ADVERTISEMENT

ചില അടുക്കളവിശേഷങ്ങളാകാം...

അമ്മായിയമ്മയും മരുമക്കളും ഒന്നിച്ചണിനിരക്കുന്ന ഇടമായിരുന്നല്ലോ ഇരുപതാം നൂറ്റാണ്ടിലെ കൂട്ടുകുടുംബ അടുക്കളകൾ. പാചകം ഒരിക്കലും തീരാത്ത, നിരന്തരം ജോലി ചെയ്യേണ്ടിവരുന്ന, എപ്പോഴും പുകഞ്ഞുകൊണ്ടേയിരിക്കുന്ന കറുത്ത ഇടങ്ങളായിരുന്നു അക്കാലത്തെ അടുക്കളകൾ.

കാലം മാറി, അണുകുടുംബത്തിലേക്കുള്ള മാറ്റം അടുക്കളയുടെ സ്വഭാവത്തേയും മാറ്റി. അടുക്കളകളിൽ ദിവസം മുഴുക്കെനിന്ന് പാചകം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. പക്ഷേ അടുക്കളകളുടെ പത്രാസ് കൂടി. ചെലവും കൂടി. അവിടെയുള്ള ഓരോ ഇടങ്ങളും കൃത്യമായി നിർവചിക്കപ്പെട്ടു. അടുക്കളയിൽ പാചകത്തിനായി ചെലവഴിക്കുന്ന സമയം കുറഞ്ഞു.

ഭാര്യയും ഭർത്താവും ഒന്നിച്ച് തിരക്കിട്ട് പാചകം ചെയ്യുന്ന ഇടങ്ങളാവുന്നത് കഴിഞ്ഞ പത്തു കൊല്ലത്തിനുള്ളിലാണ്. കാലത്ത് എട്ടുമണിക്ക് അടച്ചുപൂട്ടുന്ന അടുക്കളകൾ തുറക്കണമെങ്കിൽ വൈകിട്ട് ആറു മണി കഴിയണം. അടുക്കളയിൽ വട്ടം കറങ്ങി കൊണ്ടിരുന്ന സ്ത്രീകൾ പുറത്ത് ജോലിക്ക് പോവാൻ തുടങ്ങിയത് അടുക്കളകളെ അടിമുടി മാറ്റി തീർത്തു.

ധൃതിയിൽ അടുക്കളപണി തീർത്ത് കൃത്യസമയത്ത് തൊഴിലിടത്തിലേക്ക് പോകേണ്ടി വന്നപ്പോൾ സംഭവിച്ച പ്രധാനപ്പെട്ട മാറ്റം അടുക്കളകളുടെ വലുപ്പം കുറഞ്ഞു എന്നതാണ്. എല്ലാം കയ്യെത്തും ദൂരത്ത് ഉണ്ടാവണമെന്ന നിർബന്ധം വന്നു. കാബിനറ്റുകളും റാക്കുകളും വന്നു.

വിറകടുപ്പിൽ പാചകം ചെയ്താൽ രുചി കൂടും കല്ലിലരച്ചാൽ രുചി വീണ്ടും കൂടും എന്നൊക്കെ കൽപനയും സ്നേഹവും അഹന്തയും അധികാരവും ഒക്കെ ചേർത്ത് ഒന്നിച്ചരച്ച് പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ ഉറവിടങ്ങൾ വീടുകളിൽ അന്യംനിന്നു. ചാരുകസേര കാരണവൻമാരും ഭർത്താക്കൻമാരും നിശ്ശബ്ദരായി.

കാലങ്ങളോളം വീടിന്റെ പുറകിൽ ഒറ്റപ്പെട്ട് നിന്ന മറ്റൊരാളും കാണരുതെന്ന് നിർബന്ധമുണ്ടായിരുന്ന അടുക്കളകൾ, വീടിന്റെ മുഖ്യധാരയിലേക്ക് അതായത് മുൻഭാഗത്തേക്കോ ബെഡ്റൂമുകളുടെ ഓരത്തേക്കോ ഡൈനിങ് റൂമിന്റെ അരികെയോ സ്ഥാനം പിടിച്ചു. പാചകം ചെയ്യുമ്പോൾ തന്നെ പിള്ളേരോട് പലതും പറയേണ്ടിയും പഠിപ്പിക്കേണ്ടിയും വന്നു. പാചകമറിയില്ലെന്ന് മേനിനടിക്കുന്ന പുരുഷുക്കളുടെ എണ്ണം പരിമിതപ്പെട്ടു. ഭാര്യയും ഭർത്താവും ഒരുമിച്ച് നിന്ന് പാചകം ചെയ്യുന്ന കാഴ്ച അപൂർവമല്ലാതായി കേരളീയ അടുക്കളകളിൽ.

