ബഹിരാകാശത്തും ‘മസ്ക്’ ആധിപത്യം: വീരപരിവേഷം നേടി സ്പേസ്എക്സ്

Mail This Article
ന്യൂഡൽഹി ∙ വൈറ്റ്ഹൗസിൽ പിടിമുറുക്കും മുൻപേ ഇലോൺ മസ്കിനു ബഹിരാകാശത്ത് നല്ല പിടിയുണ്ടായിരുന്നു, 2002ൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ കമ്പനിയായ സ്പേസ്എക്സ് ബഹിരാകാശ മേഖലയിലെ ഏറ്റവും വമ്പൻ സ്വകാര്യ കമ്പനിയാണ്.സുനിത വില്യംസിന്റെ തിരിച്ചുവരവ് ‘ബോയിങ്’ കമ്പനിയും ഇലോൺ മസ്കിന്റെ ‘സ്പേസ്എക്സും’ തമ്മിലുള്ള മത്സരത്തിന്റെ കൂടി കഥയാണ്. യുഎസിലെ സ്വകാര്യ ബഹിരാകാശരംഗത്ത് ഇലോൺ മസ്കിന്റെയും സ്പേസ്എക്സ് കമ്പനിയുടെയും ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ‘ഡ്രാഗൺ ക്രൂ9’ മിഷൻ. യുഎസിൽ അപാരമായ ജനപിന്തുണ ഈ ദൗത്യം മസ്കിനും സ്പേസ്എക്സിനും നേടിക്കൊടുത്തിട്ടുണ്ട്.
ബോയിങ് കമ്പനിയുടെ ‘സ്റ്റാർലൈനർ’ എന്ന പേടകത്തിലാണ് സുനിത കഴിഞ്ഞ ജൂൺ അഞ്ചിന് രാജ്യാന്തര ബഹിരാകാശ പേടകത്തിലെത്തിയത്. 8 ദിവസം കഴിഞ്ഞ് അതേ പേടകത്തിൽ തിരികെയെത്തേണ്ടിയിരുന്ന സുനിത 287 ദിവസമാണ് ബഹിരാകാശത്ത് കഴിച്ചുകൂട്ടേണ്ടി വന്നത്. സ്റ്റാർലൈനറിന്റെ തകരാറാണ് സുനിതയ്ക്കു വിനയായത്.
സുനിതയടക്കമുള്ള യാത്രികരെ തിരിച്ചെത്തിക്കാമെന്ന് സ്പേസ്എക്സ് വാഗ്ദാനം ചെയ്തെങ്കിലും ബൈഡൻ രാഷ്ട്രീയ കാരണങ്ങളാൽ ഇതു നിരസിച്ചുവെന്ന് മസ്ക് ഈയിടെ വെളിപ്പെടുത്തിയിരുന്നു.ബോയിങ്ങിന്റെ സ്റ്റാർലൈനർ വഴി ഇവരെ തിരിച്ചെത്തിക്കാൻ കഴിയില്ലെന്നു വ്യക്തമായതോടെയാണ് സ്പേസ്എക്സ് രംഗപ്രവേശം ചെയ്യുന്നത്.ബൈഡന്റെ പിടിപ്പുകേടാണു സുനിതയുടെ മടക്കയാത്ര വൈകിപ്പിച്ചതെന്ന പ്രതീതി വരുത്താൻ ട്രംപ് ശ്രമിക്കുന്നുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണി’ന്റെ പുതിയ പതിപ്പ് ലഭ്യമാക്കുന്നതിൽ ബോയിങ് വരുത്തിയ കാലതാമസത്തിനെതിരെ ട്രംപ് പരസ്യമായി രംഗത്തുവന്നിരുന്നു.
ട്രംപ് ഭരണത്തിലേറിയതോടെ അദ്ദേഹത്തിന്റെ വിശ്വസ്തൻ കൂടിയായ മസ്കിന്റെ സ്പേസ്എക്സിന് നാസയുടെ കൂടുതൽ ദൗത്യങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. നാസയുടെ ചന്ദ്രയാത്രാ പദ്ധതിയായ ആർട്ടിമിസിലും സ്പേസ്എക്സ് ഭാഗമാണ്. നാസയുമായി വലിയ സഹകരണത്തിന് കാലം സ്പേസ്എക്സിന് അനുകൂലമാണ്. മുൻപ് ദേശീയ ഏജൻസികൾ അരങ്ങുവാണിരുന്ന ബഹിരാകാശരംഗം ഇന്നു സ്വകാര്യ സ്ഥാപനങ്ങളുടെ മത്സരവേദിയാണ്.റിച്ചഡ് ബ്രാൻസനിന്റെ വെർജിൻ ഗലാറ്റിക്, ജെഫ് ബെസോസിന്റെ ബ്ലൂഒറിജിൻ, ലോക്ഹീഡ് മാർട്ടിൻ, സിയറ നെവാഡ കോർപറേഷൻ, ഓർബിറ്റൽ സയൻസ് കോർപറേഷൻ തുടങ്ങിയ വമ്പൻമാർ മുഖാമുഖം അണിനിരക്കുന്നു. ശതകോടികളൊഴുകുന്ന ഈ കിടമത്സരത്തിൽ നിർണായകമായ മുന്നേറ്റമാണു സ്പേസ്എക്സ് നടത്തിയിരിക്കുന്നത്. സ്റ്റാർഷിപ് പോലുള്ള സമാനതകളില്ലാത്ത റോക്കറ്റ്–പേടക പദ്ധതികളിലൂടെ അപ്രമാദിത്വം ഉറപ്പിക്കാൻ കമ്പനി തീവ്രശ്രമത്തിലാണ്.