‘ലേലത്തിൽ കുറഞ്ഞ വിലയാണ് കിട്ടിയത്, പക്ഷേ ഐപിഎല്ലിൽനിന്ന് വെറുതെ ഇറങ്ങിപ്പോകാൻ സാധിക്കില്ല’; ഹാരി ബ്രൂക്കിന് രൂക്ഷവിമർശനം

Mail This Article
മുംബൈ∙ കൃത്യമായ കാരണങ്ങളില്ലാതെ ഐപിഎല്ലിൽനിന്നു പിൻമാറിയ ഹാരി ബ്രൂക്കിന് രണ്ടു വർഷം വിലക്കേർപ്പെടുത്തിയ ബിസിസിഐ നടപടിയെ പിന്തുണച്ച് ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാര്‍ക്ക്. ഡല്‍ഹി ക്യാപിറ്റൽസ് 6.25 കോടി രൂപയ്ക്കാണ് ഇംഗ്ലിഷ് താരത്തെ ലേലത്തിൽ വാങ്ങിയത്. എന്നാൽ പരിശീലന ക്യാംപ് തുടങ്ങുന്നതിനു തൊട്ടുമുൻപ് ഡൽഹിയിൽ കളിക്കില്ലെന്ന് ബ്രൂക്ക് അറിയിച്ചു. ഇംഗ്ലണ്ടിനായി രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടതിനാൽ, പരിശീലനത്തിന് ആവശ്യത്തിനു സമയം വേണമെന്നായിരുന്നു ബ്രൂക്കിന്റെ ന്യായീകരണം.
ഐപിഎല്ലിൽനിന്നു പിൻമാറിയതിനു പിന്നാലെ താരത്തിനെതിരെ രണ്ടു വർഷത്തെ വിലക്കു നിലവില്‍ വന്നു. ബിസിസിഐ നിലപാടു മനസ്സിലാകുമെന്നും ഇതേ രീതി ഇനിയും തുടരണമെന്നും ക്ലാർക്ക് വ്യക്തമാക്കി. ‘‘ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡുമായി കരാറുള്ള താരത്തെ ഇസിബി വിലക്കിയാൽ എന്തു സംഭവിക്കുമെന്ന് ഓർക്കുക. ഒരുപാട് താരങ്ങൾ ഐപിഎല്‍ ലേലത്തിന്റെ ഭാഗമാകുന്നുണ്ട്. അവരില്‍ പലരെയും താരങ്ങൾ ആഗ്രഹിച്ച വിലയ്ക്കല്ല ടീമുകൾ സ്വന്തമാക്കിയത്. ഇഷ്ടമുള്ള തുക കിട്ടിയില്ലെങ്കിൽ എല്ലാവരും ഇട്ടിട്ടു പോകുന്നു. പുറത്തുപോയാൽ രണ്ടു വർഷത്തെ വിലക്കാണ് ഐപിഎല്‍ ചുമത്തുന്നത്.’’
‘‘ഹാരി ബ്രൂക്കാണ് ഐപിഎല്ലിൽ ഇങ്ങനെ ശിക്ഷിക്കപ്പെട്ട ആദ്യത്തെ താരം. ഐപിഎല്ലിന്റെ ശിക്ഷാനടപടിയെക്കുറിച്ച് എനിക്കു മനസ്സിലാകും. ലേലത്തിൽ കുറഞ്ഞ തുക ലഭിച്ചാൽ ആ തീരുമാനത്തെ ബഹുമാനിക്കണം. വെറുതെ ഇറങ്ങിപ്പോകാൻ പറ്റില്ലെന്നു താരങ്ങൾ മനസ്സിലാക്കണം. ഹാരി ബ്രൂക്ക് മികച്ച താരമാണ്, പക്ഷേ ശിക്ഷയിൽ ഇളവു നൽകരുത്.’’– ക്ലാർക്ക് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. കുടുംബത്തിൽ ഒരു മരണം സംഭവിച്ചപ്പോൾ ഐപിഎല്ലിൽനിന്നു പിൻവാങ്ങാൻ തനിക്ക് അനുവാദം ലഭിച്ചിരുന്നതായും ക്ലാർക്ക് വെളിപ്പെടുത്തി.
ഐപിഎൽ ടീമുകളുടെ ആവശ്യപ്രകാരമാണ് ലേലത്തിൽ വിറ്റുപോയ ശേഷം കളിക്കാൻ വരാതിരിക്കുന്ന വിദേശ താരങ്ങളെ വിലക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമയായ കാവ്യ മാരനാണ് ഈ നിയമം നടപ്പാക്കാൻ ഐപിഎൽ ടീമുടമകളുടെ യോഗത്തില്‍ കൂടുതല്‍ വാദിച്ചത്. ഹാരി ബ്രൂക്ക് പോയെങ്കിലും പകരക്കാരനെ ഡൽഹി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.