ഇത്തരം മാറ്റങ്ങളൊക്കെ അടുക്കളകളുടെ ഘടനാപരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നുണ്ട്. ദുരൂഹമായി നിലനിന്നിരുന്ന അടുക്കളകൾ അങ്ങനെയാണ് ഓപ്പൺ കിച്ചൻ എന്ന പേരിൽ വാതിൽരഹിതമാവുന്നത്. ഇതിന്റെ ഗുണദോഷങ്ങൾ എന്തെല്ലാം എന്ന ചർച്ചപോലും അപ്രസക്തമായി കഴിഞ്ഞു. കാലം ആവശ്യപ്പെടുന്ന മാറ്റമാണ്, അണുകുടുംബത്തിന്റെ അനിവാര്യതയാണത്. ഓരോ കുടുംബങ്ങളിലും മൂന്ന് നാലുപേർ മാത്രമായപ്പോൾ പരസ്പരം വർത്തമാനം പറയാനും കാണാനുമുള്ള അവസരങ്ങൾ കുറഞ്ഞു. അതിനൊരു പരിഹാരം കൂടിയാണ് ഓപ്പൺ കിച്ചൻ.

open-kitchen
Image generated using AI Assist

ഓപ്പൺ കിച്ചൻ വ്യാപകമാവുന്നതോടെ വീടുകളിൽ സംഭവിക്കാൻ സാധ്യതയുള്ള സുപ്രധാനമായൊരു മാറ്റം ഡൈനിങ് റൂം എന്ന വളരെ പ്രധാനപ്പെട്ട ഇടം ഇല്ലാതാകും എന്നതാണ്. അടുക്കള എന്നത് ബഹുവചനമാണെന്ന് തുടക്കത്തിൽ പറഞ്ഞല്ലോ. ഷോ കിച്ചൻ, വർക്കിങ് കിച്ചൻ  എന്നിങ്ങനെ പലയിടങ്ങളിലായി പരന്നുകിടക്കുന്നതാണത്.

വർക്കിങ് കിച്ചനിൽ നിന്ന് വിഭവങ്ങൾ ഭംഗിയുള്ള പാത്രങ്ങളിലേക്ക് പകർത്തി ഷോ കിച്ചനിലേക്ക് കൊണ്ടുപോകണം. അവിടെ നിന്ന് വീണ്ടും പകർത്തി ഡൈനിങ്  റൂമിലേക്ക് കൊണ്ടുപോകണം. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ വീണ്ടും പിടിപ്പത് പണി തന്നെയാണ്.

ബാക്കി വന്ന വിഭവങ്ങളെല്ലാം തിരിച്ച് അടുക്കളയിൽ അതാത് പാത്രങ്ങളിലേക്ക് പകർത്തണം. കഴുകണം. പണി കുറയുന്നില്ല. ഓട്ടപ്പാച്ചിലിന്റെ സമയമില്ലാനേരത്ത്, അടുക്കളയ്ക്കകത്ത് തെക്ക് വടക്ക് നടന്ന് അനാവശ്യ ജോലി ചെയ്യേണ്ടതുണ്ടോ?

ഇല്ല.

അതിനൊരു പരിഹാരം, അടുക്കളയോട് ലയിച്ചു നിൽക്കത്തക്ക രീതിയിൽ ഒരു ഡൈനിങ് ടേബിൾ വയ്ക്കുക എന്നതാണ്. ഓപ്പൺ കിച്ചനിൽ ഇപ്പോൾ കണ്ടുവരുന്ന ബ്രേക്ക് ഫാസ്റ്റ് കൗണ്ടറുകളുടെ വലുപ്പം കൂട്ടി ലഞ്ചും ഡിന്നറും ഒക്കെ ഒരേയിടത്തു തന്നെയാക്കുന്നതിലൂടെ അടുക്കള ജോലിയിൽനിന്ന് ഒരു മണിക്കൂറെങ്കിലും ലാഭിക്കാവുന്നത് ചെറിയ കാര്യമാണോ?...

സെർവിങ് അഥവാ വിളമ്പുക എന്ന കർമ്മം ആവശ്യമില്ലാതാകും. ഇതേ ഡൈനിങ് ടേബിളുകൾ, റീഡിങ് ടേബിളാക്കാം കമ്പ്യൂട്ടർ ടേബിളാക്കാം. ഇതേ ടേബിൾ തന്നെ പച്ചക്കറി അരിയുന്ന വർക് ഷോപ്പുമാകാം. അതായത് അടുക്കളയിൽ നിന്ന് ഡൈനിങ് റൂമിലേക്കും തിരിച്ചുമുള്ള യാത്രകൾ കുറയ്ക്കാം എന്നത് നിസ്സാര കാര്യമല്ലല്ലോ. 

