‘ഉമ്മാ പോകല്ലേ’: നാടിന്റെ നൊമ്പരമായി കുഞ്ഞു ഹൃദയം; ഉള്ളു പിളർത്തി അവസാനയാത്ര, എത്ര ഭയാനകം, ആ രാത്രി!

Mail This Article
കോഴിക്കോട്∙ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാട് ഷിബിലയുടെ (23) ശരീരത്തിലുണ്ടായിരുന്നത് 11 മുറിവുകൾ. കഴുത്തിന്റെ വലതു ഭാഗത്തായി ഏറ്റ കുത്താണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഷിബില തനിക്കൊപ്പം വീട്ടിലേക്കു തിരിച്ചു വരാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണു കൊലപാതകം നടത്തിയതെന്നാണു ഭർത്താവ് യാസിർ പൊലീസിനു നൽകിയ മൊഴി.

തടയാൻ ശ്രമിച്ചതു കൊണ്ടാണ് മാതാപിതാക്കളെ ആക്രമിക്കേണ്ടി വന്നതെന്നും മൊഴി നൽകി. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. ഷിബിലയുടെ വീട്ടിൽ ഇന്നലെ ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് 1.45ന് ബന്ധുക്കൾക്ക് കൈമാറി. ഇർഷാദു സിബിയാൻ സെക്കൻഡറി മദ്രസയിൽ പൊതുദർശനത്തിനു വച്ച മൃതദേഹം കക്കാട് പള്ളിയിൽ കബറടക്കം നടത്തി.
പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവ് കാക്കവയൽ മണ്ഡലമുക്ക് യാസിറിനെ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ചു തെളിവെടുത്തു. കൊലപാതകത്തിനു ശേഷം അവിടെ നിന്നു കാറിൽ കടന്ന യാസിറിനെ, കാർ സഹിതം മെഡിക്കൽ കോളജ് പരിസരത്തു നിന്നായിരുന്നു ചൊവ്വാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൽ നിന്ന് കത്തി, ബാഗ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. യാസിറിനെ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിലെത്തിച്ചു പരിശോധന നടത്തി.
സഹിച്ചു സഹിച്ചു മടുത്തു
താമരശ്ശേരി∙ ‘‘ സഹിക്കാവുന്നതിന്റെ പരമാവധി അവൾ സഹിച്ചിട്ടുണ്ട്. വീട്ടുകാരുടെ ഇഷ്ടമില്ലാതെ അവന്റെ കൂടെ പോയി എന്നുള്ളതു കൊണ്ട് ആരെയും ഒന്നും അറിയിക്കാതെ നാലഞ്ചു വർഷം തള്ളി നീക്കിയത്. തീരെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു മാസം മുൻപു സ്വന്തം വീട്ടിലേക്കു മടങ്ങിയത്.’’– ഷിബിലയെക്കുറിച്ചു ബന്ധുക്കൾ പറയുന്നു. മുൻപ് ഒരിക്കൽ ഇതു പോലെ പിണങ്ങി വരികയും യാസിർ വന്നു തിരിച്ചുകൊണ്ടുപോവുകയും ചെയ്തതാണ്.
എന്നാൽ അന്നു പോയ ശേഷം അവളെ മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിക്കുകയായിരുന്നു. യാസിർ ഷിബിലയുടെ പേരിൽ വായ്പകൾ എടുത്തിട്ടുണ്ട്. ഇതെല്ലാം അടയ്ക്കേണ്ട ബാധ്യതയും അവൾക്കു വന്നു ചേർന്നു. യാസിറിനൊപ്പം ഇനി തുടരാനാവില്ലെന്നും പുതിയൊരു ജീവിതം ആരംഭിക്കാമെന്നും അവൾ ആഗ്രഹിച്ചിരുന്നു. അതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നും ബന്ധുക്കൾ പറഞ്ഞു.
നാടിന്റെ നൊമ്പരമായി കുഞ്ഞു ഹൃദയം
താമരശ്ശേരി∙ ഇർഷാദു സിബിയാൻ സെക്കൻഡറി മദ്രസയുടെ പടിയിറങ്ങി ഷിബില വിട പറഞ്ഞു. കരഞ്ഞു തളർന്ന കുഞ്ഞ് ഇഷ്‌വയുടെ ശബ്ദം മദ്രസ മുറ്റത്ത് ബാക്കിയായി ‘‘ഉമ്മാ പോകല്ലേ’’. കുഞ്ഞിക്കൈ കൊണ്ട് കണ്ണീരു തുടച്ച് ഉമ്മയെ നോക്കി വിതുമ്പിക്കൊണ്ടിരുന്ന ഇഷ്‌വ കണ്ടുനിന്നവരുടെ എല്ലാം നെഞ്ചിൽ വിങ്ങലായി മാറി.
ഉപ്പയുടെ കുത്തേറ്റ് ഉമ്മ പിടഞ്ഞു മരിക്കുന്നതു കണ്ടു എന്നു മാത്രമല്ല, ഉപ്പാപ്പയും ഉമ്മാമ്മയും െമഡിക്കൽ കോളജിൽ ചികിത്സയിലുമാണ്. രാത്രി മുഴുവൻ പേടിച്ചും വിറച്ചും ഒറ്റപ്പെട്ടും കഴിഞ്ഞ ഇഷ്‌വയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഷിബിലയുടെ സഹോദരി സനയും തളർന്നിരുന്നു. യാസിർ ഷിബിലയെ ആക്രമിച്ചത് മകൾ മൂന്നുവയസ്സുകാരി ഇഷ്‌വയുടെ മുന്നിലിട്ടാണ്. ചോരയും ബഹളവും കണ്ട് ഭയന്നു വിറച്ച കുഞ്ഞ് അപ്പോൾ മുതൽ നിർത്താതെ കരയുകയായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാകുകയും ചെയ്തു. ഉമ്മയുടെ മാതാപിതാക്കൾ ആശുപത്രി വിട്ടിട്ടുമില്ല. 3 വയസ്സുകാരി കുഞ്ഞിനെയും സനെയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നെഞ്ച് വിങ്ങിക്കൊണ്ടാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ മടങ്ങിയത്.
