60 ദിവസത്തിൽ നിന്ന് 30 ദിവസമായി; വീസയില്ലാത്ത യാത്രയ്ക്ക് തായ്ലൻഡിൽ നിയന്ത്രണങ്ങൾ

Mail This Article
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ടവിദേശ രാജ്യങ്ങളിൽ ഒന്നാണ് തായ്ലൻഡ്. അവധിക്കാലം ആഘോഷമാക്കാനും മധുവിധു യാത്രകൾ അടിപൊളിയാക്കാനും മിക്കവരും തായ്ലൻഡ് യാത്രയാണ് തിരഞ്ഞെടുക്കാറുള്ളത്. വിനോദസഞ്ചാരം ആണ് തായ്ലൻഡിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്ന്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീസയില്ലാതെ പ്രവേശനവും പ്രഖ്യാപിച്ചു. കോവിഡ് സൃഷ്ടിച്ച വിനോദസഞ്ചാര മേഖലയിലെ മാന്ദ്യത്തെ മറികടക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അത്.
ഇതിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്ക് 60 ദിവസം വരെ രാജ്യത്ത് വീസ ഇല്ലാതെ തുടരാൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ, 60 ദിവസം എന്നത് 30 ദിവസമായി കുറച്ചിരിക്കുകയാണ് തായ്ലൻഡ്. സഞ്ചാരികൾ 60 ദിവസത്തേക്കുള്ള വീസ - ഫ്രീ താമസം ദുരുപയോഗം ചെയ്യുന്നതായും അനധികൃതമായ വ്യവസായങ്ങളിൽ ഏർപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്.
പ്രാദേശിക ട്രാവൽ ആൻഡ് ഹോട്ടൽ അസോസിയേഷനുകൾ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി. വിദേശികൾ അനധികൃതമായി ജോലി ചെയ്യുകയും പ്രോപ്പർട്ടികൾ നിയമാനുസൃതമല്ലാതെ വാടകയ്ക്കു കൊടുക്കുകയും ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്. ചില സഞ്ചാരികൾ ആവശ്യമായ അനുമതി നേടാതെ അനധികൃതമായി വ്യവസായങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

നേരത്തെ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് അവരുടെ പാസ്പോർട്ട് ഉപയോഗിച്ച് തായ്ലൻഡിലേക്കു വരാമായിരുന്നു. 60 ദിവസം വരെ തായ്ലൻഡിൽ ചെലവഴിക്കാൻ വീസ ആവശ്യമുണ്ടായിരുന്നില്ല. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, 60 ദിവസം എന്നത് 30 ദിവസമായി കുറച്ചത് വിനോദസഞ്ചാര മേഖലയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അതേസമയം, വീസ ഇല്ലാതെ താമസിക്കാനുള്ള കാലാവധി കുറച്ചത് രാജ്യത്തേക്കുള്ള സഞ്ചാരികളുടെ വരവിനെ ബാധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ദീർഘകാലം രാജ്യത്ത് തുടരാൻ ആഗ്രഹിച്ച് യാത്രകൾ ആസൂത്രണം ചെയ്യുന്ന സഞ്ചാരികൾ തായ്ലൻഡിലേക്കുള്ള യാത്ര ഒന്നുകൂടി ആലോചിച്ച് മാത്രമായിരിക്കും തീരുമാനിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും വീസ - ഫ്രീ താമസം ചുരുക്കിയതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് തന്നെ തായ്ലൻഡ് സർക്കാർ ഉത്തരവ് ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.