ഭക്ഷണം കഴിക്കാൻ മാത്രമായി ഉപയോഗിച്ചിരുന്ന ഡൈനിങ് ടേബിളുകൾ മൾട്ടിപർപ്പസ് രീതിയിലേക്ക് മാറുന്നതും വിരുന്നുകാർക്കുപോലും വന്നിരുന്ന് വർത്തമാനം പറയാനാവുന്ന ഇടങ്ങളായി അവ മാറുന്നതും വീടിനകത്തെ അതീവ രസകരവും ഘടനാപരവുമായ മാറ്റങ്ങളാണ്.

ഇത്രയും വായിച്ചാൽ ഇപ്പോൾ വീട് പ്ലാൻ ചെയ്യുന്നവർ ഡൈനിങ് റൂം  വേണ്ടെന്നുവയ്ക്കുമോ?

സാധ്യത കുറവാണ്. കാരണം ഡൈനിങ് റൂം എന്നത് നമ്മുടെ മനസിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ഇടമാണ്. യഥാർഥത്തിൽ നിലവിലെ ഡൈനിങ് റൂമുകൾ നിശ്ശബ്ദവും ഉപയോഗരഹിതവുമാണ്. ഒരു ഗോവണിക്കുവേണ്ടി മാത്രം വലിയ ഒരിടം ഉപയോഗമില്ലാതെ കിടക്കുന്നു. പലരും പല സമയത്ത് ഭക്ഷണം കഴിക്കുന്ന രീതിയാണല്ലോ നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും അഞ്ചോ പത്തോ മിനിറ്റ് ഭക്ഷണം കഴിക്കാൻ മാത്രമായി ഒരു മുറിയെന്തിന് എന്ന ചോദ്യം പ്രസക്തമാണ്.

ക്രമേണ ഡൈനിങ് റൂമുകൾ നമ്മുടെ പുതിയ വീടുകളിൽ നിന്ന് അപ്രത്യക്ഷമാകാം. ഒരു  മേശയ്ക്കും നാലു കസേരകൾക്കും മാത്രമായി നൂറോ ഇരുന്നൂറോ ചതുരശ്ര അടി വിസ്തീർണ്ണത്തിൽ എന്തിനൊരു റൂം എന്ന് ചിന്തിക്കുന്ന ആളുകൾ ഉണ്ടാവും. ഉറപ്പ്.

ഒരേയൊരു ഓപ്പൺ അടുക്കള അതിനോട് ചേർന്ന് ഒരു മേശ, സമീപത്ത് മഴ വീഴുന്ന ചെറിയൊരു നടുമുറ്റം കൂടിയായാൽ ബഹുകേമം. വീടിന്റെ വിസ്തീർണ്ണം കുറക്കാം. പണം ലാഭിക്കാം. വീടിനകത്ത് വലിയൊരു തുറസ്സുണ്ടാക്കാം. ഇതൊക്കെ അത്ര നിസ്സാരമായ കാര്യങ്ങളാണോ? അല്ലേയല്ല.

പാചകം തന്നെ കുറഞ്ഞുവരുന്ന ഇക്കാലത്ത് എന്തിന് അടുക്കളയ്ക്കും അനുബന്ധ റൂമുകൾക്കുമായി ഇത്രയേറെ ഇടവും പണവും ചെലവഴിക്കണം?...

ചെറിയ വീടുകൾക്കകത്ത് ഗുണപരമായ മാറ്റങ്ങൾ അനിവാര്യമായും സംഭവിക്കും. കാരണം നാം നമ്മുടെ വീടുകൾക്കുള്ളിൽ ചെലവഴിക്കുന്ന സമയം കുറഞ്ഞുവരുകതന്നെയാണ്. സ്വാഭാവികമായും നമ്മുടെ മനസിൽ പതിഞ്ഞ പല ഇടങ്ങളും പുതിയ വീടുകളിൽ അപ്രത്യക്ഷമാവുകയും ചെയ്യും. ഡൈനിങ് റൂമില്ലാത്ത പുത്തൻ വീടുകളുടെ കാലമാണിനി കേരളത്തിൽ വരാനിരിക്കുന്നതെന്ന് പറഞ്ഞാൽ അതിൽ വലിയ അതിശയോക്തിയൊന്നുമില്ലെന്ന് സാരം.

English Summary:

Evolution of Kitchen and future of Dining Rooms in Kerala House- Introspection

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com