'അടുത്ത ബഹിരാകാശ യാത്രയ്ക്ക് ബീറ്റ്റൂട്ട് ഹൽവയും': ഭക്ഷണ പെരുമ കേട്ട് സുനിത വില്യംസ് പറന്നെത്തി, ഇരട്ടിമധുരം; കരാമയിലെ കോഴിക്കോടൻ രുചി

Mail This Article
ദുബായ് ∙ അടുത്ത പ്രാവശ്യം ബഹിരാകാശ യാത്രയ്ക്ക് പോകുമ്പോൾ ഞാൻ ബീറ്റ്റൂട്ട് ഹൽവയും കൊണ്ടായിരിക്കും പോവുക-ഒൻപത് മാസം ബഹിരാകാശത്ത് കുടുങ്ങി ഇന്നലെ രാവിലെ ഭൂമിയിൽ തിരിച്ചെത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റേതായിരുന്നു ഈ വാക്കുകൾ. ദുബായിലെ കാലിക്കറ്റ് പാരഗൺ റസ്റ്ററന്റിൽ നിന്നായിരുന്നു, അവരുടെ മാസ്റ്റർപീസ് ഡെസേർട്ടായ ബീറ്റ് റൂട്ട് ഹൽവയുടെ സ്വാദ് സുനിത വില്യംസ് രുചിച്ചത്.
2023 നവംബറിലായിരുന്നു ഈ അപൂർവ സന്ദർശനം. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയായെത്തിയ അവർ മലയാളി ഭക്ഷണ പെരുമ കേട്ട് അത് രുചിക്കാനായി എത്തിയതായിരുന്നു മലയാളിയായ സുമേഷ് ഗോവിന്ദിന്റെ ഉടമസ്ഥതയിലുള്ള കരാമയിലെ കാലിക്കറ്റ് പാരഗണിൽ. അവരെ വരവേൽക്കാൻ കുടുംബം പരമ്പരാഗത ഉത്തരേന്ത്യൻ വിരുന്ന് ഒരുക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് റിപോർട്ടുകൾ വന്ന സാഹചര്യത്തിലാണ് സുനിത വില്യംസ് തന്റെ റസ്റ്ററന്റിൽ ചെലവഴിച്ച ആ അനർഘ നിമിഷങ്ങൾ സുമേഷ് ഓർത്തെടുത്തത്.
നവംബർ 8ന് നടന്ന റസ്റ്ററന്റ് സന്ദർശന വേളയിൽ സൗഹാർദ്ദപരമായ സ്വഭാവവും കേരള വിഭവങ്ങളോടുള്ള സ്നേഹവും കൊണ്ട് അവർ തങ്ങളുടെ ഹൃദയം കീഴടക്കിയെെന്ന് ചില ജീവനക്കാരും പറയുന്നു.

∙ ‘ബഹിരാകാശത്തെ ഒരു നക്ഷത്രത്തെ സ്വാഗതം ചെയ്യുന്നു’
അമ്മ ബോണി പാണ്ഡ്യയോടൊപ്പമാണ് സുനിത വില്യംസ് റസ്റ്ററന്റിൽ എത്തിയത്. ഈ വിവരം നേരത്തെ അറിഞ്ഞയുടൻ തന്നെ അവർക്ക് ഗംഭീര സ്വീകരണം നൽകാൻ തീരുമാനിച്ചു. സുമേഷ് അവർക്ക് പ്രത്യേക വരവേൽപ് നൽകാൻ ആഗ്രഹിച്ചതിനാൽ, അവരെ സ്വാഗതം ചെയ്യുന്നതിനായി റസ്റ്ററന്റിന് മുൻവശത്ത് വലിയ ബോർഡ് സ്ഥാപിച്ചുകൊണ്ട് സർപ്രൈസ് ഒരുക്കി. ‘ബഹിരാകാശത്തെ ഒരു നക്ഷത്രത്തെ സ്വാഗതം ചെയ്യുന്നു’എന്ന സന്ദേശമുള്ള ബോർഡിൽ ബിഹാരാകാശ യാത്രികന്റെ വസ്ത്രം ധരിച്ച സുനിതാ വില്യംസിന്റെ വലിയൊരു ചിത്രം ഉണ്ടായിരുന്നു.

