ദിസ് ടൈം ഫോർ ക്യാപിറ്റൽസ്: ഐപിഎൽ ഇഷ്ടങ്ങളെക്കുറിച്ച് ഡൽഹി ക്യാപിറ്റൽസ് താരം മിന്നു മണി

Mail This Article
എം.എസ്.ധോണിയുടെ കടുത്ത ആരാധിക ആയതിനാൽ ഐപിഎലിൽ ഏറെക്കാലം എന്റെ ഇഷ്ട ടീം ചെന്നൈ സൂപ്പർ കിങ്സായിരുന്നു. ചെന്നൈ ടീമിന്റെ ഐപിഎൽ മത്സരം നേരിൽ കാണണമെന്ന് മുൻപ് പലവട്ടം ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല. എന്നാൽ 2023ൽ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലൂടെ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായതോടെ എന്റെ ഐപിഎൽ ഇഷ്ടവും മാറിമറിഞ്ഞു.
ഡബ്ല്യുപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ കിരീടനേട്ടം പോലെ ഐപിഎലിൽ ഞങ്ങളുടെ സഹോദര ടീമിന്റെ വിജയവും എനിക്കു പ്രിയപ്പെട്ടതായി. ഒരേ ജഴ്സിയിലാണ് ഡൽഹിയുടെ പുരുഷ, വനിതാ ടീമുകൾ ഫ്രാഞ്ചൈസി ലീഗിൽ മത്സരിക്കുന്നത്. അതിൽ ഏതു ടീം വിജയിച്ചാലും അത് ഡൽഹി ക്യാപിറ്റൽസ് കുടുംബത്തിന്റെ നേട്ടമാണ്. ഡബ്ല്യുപിഎലിൽ തുടർച്ചയായ മൂന്നാം സീസണിലും ഞങ്ങൾ ഫൈനലിൽ പൊരുതി വീണു. അതിന്റെ നിരാശ മറക്കാൻ പുരുഷ ടീമിലൂടെ ഞങ്ങൾ ഇത്തവണ ഒരു കിരീടം പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ ക്യാപ്റ്റനും പുതുമുഖ താരങ്ങളുമൊക്കെയായി മികവുയർത്തിയാണ് ഡൽഹി ക്യാപിറ്റൽസ് ടീം ഐപിഎലിനെത്തുന്നത്. കെ.എൽ.രാഹുലിന്റെ വരവ് ബാറ്റിങ് നിരയുടെ കരുത്തുകൂട്ടുമ്പോൾ ബോളിങ് സംഘത്തിലേക്ക് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കുമെത്തി. ടീമിനായി സർവം മറന്നു പോരാടാൻ കളിക്കാരെ പ്രചോദിപ്പിക്കുന്ന ഡൽഹി ടീം ക്യാംപിലെ സൗഹൃദ അന്തരീക്ഷവും ഈ സീസൺ ഐപിഎലിൽ ക്യാപിറ്റൽസ് ടീമിന്റെ കുതിപ്പിന് ഇന്ധനമാകും.