ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലളിതമായ പദാവലികളാൽ ആശയാപൊലിമയുള്ള ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടെ ചരമദിനമാണ് മാർച്ച് 21. "ശ്രുതി അമ്മയും ലയം അച്ഛനും അവരുടെ മകളുടെ പേരാണ് സംഗീതമെന്നും, മൂവരും ചേരുന്നിടം ദേവാമൃതത്തിന്റെ കേദാരമെന്നും" പാടിയ കവി, ഒരുപക്ഷേ ഗാനങ്ങൾ ഒരുക്കുന്ന "പുതുതലമുറയ്ക്ക്" ഒരു ഗുരുവെന്ന നിലയിൽ നൽകിയ പാഠമായിരുന്നിരിക്കണം. അതുകൊണ്ടു തന്നെയാണ് ആ തൂലിക രചിച്ചത് "സംഗീതം അമരസല്ലാപമാണെന്നും, മണ്ണിന് വിണ്ണ് നൽകിയിരിക്കുന്ന വരദാനമെന്നും, വേദനയെപ്പോലും വേദാന്തമാക്കുവാനുള്ള മന്ത്രമുണ്ടെന്നും!". അറിവിന്റെ അപാരതയും അനുഭവങ്ങളുടെ അനന്തതയും മലയാളിയെ അറിയിച്ച കേച്ചേരി പുഴയരികിലെ 'പണ്ഡിതൻ' എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

ഉമ്മ നജ്മകുട്ടി പകർന്ന മാപ്പിളപ്പാട്ടിന്റെ തേനാറിൽ ജ്ഞാനസ്നാനം ചെയ്ത്, സഹ്യസാനു ശ്രുതി ചേർത്തുവെച്ച മണിവീണയായ കേരളത്തെ സ്വർഗ്ഗം താണിറങ്ങി വന്ന് സ്വപ്നം പീലിവിടർത്തിയാടുന്ന ഭൂമുഖമായി വർണ്ണിച്ചു കവി.

remembering-poet-yusufali-kechery-death-anniversary1

ഗുരു  കെ.പി. നാരായണ പിഷാരടിയുടെ പ്രിയപ്പെട്ട ശിഷ്യനായി സംസ്കൃത ഭാഷയിൽ നേടിയെടുത്ത പ്രാവീണ്യത്തിൽ ദേവഭാഷയുടെ ഒരു ഗാന ചില്ല മലയാള സിനിമ ഗാന മേരുവിൽ വളർത്തുവാനും കവിക്ക് സാധിച്ചു, "ജാനകി ജാനേ രാമ, കദനനിദാനം നാഹം ജാനേ...മോക്ഷകവാടം നാഹം ജാനേ..." ഭക്തിയുടെ ആനന്ദലഹരി സമ്മാനിച്ച് ആ തൂലിക എല്ലാ മനസ്സുകൾക്കുമായി എഴുതി, വേർതിരിവുകളില്ലാതെ.

"കൃഷ്ണകൃപാസാഗരം ഗുരുവായൂപുരം ജനിമോക്ഷകരം..."

"നളിനനയനാ നാരായണാ, നരകസന്താപനിവാരണ, ശരണം നീയേ ചിരന്തനാ, കൃഷ്ണാ മധുസൂദനാ!"

"കാലിത്തൊഴുത്തിൽ പിറന്നവനേ കരുണനിറഞ്ഞവനേ കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ കഴുകിക്കളഞ്ഞവനേ അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു.."

"റസൂലേ നിൻ കനിവാലെ..റസൂലേ നിൻ വരവാലെ പാരാകെ പാടുകയായ് വന്നല്ലോ റബ്ബിൻ ദൂതൻ..."

കവിയുടെ അതേ തൂലിക തന്നെ ഒരിക്കൽ മനുഷ്യജന്മത്തെ വാഴ്ത്തിയെഴുതിയത്, "ദൈവം മനുഷ്യനായി പിറന്നാൽ, ജീവിതമനുഭവിച്ചറിഞ്ഞാൽ തിരിച്ചുപോകും മുമ്പേ ദൈവം പറയും മനുഷ്യാ നീയാണെന്റെ ദൈവം"