സാഹിത്യത്തിനുള്ള നൊബേൽ ജേതാവും തുർക്കി എഴുത്തുകാരനുമായ ഒർഹാൻ പാമുക് അടക്കം ഒട്ടേറെ ലോകപ്രശസ്തർക്ക് നേരത്തെ റസ്റ്ററന്റ് ആതിഥ്യമരുളിയിട്ടുണ്ടെങ്കിലും സുനിതാ വില്യംസിന് നൽകിയ സ്വീകരണം സവിശേമായതായിരുന്നു. അവർ ഏകദേശം രണ്ട് മണിക്കൂർ റസ്റ്ററന്റിൽ ചെലവഴിച്ചു, പ്രശസ്തമായ ഒട്ടേറെ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിച്ചാണ് മടങ്ങിയത്.
∙ സുനിതാ വില്യംസിന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം
സുനിതാ വില്യംസ് റസ്റ്ററന്റ് ഒരുക്കിയ എല്ലാ വിഭവങ്ങളും നന്നായി ആസ്വദിച്ചു. മാത്രമല്ല, അതിന് ശേഷം അവയെക്കുറിച്ചെല്ലാം താരം എടുത്തു പറയുകയും ചെയ്തതായി സുമേഷ് പറയുന്നു. പക്ഷേ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഞങ്ങളുടെ ബീറ്റ്റൂട്ട് ഹൽവയും ഐസ്ക്രീം കോമ്പോയും ആയിരുന്നു. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഞങ്ങളുടെ രക്ഷാധികാരിയും എന്റെ സുഹൃത്തുമായ നജീബ് മൊയ്തു ആണ് ആ മധുരപലഹാരം വിളമ്പാൻ നിർദ്ദേശിച്ചത്. അവർക്ക് അത് വളരെ ഇഷ്ടപ്പെട്ടു. മാത്രമല്ല, അടുത്ത യാത്രയിൽ അത് ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകാൻ ആഗ്രഹം പ്രകടിപ്പിക്കുകയുമുണ്ടായി.

∙ രുചിച്ച പ്രധാന വിഭവങ്ങൾ
മീൻ മാങ്ങാക്കറി, കോഴി പൊരിച്ചത്(നാടൻ), ആട്ടിറച്ചി വരട്ടിയത്, ചെമ്മീൻ സിആർഎസ്(ഫ്യൂഷൻ). ഇവയെല്ലാം വളരെ ആസ്വദിച്ച് സുനിതാ വില്യംസ് കഴിച്ചു. അതുപോലെ നേരത്തെ സന്ദർശിച്ച ഒർഹാൻ പാമുക്കും പലതരം വിഭവങ്ങൾ കഴിച്ചെങ്കിലും പ്രത്യേകം തയാറാക്കിയ പോംഫ്രെറ്റ് മോലിയായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് റീജനൽ കോർപറേറ്റ് ഷെഫ് റോയ് പോത്തൻ പറഞ്ഞു.
∙ പാചകക്കാരന്റെ സന്തോഷം; അഭിമാനം
ബഹിരാകാശ നായികയ്ക്ക് വേണ്ടി പാചകം ചെയ്യുന്നതിൽ ഷെഫ് വിബിൻ വില്ലാസ് അതിയായി ആവേശഭരിതനായിരുന്നു. ഗസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ് രാജേഷ് കക്കോപ്രവണും വെയിറ്റർമാരായ മുഹമ്മദ് നെയ്മത്തും റിന്റോ പാറക്കലും അവരോടൊപ്പം ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവർ സന്തോഷത്തോടെ സമ്മതിച്ചു. കൂടാതെ, ഗ്രൂപ്പ്, വ്യക്തിഗത ഫോട്ടോകൾക്കും സെൽഫികൾക്കും യാതൊരു മടിയും കൂടാതെ പോസ് ചെയ്തു. വളരെ എളിമയോടെയാണ് താരം എല്ലാവരോടും പെരുമാറിയത്.

അവരെ കാണാൻ കഴിഞ്ഞത് പോലും ഞങ്ങൾക്ക് ഒരു വലിയ നേട്ടമായിരുന്നുവെന്ന് നെയ്മത്ത് പറഞ്ഞു. ബഹിരാകാശത്ത് കുടുങ്ങിയപ്പോൾ ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനായി എല്ലാവരും പ്രാർഥിച്ചതായും ജീവനക്കാർ പറഞ്ഞു. അവർ ആരോഗ്യവതിയായി കുടുംബത്തോടൊപ്പം ചേരാനും വൈകാതെ അവർക്ക് അടുത്ത ദുബായ് യാത്ര സാധ്യമാകുകയും ഞങ്ങൾക്ക് വീണ്ടും വിസ്മയിപ്പിക്കുന്ന സ്വീകരണം ഒരുക്കാനുള്ള അവസരവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.