‘ഞാന്‍ എന്താ പറയുക നിങ്ങളോട്’; പിണക്കം മറന്ന് കെട്ടിപ്പിടിച്ച് ആസിഫ് അലിയും രമേശ് നാരായണനും, വിവാദങ്ങൾക്ക് വിരാമം

Mail This Article
പുരസ്കാര വേദിയിലെ വിവാദം നടന്ന് ഒരു വർഷത്തോടടുക്കുമ്പോൾ പരസ്പരം ആശ്ലേഷിച്ച് സ്നേഹം പങ്കിട്ട് സംഗീതസംവിധായകൻ രമേശ് നാരായണനും നടൻ ആസിഫ് അലിയും. നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ഇരുവരും പഴയ പരിഭവം മറന്ന് ആലിംഗനം ചെയ്തത്. വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത്. ‘ഞാന്‍ എന്താ പറയുക നിങ്ങളോട്’ എന്ന് രമേശ് നാരായണനോട് ആസിഫ് ചോദിക്കുന്നതായി വിഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് ഇരുവരും ഗാഢമായി ആലിംഗനം ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈയിൽ, എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു വിവാദത്തിനാസ്പദമായ സംഭവം. രമേശ് നാരായണന് ഉപഹാരം നൽകാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫിൽ നിന്ന് ഉപഹാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് സ്വീകരിക്കുകയുമായിരുന്നു. ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. ആസിഫ് ഉപഹാരം നൽകാൻ എത്തിയപ്പോൾ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണൻ താരത്തെ അപമാനിക്കും വിധം പെരുമാറി.
സംഭവം വിവാദമായതോടെ രമേശ് നാരായണനെതിരെ സിനിമാ–സംഗീതരംഗത്തെ പ്രമുഖരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. ചർച്ചകൾ മറ്റുതലങ്ങളിലേക്കും വ്യാപിച്ചതോടെ ആസിഫും രമേശും പരസ്പര ബഹുമാനത്തോടെ പ്രതികരിച്ച് വിഷയം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് ഇപ്പോഴാണ് ഇരുവരും പൊതുവേദിയിൽ ഒരുമിച്ചെത്തുന്നത്. ആസിഫ് അലിയുടെയും രമേശ് നാരായണിന്റെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്.