എത്ര ഭയാനകം, ആ രാത്രി!
താമരശ്ശേരി∙‘‘ വൈകിട്ട് 7.15നും 7.30നും ഇടയിലെ 15 മിനിറ്റ്. അതിനുള്ളിൽ എല്ലാം കഴിഞ്ഞു’’– കൊല്ലപ്പെട്ട ഷിബിലയുടെ അയൽവാസി തണ്ടിയേക്കൽ നാസറിന്റെ ഞെട്ടലും അമ്പരപ്പും ഇപ്പോഴും മാറിയിട്ടില്ല. ‘‘വൈകിട്ട് നോമ്പു തുറക്കുന്ന സമയത്ത് ശബ്ദവും ബഹളവും കേട്ടാണ് ഓടിച്ചെന്നത്. നോക്കുമ്പോൾ ചോരയിൽ കുളിച്ച് ഷിബില മുറ്റത്ത് വീണു കിടക്കുന്നു. കഴുത്ത് ആഴത്തിൽ മുറിഞ്ഞിരുന്നു.
തടയാൻ ശ്രമിക്കുന്നതിനിടയിലാകണം ഒരു കയ്യിലും കുത്തേറ്റിട്ടുണ്ട്. ഷിബിലയുടെ ഉപ്പയ്ക്ക് തലയ്ക്കു വെട്ടേറ്റിട്ടുണ്ട്. ഉമ്മയും ചോരയിൽ മുങ്ങി നിൽക്കുന്നു. ഓടിച്ചെന്ന എന്റെ നേരെ യാസിർ കത്തിവീശി. ശരിയാക്കും എന്ന് ആക്രോശിച്ചു. പെട്ടെന്ന് അവിടെയിരുന്ന സൈക്കിൾ എടുത്ത് അവന്റെ നേരെ വീശി. അതോടെ അവൻ കാറിൽ കയറി. ഒരിക്കൽ കൂടി സൈക്കിൾ വീശിയപ്പോൾ കാറിന്റെ ചില്ല് പൊട്ടി.
ചില്ല് പൊട്ടിയ കാറു മായാണ് അവൻ രക്ഷപ്പെട്ടത്.’’– നാസർ പറയുന്നു. നാസറിന്റെ നേതൃത്വത്തിലാണ് പിന്നീട് 3 പേരെയും വാഹനത്തിൽ കയറ്റി ഈങ്ങാപ്പുഴയിലെ ആശുപത്രിയിലെത്തിച്ചത്. വീട്ടിൽ നിന്ന് എടുക്കുമ്പോഴേ ഷിബിലയുടെ ജീവൻ നഷ്ടമായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് യാസിർ വീട്ടിലെത്തിയത്. ഈ സമയത്ത് ഷിബില വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ ഷിബിലയെ കാണാൻ വൈകിട്ട് എത്താമെന്നും നല്ല രീതിയിൽ സംസാരിച്ചു പിരിയാം എന്നും പറഞ്ഞാണ് യാസിർ മടങ്ങിയത്. എന്നാൽ, രാത്രി എത്തിയ യാസിർ ഷിബിലയോട് കൂടെ ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതു ഷിബിലയും പിതാവും നിരസിച്ചു. തുടർന്നു ഷിബിലയുടെ കൈപിടിച്ചു വലിച്ചു പുറത്തേക്കിട്ട യാസിർ ദേഹത്തു കയറി ഇരുന്ന് കുത്തുകയായിരുന്നു. ഇതു തടയുന്നതിനിടെയാണ് മാതാപിതാക്കൾക്കു പരുക്കേറ്റത്. ’’– നാസർ പറഞ്ഞു.
ഉള്ളു പിളർത്തി അവസാനയാത്ര
ഷിബിലയെ പിതാവ് അബ്ദുറഹിമാനും മാതാവ് ഹസീനയും നിറകണ്ണുകളോടെയാണ് മെഡിക്കൽ കോളജ് കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡ് പരിസരത്തു നിന്ന് അവസാനമായി ഒരു നോക്കു കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് ഇരുവരെയും കാണിച്ചത്. യാസിറിന്റെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അബ്ദുറഹിമാനെ സ്ട്രച്ചറിലും ഹസീനയെ ചക്രക്കസേരയിലും ഇരുത്തിയാണ് പേ വാർഡിനു സമീപത്തേക്ക് കൊണ്ടുവന്നത്. ഉമ്മ ആംബുലൻസിൽ കയറിയും പിതാവ് ആംബുലൻസിനു പുറത്തുനിന്നും അവസാനമായി കണ്ടു. അബ്ദുറഹിമാന് ഇടതു ചെവിക്കു മുകളിലായാണ് കുത്തേറ്റത്. ഹസീസയ്ക്കു വലതു ഭാഗത്ത് വാരിയെല്ലിനു മുകളിലുമാണ് പരുക്ക്.