ലൂട്ടൻ കൂട്ടക്കൊലപാതകം: 19 വയസ്സുകാരന് 49 വർഷം തടവ്, പ്രതി മോഹിച്ചത് ലോകത്തിലെ ഏറ്റവും ക്രൂരനായ ‘സ്‌കൂൾ കൊലപാതകിയാകാൻ’

Mail This Article
ലണ്ടൻ ∙ യുകെയിൽ അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ 19 വയസ്സുകാരൻ നിക്കോളാസ് പ്രോസ്പറിന് 49 വർഷം തടവ് ശിക്ഷ വിധിച്ചു. പഠിച്ച സ്കൂളിൽ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായപ്പോൾ നിക്കോളാസ് പ്രോസ്പർ വെളിപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ച്, ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂൾ കൊലപാതകിയാകാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയ നിക്കോളാസ് പ്രോസ്പറിനെ ലൂട്ടൺ ക്രൗൺ കോടതി ജസ്‌റ്റിസ് ചീമ-ഗ്രബ് 49 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടന് സമീപം ലൂട്ടനിൽ കേസിനാസ്പദമായ സംഭവം നടന്നത്. ജൂലിയാന ഫാൽക്കൺ (48), കൈൽ പ്രോസ്‌പർ (16), ഗിസെല്ലെ പ്രോസ്‌പർ (13) എന്നിവരെ പ്രതി വീട്ടിൽ വച്ചാണ് വെടിവച്ച് കൊന്നത്. 30ൽ അധികം വെടിയുണ്ടകൾ നിറച്ച ഷോട്ട്ഗൺ ഇയാളുടെ അറസ്റ്റിനുശേഷം ബെഡ്‌ഫോർഡ്ഷയർ പൊലീസ് കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. പ്രതി അറസ്റ്റിലായതോടെയാണ് സ്കൂൾ കൂട്ടവെടിവയ്പ്പ് പദ്ധതി നടക്കാതെ പോയെന്ന് ബെഡ്‌ഫോർഡ്ഷയർ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
30ൽ പരം കുട്ടികളെ കൊലപ്പെടുത്തി ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂൾ കൊലപാതകിയാകാൻ ആഗ്രഹമുണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. ലൂട്ടൺ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളിലാണ് പ്രതി കൂട്ടവെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ടിരുന്നത്.