഡിലേക്കു കുതിക്കുകയാണ്. റമസാൻ നോമ്പു കാലവും വേനൽ ചൂടും അഭ്യന്തര വിപണിയിലും പൈനാപ്പിളിന്റെ ആവശ്യം വർധിപ്പിച്ചു. സ്പെഷൽ ഗ്രേഡ് പൈനാപ്പിളിനു വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ 50 രൂപയും പഴുത്തതിന് 54 രൂപയുമാണു വില. ചില്ലറ വില സ്പെഷൽ ഗ്രേഡ് പൈനാപ്പിളിന് 100 രൂപ വരെ എത്തിയിട്ടുണ്ട്. ഗ്രേഡ് ഇല്ലാത്ത സാധാരണ പൈനാപ്പിളിനു പോലും 65 – 80 രൂപയാണു ചില്ലറ വിൽപന വില.
കഴിഞ്ഞ വർഷം ഇതേ സമയത്തു ഗ്രേഡ് പൈനാപ്പിൾ പഴുത്തതിന് 34 രൂപയായിരുന്നു വില. ഒരു വർഷത്തോളമായി പൈനാപ്പിൾ വിലയിൽ വലിയ ഇടിവുണ്ടായിട്ടില്ല. കടുത്ത വേനലിലെ ഉണക്കിനെ അതിജീവിച്ചാണു പൈനാപ്പിൾ വിപണി സജീവമാകുന്നത്. ഉൽപാദനവും കൃഷിയും വർധിച്ചെങ്കിലും ആവശ്യക്കാർ വർധിച്ചതിനാൽ വിലയിൽ കുറവുണ്ടായിട്ടില്ല.
കേരളത്തിനു പുറത്തേക്കു പൈനാപ്പിൾ കൃഷി വ്യാപിച്ചിട്ടുണ്ടെങ്കിലും ഭൗമ സൂചിക പദവി ലഭിച്ചിട്ടുള്ള വാഴക്കുളം പൈനാപ്പിളിന്റെ രുചിയും മണവും മറ്റൊരിടത്തും ലഭിക്കില്ലെന്നാണു കർഷകർ പറയുന്നത്. രാജസ്ഥാൻ, ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളെല്ലാം ഇപ്പോഴും പൈനാപ്പിൾ അന്വേഷിച്ച് എത്തുന്നതു വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലേക്കു തന്നെയാണ്.
കടുത്ത വേനലാണു കൃഷി നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി. പൈനാപ്പിൾ കൃഷിയുടെ ഉണക്കിനെ നേരിടാൻ നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണു തണലൊരുക്കുന്നത്. ഒരു ചെടിക്കു രണ്ടു രൂപ എന്ന നിരക്കിലാണു ഓല ഉപയോഗിച്ചു പുത ഇടുമ്പോൾ ചെലവു വരുന്നുന്നത്. നെറ്റ് വാങ്ങി ഉപയോഗിക്കുമ്പോൾ ഇത് ഇരട്ടിയാകും. നെറ്റ് കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ പല കർഷകരും ഇപ്പോൾ നെറ്റാണ് ഉപയോഗിക്കുന്നത്. ഒരേക്കർ തോട്ടത്തിൽ ഓല ഉപയോഗിച്ചു പുത ഇടുമ്പോൾ 2 ലക്ഷം രൂപയോളം ചെലവു വരും. നെറ്റാകുമ്പോൾ 4 ലക്ഷം വരെയാകും.