പൊന്നാര്യൻ കതിരിട്ട് കസവിട്ട് നിൽക്കുന്ന ഭൂമിക്ക് പ്രായം പതിനാറ്, ഭൂമിദേവിക്ക് പ്രായം പതിനാറ് എന്നെഴുതി ഈ പ്രകൃതീശ്വരിയുടെ ഏഴു നിറങ്ങളിലുള്ള ചിത്രങ്ങളുടെയും, ഏഴു സ്വരങ്ങളിലുള്ള ഗാനങ്ങളുടെയും ആസ്വാദകനാണ് താനെന്നും പ്രഖ്യാപിച്ചിട്ടുണ്ട് കവി. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു എന്നെഴുതുന്നതിന് വളരെ മുമ്പേ അദ്ദേഹം പ്രണയ മനസ്സുകളോട് ചോദിച്ചു "അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും? നിങ്ങടെ ആശ തീരും?" ജീവിതം ഒരുമിച്ചു ആഘോഷിച്ചു തീർക്കണം എന്നായിരിക്കും കവി ഉദേശിച്ചത്‌.

മൂന്നു പതിറ്റാണ്ട് മുമ്പുള്ള ആദ്യ ഗൾഫ് യാത്രയിൽ, എന്നെ ഓർമിപ്പിച്ചത് ഈ കവിയുടെ മറ്റൊരു ഗാനമായിരുന്നു, "സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ സ്വപ്നാടനം ഈ സ്വപ്നാടനം, അനന്തമാണീ വീഥി അജ്ഞാതമാണീ വീഥി"; താഴ്നിറങ്ങിയ വിമാനത്തിൽ ഇരുന്നു കണ്ട കടൽ കണ്ടപ്പോൾ ചോദിക്കാൻ തോന്നിയത് കവിയുടെ വരികൾ തന്നെയാണ്, "കടലേ നീലക്കടലേ നിൻ ആത്‌മാവിലും നീറുന്ന ചിന്തകൾ ഉണ്ടോ?" പക്ഷെ കാലം മറ്റൊരു ഗാനം പാടി സമാധാനിപ്പിച്ചു, "കരകാണാക്കടലലമേലേ ..മോഹപ്പൂങ്കുരുവി പറന്നേ അറബിപ്പൊൻനാണ്യം പോലെ ആകാശത്തമ്പിളി വന്നേ, ഇളം തെന്നൽ ഈണം പാടി വാ"

വർഷങ്ങളായുള്ള പ്രവാസത്തിൽ ഞാൻ എന്നും ഓർക്കുന്ന ഗാനം, "ഇക്കരെയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം, എന്നുള്ളിൽ ചൊരിയുന്നു രാഗരസം!". അതിനു കാരണം ഞാൻ പഠിച്ച, അല്ല ജീവിച്ച തൃശൂർ കേരളവർമ്മ കലാലയം, ഞാൻ അവിടെ കണ്ട സുറുമയെഴുതിയ മിഴികൾ ഒരു അനുരാഗ ഗാനം പോലെ ഓർത്തെടുക്കുമ്പോൾ.

ആ കലാലയത്തിന്റെ അഭിമാനങ്ങളിൽ ഒരു പേരാണ് അവിടുത്തെ പൂർവ്വവിദ്യാർത്ഥിയായ കവി.

ഞങ്ങൾ ദുബായിലുള്ള പൂർവ്വവിദ്യാർത്ഥികൾ കവിയെ കൊണ്ടുവന്ന് 'സ്നേഹ'സംഗമം നടത്തി, ഫെബ്രുവരി 16 (2012), അദ്ദേഹത്തിന്റെ അവസാന വിദേശയാത്ര ആ യാത്ര എന്നാണ് മനസിലാക്കുന്നത്. അന്നത്തെ ആമുഖ അവതരണം നടത്തിയ ചാരിതാർഥ്യം ഇന്നും എന്നിലുണ്ട്.

അടുത്ത് വിളിച്ചിരുത്തി കവി അനുഗ്രഹിച്ചു, "... പുഞ്ചിരിക്കൊരു പൂച്ചെണ്ട് തന്നൂ ..." "അനുഭവങ്ങളെ നന്ദി നന്ദി അശ്രുകണങ്ങളെ നന്ദി നന്ദി അപാരജീവിതവിദ്യാലയത്തിലെ ആചാര്യന്മാരെ നന്ദി!" പ്രണാമം!

English Summary:

Remembering Poet Yusufali Kechery on His Death Anniversary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com