ഇന്ത്യയിൽ 4 നിറത്തിലുള്ള പാസ്‌പോര്‍ട്ട്, നിങ്ങൾക്കറിയാമോ ഈ രഹസ്യം...

Mail This Article
എല്ലാ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും ഒരു നിറമല്ല. മറിച്ച് വ്യത്യസ്തമായ നാലു നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രികര്‍ക്ക് അനുവദിക്കാറുള്ളത്. സാധാരണ യാത്രികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അടിയന്തര യാത്രികര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ യാത്രികര്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള പാസ്‌പോര്‍ട്ടാണുള്ളത്. നിറങ്ങള്‍ക്കനുസരിച്ചുള്ള പാസ്‌പോര്‍ട്ടിന്റെ വ്യത്യാസത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് യാത്രികര്‍ക്കും ഗുണം ചെയ്യും. സുരക്ഷയും സ്വകാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ അടുത്തിടെ പാസ്‌പോര്‍ട്ട് നിയമങ്ങളിലും അധികൃതര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
∙ സാധാരണ പാസ്‌പോര്‍ട്ട്- നീല
നിങ്ങള്‍ കണ്ടിട്ടുള്ള പാസ്‌പോര്‍ട്ടുകളില്‍ ഭൂരിഭാഗത്തിന്റേയും പുറം ചട്ടക്ക് നീലനിറമാവും. കാരണം ഇന്ത്യയില്‍ അനുവദിക്കുന്ന സാധാരണ പൗരന്മാര്‍ക്കുള്ള പാസ്‌പോര്‍ട്ടിന്റെ നിറമാണ് നീല. ബിസിനസിനോ വിനോദ സഞ്ചാരത്തിനോ വിദ്യാഭ്യാസത്തിനോ ജോലി ആവശ്യങ്ങള്‍ക്കോ വിദേശത്തേക്കു പോവുന്ന സാധാരണ പൗരന്മാര്‍ക്ക് നീല പാസ്‌പോര്‍ട്ടാണ് അനുവദിക്കുന്നത്. സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് വ്യക്തിത്വവും വിലാസവും ജനനതീയതിയും തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. പത്തുവര്‍ഷത്തേക്കാണ് ഈ പാസ്‌പോര്‍ട്ട് അനുവദിക്കുക. പ്രായപൂര്‍ത്തിയായവര്‍ക്കും അഞ്ചു വയസിനു മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും നീല പാസ്‌പോര്‍ട്ട് ലഭിക്കും.
∙ ഔദ്യോഗിക പാസ്‌പോര്‍ട്ട്- വെള്ള
നയതന്ത്ര ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഒഫീഷ്യലുകള്‍ക്ക് വെള്ള നിറത്തിലുള്ള പാസ്‌പോര്‍ട്ടാണ് അനുവദിക്കുക. ഇത്തരം പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് അതാത് സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഔദ്യോഗിക ചുമതലയുടെ കാലാവധി വരെ മാത്രമേ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ക്ക് നിയമസാധുതയുണ്ടാവൂ.
∙ നയതന്ത്ര പാസ്‌പോര്‍ട്ട്- മെറൂണ്‍
ഉയര്‍ന്ന പദവിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ നയതന്ത്രജ്ഞര്‍ക്കും ഐഎഫ്എസ് അംഗങ്ങള്‍ക്കും രാജ്യത്തിന്റെ പ്രതിനിധികളായി അയക്കുന്നവര്‍ക്കുമെല്ലാമാണ് ഈ മെറൂണ്‍ പാസ്‌പോര്‍ട്ട് അനുവദിക്കുക. നയതന്ത്രപരമായ സവിശേഷ അധികാരങ്ങളും ആനുകൂല്യങ്ങളും ഈ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ലഭിക്കും. രാജ്യാന്തര തലത്തിലുള്ള നയതന്ത്രങ്ങള്‍ ഫലപ്രദമായും വേഗത്തിലും നടപ്പിലാക്കാന്‍ വേണ്ടിയാണിത്. വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും പ്രത്യേകം കത്തുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കൂ. നയതന്ത്ര ചുമതലയുടെ കാലാവധി തന്നെയാണ് ഇത്തരം പാസ്‌പോര്‍ട്ടുകളുടേയും കാലാവധി.

∙ അടിയന്തര സര്‍ട്ടിഫിക്കറ്റ് - ചാരം
എന്തെങ്കിലും കാരണവശാല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള താല്‍ക്കാലിക യാത്രാ രേഖയാണ് ചാര നിറത്തിലുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്. ഇത് ലഭ്യമാക്കുന്നതിന് വ്യക്തികള്‍ വ്യക്തിത്വം തെളിയിക്കുന്ന രേഖകളും പാസ്‌പോര്‍ട്ട് നഷ്ടമായെന്നോ മോഷ്ടിക്കപ്പെട്ടെന്നോ പറയുന്ന പൊലീസ് റിപ്പോര്‍ട്ടും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യയിലേക്ക് അടിയന്തര സാഹചര്യത്തില്‍ തിരിച്ചുവരാന്‍ മാത്രമാണ് ഈ രേഖ ഉപയോഗിക്കാനാവുക.

∙ പാസ്‌പോര്‍ട്ട് നിയമത്തിൽ മാറ്റങ്ങള്‍ വരുമോ?
സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി നിരവധി മാറ്റങ്ങളാണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ അടുത്തിടെ വരുത്തിയിരിക്കുന്നത്. 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ ജന്മദിനരേഖയായി പരിഗണിക്കുകയുള്ളൂ. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ താമസസ്ഥലത്തിന്റെ വിലാസം ഇനി മുതല്‍ അച്ചടിക്കില്ല. ഈ വിവരം ഇനി മുതല്‍ ബാര്‍ക്കോഡ് രൂപത്തിലാണ് പാസ്‌പോര്‍ട്ടില്‍ നല്‍കുക. ഇത് സുരക്ഷ വര്‍ധിപ്പിക്കും. പാസ്‌പോര്‍ട്ടില്‍ ഇനി മുതല്‍ രക്ഷിതാക്കളുടെ പേര് നല്‍കുന്നത് നിര്‍ബന്ധമായിരിക്കില്ല. ഈ മാറ്റങ്ങള്‍ക്കൊപ്പം രാജ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം 442ല്‍ നിന്നും 660ലേക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്താനും തീരുമാനമായിട്ടുണ്ടെന്നും വാർത്തകൾ ആളുകൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകളൊന്നു വന്നിട്ടില്ലെന്നാണ് പാസ്പോർട്ട് ഓഫിസുകളുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്.